ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ ഭാവി നിർണ്ണയിക്കുന്നതിനായി ബി.സി.സി.ഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റിയും അടുത്ത ദിവസങ്ങളിൽ നിർണ്ണായക ചർച്ച നടത്തും. രോഹിത് ശർമ്മയുടെ ഏകദിന ടീമിലെ സ്ഥാനത്തെച്ചൊല്ലി ബി.സി.സി.ഐ നേതൃത്വവും സെലക്ടർമാരും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണം. രോഹിതിന് പകരം യശസ്വീ ജയ്സ്വാളിനെ കളിപ്പിക്കണമെന്ന് അഗാർക്കർ നിലപാടെടുത്തപ്പോൾ, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ രോഹിതിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
അഗാർക്കറിന്റെ കരാർ കാലാവധി ഒക്ടോബർ 4-ന് അവസാനിക്കാനിരിക്കെ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന യോഗം അദ്ദേഹത്തിന്റെ അവസാന ദൗത്യമായേക്കും. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറിന്റെ കീഴിലാണ് ഇന്ത്യ 2024, 2026 ട്വന്റി20 ലോകകപ്പുകളും, ഏഷ്യാകപ്പും, 2025 ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയത്.
Also Read: വരുൺ ചക്രവർത്തി ഏഷ്യൻ ഗെയിംസിനുമില്ല? പകരക്കാരനാവാൻ കുൽദീപും ക്രുനാലും യഷ് രാജും
2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഓരോ പരമ്പരയിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രോഹിതിന്റെ ഭാവി വിലയിരുത്താനാണ് ബി.സി.സി.ഐ ആഗ്രഹിക്കുന്നത്. എന്നാൽ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം തന്നെ രോഹിതിനെ ഒഴിവാക്കാൻ സെലക്ടർമാർ ആലോചിച്ചിരുന്നു. ഈ വിഷയത്തിലുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് അഗാർക്കറുടെ കരാർ നീട്ടി നൽകുന്നതിൽ ബി.സി.സി.ഐ അന്തിമ തീരുമാനമെടുക്കുന്നത്.






