ക്വാലാലമ്പൂർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ വിജയ കുതിപ്പ് തുടർന്ന് ഇന്ത്യ. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനൽ ഉറപ്പാക്കി. ബോളർമാരുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലദേശ് വനിതകളെ തകർത്തത്.
ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 77 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഒരിക്കൽക്കൂടി തകർത്തടിച്ച് 40 റൺസെടുത്ത ഓപ്പണർ ഗംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. തൃഷ 31 പന്തിൽ എട്ടു ഫോറുകൾ സഹിതം 40 റൺസെടുത്തു.
Also Read: മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലർ സ്വന്തമാക്കിയത് ചരിത്രനേട്ടം
അഞ്ച് പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത സനിക ചാൽകെയും രണ്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ നികി പ്രസാദും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്നു വിക്കറ്റുമായി തിളങ്ങിയ വൈഷ്ണവി ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലദേശിനെ ദുർബലമായ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ 15 റൺസ് വഴങ്ങിയാണ് വൈഷ്ണവി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മലയാളി താരം ജോഷിത മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.