റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനം? നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ട്രംപ്

ശനിയാഴ്ച പാരീസില്‍, സെലന്‍സ്‌കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് പ്രസ്താവന നടത്തിയിരിക്കുന്നത്

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനം? നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ട്രംപ്
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനം? നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ട്രംപ്

പാരീസില്‍ വ്ലാഡിമിർ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റഷ്യയുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ യുക്രെയ്ന്‍ ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റഷ്യയും യുക്രെയ്‌നും തമ്മില്‍ ഉടന്‍ വെടിനിര്‍ത്തലിനും, ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യയിലെ റഷ്യയുടെ സഖ്യകക്ഷിയായ സിറിയയിലെ, ഭരണമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് ജിഹാദികള്‍ കൈയടക്കി പ്രസിഡന്റ് ബഷാര്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണം അട്ടിമറിച്ചതിന് പിന്നില്‍ അസദിന്റെ ‘സംരക്ഷകനായ’ റഷ്യയ്ക്ക് ‘അദ്ദേഹത്തെ ഇനി സംരക്ഷിക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് കാരണമെന്നാണ് ട്രംപ് പറയുന്നത്.

2022ല്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ, യുക്രെയ്‌നിലെ റഷ്യയുടെ ശ്രദ്ധ സിറിയയോടുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കിയെന്നാണ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഏകദേശം 600,000 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തതായി കണക്കാക്കപ്പെടുന്ന റഷ്യയിലെ ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായ, അന്തമായി നീളുന്ന സംഘർഷം റഷ്യയുടെ സാമ്പത്തിക നിലയെ തന്നെ ദുര്‍ബലപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Also Read: ചൈനയുടെ പടയൊരുക്കം, തായ്‌വാനിൽ യുദ്ധഭീതി

‘അതുപോലെ, സെലന്‍സ്‌കിയും യുക്രെയ്‌നും ഒരു കരാര്‍ ഉണ്ടാക്കാനും ‘യുദ്ധ ഭ്രാന്ത്’ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് പോസ്റ്റില്‍ പറയുന്നു. 600,000 സൈനികരെയും അതിലേറെ സാധാരണക്കാരെയും ഇരുരാജ്യങ്ങള്‍ക്കും നഷ്ടപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടാക്കാനും അതിനുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും, സംഘര്‍ഷം പരിഹരിച്ചില്ലെങ്കില്‍ ഏറെ ഗുരുതരമായ സ്ഥിതി വിശേഷമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശനിയാഴ്ച പാരീസില്‍, സെലന്‍സ്‌കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് പ്രസ്താവന നടത്തിയിരിക്കുന്നത്. ‘സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പൊതുവായ പ്രവര്‍ത്തന’ത്തിലാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് എക്സിലെ ഒരു പോസ്റ്റില്‍ മാക്രോണ്‍ പറഞ്ഞിരുന്നു. എക്സില്‍ സെലന്‍സ്‌കി പങ്കുവെച്ച പോസ്റ്റില്‍ ചര്‍ച്ചകളെ ‘നല്ലതും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും’ വിശേഷിപ്പിക്കുകയും യുദ്ധം വേഗം അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തിരുന്നു.

മുന്‍ യുക്രേനിയന്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സേനയെ ‘പൂര്‍ണ്ണമായി പിന്‍വലിക്കല്‍’, 1991 ലെ രാജ്യത്തിന്റെ പുനഃസ്ഥാപനം എന്നിവ ഉള്‍പ്പെടുന്ന പത്ത് പോയിന്റുകളുള്ള ഒരു ‘സമാധാന നയം’ ആണ് റഷ്യയുമായുള്ള സമാധാനത്തിനുള്ള ഏകവഴിയെന്ന് സെലന്‍സ്‌കി മുമ്പ് തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാല്‍ യുക്രെയ്ന്‍ നാറ്റോ അംഗമായാല്‍ വെടിനിര്‍ത്തലിന് സമ്മതിക്കാമെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

എന്നാൽ റഷ്യന്‍ പ്രദേശത്ത് നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കുകയും, റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് റഷ്യയുടെ ആവശ്യം. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും അതെങ്ങനെയെന്ന് ഇതുവരെ ഒരിക്കലും വിശദീകരിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്‌ന് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം പിൻവലിക്കുമെന്ന് കാണിച്ച് ഒരു സമാധാന ചര്‍ച്ചക്ക് ഇരിക്കാന്‍ ഇരുപക്ഷത്തെയും പ്രേരിപ്പിക്കാനാണ് സാധ്യതയെന്നാണ് സമീപകാല മാധ്യമ റിപ്പോര്‍ട്ടുകളിൽ നിന്നും നിലവിൽ വ്യക്തമാകുന്നത്.

Share Email
Top