തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് പാർട്ടിയിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് അധ്യക്ഷന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.
തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “താൻ നൂറ് ശതമാനം മത്സരിക്കും, വേണമെങ്കിൽ മണ്ഡലം ഏതാണെന്ന് പറയാം” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തുടർന്ന്, മത്സരിക്കുന്ന മണ്ഡലം നേമം ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സാധാരണയായി, ബിജെപിയിൽ പാർട്ടി യോഗങ്ങൾ ചേർന്ന ശേഷമാണ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്താറുള്ളത്. എന്നാൽ, ഈ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പാർട്ടി അധ്യക്ഷൻ തന്നെ മണ്ഡലം പ്രഖ്യാപിച്ചിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.





