ക്രിമിയന്‍, പെനിന്‍സുല ഉള്‍പ്പെടെ യുക്രെയ്ന്‍ അവകാശപ്പെടുന്ന ‘ഓരോ ഇഞ്ച് ഭൂമിയില്‍ നിന്നും റഷ്യക്കാരെ പുറത്താക്കാന്‍’ സാധ്യമല്ലെന്ന് വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ്. ‘ആ യാഥാര്‍ത്ഥ്യം’ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആശയം ഇപ്പോള്‍ യുക്രെയ്ന്‍ അംഗീകരിക്കുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും വാള്‍ട്ട്‌സ് ചൂണ്ടിക്കാണിക്കുന്നു.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എങ്ങനെയെങ്കിലും നയതന്ത്രപരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ യുക്രേനിയന്‍ മണ്ണിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഓരോ റഷ്യക്കാരനെയും ഞങ്ങള്‍ പുറത്താക്കാന്‍ പോകുന്നുവെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് അദ്ദേഹം പറയുന്നു. ലോകം മുഴുവന്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നത് ഒരു വലിയ മുന്നേറ്റമായാണ് കരുതുന്നതെന്ന് വാള്‍ട്ട്‌സ് പറഞ്ഞു.

Also Read : ട്രംപിന് കെണിയൊരുക്കി ബൈഡനും കൂട്ടരും: റഷ്യയുമായി ഊഷ്മള ബന്ധം എളുപ്പമാകില്ലെന്ന് റിപ്പോര്‍ട്ട്
സോവിയറ്റിനു ശേഷമുള്ള യുക്രെയ്നിന്റെ യഥാര്‍ത്ഥ അതിര്‍ത്തികളിലേക്ക് മടങ്ങുന്നത് യാഥാര്‍ത്ഥ്യമല്ല എന്ന വസ്തുത അംഗീകരിക്കുന്നതാണ് യുക്രെയ്‌നിന്റെ ഭാവിക്ക് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വരാനിരിക്കുന്ന ഭരണകൂടത്തിലെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് അടുത്ത ട്രംപ് സഖ്യകക്ഷികള്‍ മുമ്പ് നടത്തിയ പ്രസ്താവനകളെ അനുസ്മരിപ്പിക്കുന്നതാണ് വാള്‍ട്ട്‌സിന്റെ ഈ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
അതേസമയം, സോവിയറ്റിനു ശേഷമുള്ള മുഴുവന്‍ പ്രദേശവും റഷ്യയില്‍ നിന്ന് തിരിച്ചുപിടിക്കുക എന്ന യുക്രെയ്‌നിന്റെ നിലപാടില്‍ നിന്നും വളരെ വ്യത്യസ്ത ആശയമാണ് വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റേതെന്ന് വാള്‍ട്ട്‌സിന്റെ പ്രസ്താവനയിലുണ്ട്. 2014-ല്‍ യുക്രെയ്‌നിലെ അട്ടിമറിക്ക് ശേഷം ക്രിമിയ യുക്രെനില്‍ നിന്ന് പിരിയുകയും തുടര്‍ന്ന്, ഒരു റഫറണ്ടം വഴി റഷ്യയില്‍ ചേരുകയുമായിരുന്നു. 2022-ന്റെ അവസാനത്തില്‍, പ്രത്യേക റഫറണ്ടങ്ങളില്‍ പ്രാദേശിക ജനത റഷ്യന്‍ നിലപാടുകളെ വളരെയധികം പിന്തുണച്ചതിനെത്തുടര്‍ന്ന് മറ്റ് നാല് പ്രദേശങ്ങളും റഷ്യയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.