ആഗോള വിപണികളിലെ സമ്മിശ്ര സൂചനകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. സെൻസെക്സ് തുടക്കത്തിൽ തന്നെ 400 പോയിന്റോളം താഴ്ന്നപ്പോൾ നിഫ്റ്റി 24,000 നിലവാരത്തിലേക്ക് എത്തി. നിലവിൽ സെൻസെക്സ് 152 പോയിന്റ് ഇടിഞ്ഞ് 77,117 ലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തിൽ 24,067 ലുമാണ് വ്യാപാരം തുടരുന്നത്. മേഖല തിരിച്ചുള്ള പരിശോധനയിൽ ബാങ്കിങ്, ഓട്ടോ, മെറ്റൽ, ഫാർമ സൂചികകൾ നഷ്ടത്തിലാണ്. എന്നാൽ ഐടി, എഫ്എംസിജി, മീഡിയ ഓഹരികൾ നേരിയ നേട്ടമുണ്ടാക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള അമേരിക്ക-ഇറാൻ സംഘർഷങ്ങളാണ് വിപണിയിലെ നിലവിലെ തകർച്ചയ്ക്ക് പ്രധാന കാരണം. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയതും ദക്ഷിണ കൊറിയൻ ചരക്ക് കപ്പലിന് നേരെയുണ്ടായ ഭീഷണിയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത് ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വർദ്ധിപ്പിച്ചു.
അമേരിക്കൻ വിപണികളിലുണ്ടായ ഇടിവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും വിപണിയെ പ്രതികൂലമായി ബാധിച്ചു. ബ്രെന്റ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. അതേസമയം, വിപണിയിലെ അനിശ്ചിതത്വത്തെത്തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിക്കുകയും വിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞതും ഇന്ത്യൻ വിപണിയിലെ തളർച്ചയ്ക്ക് കാരണമായി.






