ഉമര്‍ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയില്‍ മുസ്ലിംലീഗിനുള്ളില്‍ അമര്‍ഷം പുകയുന്നു

ഉമര്‍ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയില്‍ മുസ്ലിംലീഗിനുള്ളില്‍ അമര്‍ഷം പുകയുന്നു

മലപ്പുറം: ഉമര്‍ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയില്‍ മുസ്ലിംലീഗിനുള്ളില്‍ അമര്‍ഷം പുകയുന്നു. ഉമര്‍ഫൈസിയുടെ പ്രസ്താവനകളില്‍ സമസ്ത നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലത്തിലാണ് ലീഗ്-സമസ്ത തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത നേതൃത്വത്തില്‍ നിന്നും ഉമര്‍ ഫൈസിയെ നീക്കാനുള്ള ശ്രമങ്ങളും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.

തിരഞ്ഞെടുപ്പിന്റെ നിര്‍ണായക സമയത്ത് പ്രതിസന്ധിയിലാക്കിയ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന് തിരിച്ചടി നല്‍കണമെന്നാണ നിലപാടിലാണ് ലീഗിലെ ഒരുവിഭാഗം. പിഎംഎ സലാമിനെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഉമര്‍ ഫൈസിയുടെ നിലപാടിനെതിരെയാണ് ലീഗില്‍ ഒരുവിഭാഗത്തിന് പ്രതിഷേധമുള്ളത്. സലാമിനെ മാറ്റണമെന്ന് നിര്‍ദ്ദേശിക്കുന്ന ഉമര്‍ ഫൈസി മുക്കത്തെ സമസ്ത സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് വരെ സംയമനം പാലിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിലെ ധാരണ.

സിഐസിയില്‍ തുടങ്ങിയ സമീപകാല സമസ്ത-ലീഗ് തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സമസ്തയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സിഐസി പ്രവര്‍ത്തിക്കുന്നതെന്ന സമസ്ത നേതാക്കളുടെ നിലപാടായിരുന്നു അന്നത്തെ തര്‍ക്കത്തിന്റെ പ്രധാനകാരണം. സിഐസിയുടെ വിവിധ സമിതികളില്‍ നിന്ന് സമസ്തയുടെ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചത് തര്‍ക്കം പൊട്ടിത്തെറിയിലേയ്ക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഉമര്‍ ഫൈസി മുക്കം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Top