വാക്ക് കൊടുത്തത് യുക്രെയ്ന്, പക്ഷെ അമേരിക്ക സഹായിക്കുന്നത് ഇസ്രയേലിനെ

യുക്രെയ്‌നിനുള്ള എല്ലാ സഹായ ഗ്രാൻ്റുകളും മരവിപ്പിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്ത വാർത്തയാണിപ്പോൾ യുക്രെയ്നെ കുഴപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നൊന്നും കാര്യമായി സഹായം ലഭിക്കാത്ത യുക്രെയ്ന് ആകെ ഉണ്ടായിരുന്ന ഒരാശ്രയം അമേരിക്കയായിരുന്നു. വികസന സഹായം മുതൽ സൈനിക സഹായം വരെയുള്ള യുക്രെയ്ന്റെ എല്ലാത്തിനെയും ഈ നീക്കം ബാധിക്കും.

വാക്ക് കൊടുത്തത് യുക്രെയ്ന്, പക്ഷെ അമേരിക്ക സഹായിക്കുന്നത് ഇസ്രയേലിനെ
വാക്ക് കൊടുത്തത് യുക്രെയ്ന്, പക്ഷെ അമേരിക്ക സഹായിക്കുന്നത് ഇസ്രയേലിനെ

ഷ്യയെ തറപറ്റിക്കാം എന്ന അതിമോഹവുമായി അമേരിക്കയുടെ പിന്തുണയോടെ യുദ്ധത്തില്‍ പ്രവേശിച്ച യുക്രെയ്ന്‍ ഇപ്പോള്‍ അടിമുടി പെട്ട അവസ്ഥയിലാണ്. ബൈഡന്‍ യുക്രെയ്‌ന് നല്‍കിയ വലിയ പ്രതീക്ഷകളൊക്കെ അവസാനിപ്പിച്ചാണ് ട്രംപ് അധികാരത്തിലേറിയത് തന്നെ. അതിപ്പോള്‍ കൂടുതല്‍ ഉറപ്പായിരിക്കുകയാണ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ 90 ദിവസത്തേക്ക് യുക്രെയ്നിനുള്ള എല്ലാ സഹായ ഗ്രാന്റുകളും മരവിപ്പിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണിപ്പോള്‍ യുക്രെയ്‌നെ കുഴപ്പിച്ചിരിക്കുന്നത്. എല്ലാ വിദേശ സഹായങ്ങളും പൂര്‍ണമായി അവലോകനം ചെയ്യാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് മാര്‍ക്കിന്റെ ഈ നടപടി. നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിര്‍ത്തലാക്കാന്‍ നയതന്ത്ര, കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് റൂബിയോ നിര്‍ദ്ദേശം നല്‍കിയതായും പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ അവലോകനം ചെയ്ത ബിബിസി, ”വികസന സഹായം മുതല്‍ സൈനിക സഹായം വരെയുള്ള യുക്രെയ്‌ന്റെ എല്ലാത്തിനെയും ഈ നീക്കം ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സഹായം മരവിപ്പിക്കുന്നത് ‘യുക്രെയ്‌നിനുള്ള സുരക്ഷാ സഹായത്തെ’ ബാധിക്കില്ലെന്ന് പെന്റഗണ്‍ മുമ്പ് വോയ്സ് ഓഫ് അമേരിക്കയോട് പറഞ്ഞിരുന്നുവെങ്കിലും, റൂബിയോയുടെ മെമ്മോയില്‍ ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായത്തിന് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്റഗണ്‍ പറയുന്നതനുസരിച്ച്, 2022 ഫെബ്രുവരി മുതല്‍ യുക്രെയ്നിന് ഏകദേശം 66 ബില്യണ്‍ ഡോളര്‍ സൈനിക സഹായം അമേരിക്ക നല്‍കിയിട്ടുണ്ട്. യുക്രെയ്നിന് ഉപാധികളില്ലാത്ത സഹായം അനുവദിച്ചതിന് തന്റെ മുന്‍ഗാമിയായ ജോ ബൈഡനെ ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിക്കുകയും ചെലവ് ചുരുക്കല്‍ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന ഉടമ്പടി വേഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടായി.

Donald Trump

താല്‍ക്കാലിക മരവിപ്പിക്കല്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യത്തെ 85 ദിവസങ്ങളില്‍ തന്നെ സഹായം തുടരണോ, പരിഷ്‌കരിക്കണോ, അല്ലെങ്കില്‍ അവസാനിപ്പിക്കണോ എന്ന തീരുമാനങ്ങള്‍ എടുക്കുമെന്നാണ് മെമ്മോയില്‍ പറയുന്നത്. നിലവിലെ അമേരിക്കയുടെ ഈ തീരുമാനം യുക്രെയ്‌നെ കാര്യമായി തന്നെ ബാധിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നൊന്നും കാര്യമായി സഹായം ലഭിക്കാത്ത യുക്രെയ്‌ന് ആകെ ഉണ്ടായിരുന്ന ഒരാശ്രയം അമേരിക്കയായിരുന്നു. നേരത്തെ റഷ്യയുമായി ഒരു ഒത്തുതീര്‍പ്പ് വേണമെന്നും അതിനായി പുടിനുമായി സംസാരിക്കണമെന്നും സെലെന്‍സ്‌കി ട്രംപിനോട് പറയുകയുണ്ടായി. ഇതിനായി അമേരിക്ക യുക്രെയ്‌ന് സംരക്ഷണം നല്‍കണമെന്നും സെലെന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവിധ ഉത്തരവാദിത്വവും സെലെന്‍സ്‌കി ഏറ്റെടുക്കണമെന്ന് പറഞ്ഞ ട്രംപിന്റെ വാക്കുകള്‍ സെലെന്‍സ്‌കിയെ നിരാശപ്പെടുത്തുന്നതായിരുന്നു.

Also Read: ചൈനയുടെ വളർച്ചയിൽ ട്രംപിന് ആശങ്ക, ഇനി വരുന്നത് വ്യാപാര യുദ്ധം

ഇസ്രയേലിനെ പിണക്കാതെ യുക്രെയ്‌നെ അമേരിക്ക കൈയ്യൊഴിഞ്ഞതില്‍ നിന്ന് തന്നെ മനസിലാക്കാം അമേരിക്ക യുക്രെയ്‌നെ വെറും കളിപ്പാവയായാണ് കണ്ടിരുന്നതെന്ന്. അമേരിക്കയില്‍ നിന്നും ഇരുട്ടടി ലഭിക്കുന്നതിനിടയില്‍ തന്നെ മറുവശത്ത് റഷ്യയുടെ പ്രഹരവും യുക്രെയ്‌നെ വല്ലാതെ തളര്‍ത്തുന്നുണ്ട്. യുക്രെയ്ന്‍ സൈന്യത്തിന് അമേരിക്ക സമ്മാനിച്ച എം1 അബ്രാംസ് ടാങ്ക് റഷ്യയുടെ സൈന്യം തരിപ്പണമാക്കിയാതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ കുര്‍സ്‌ക് അതിര്‍ത്തി മേഖലയില്‍ കാമികേസ് ഡ്രോണ്‍ ഉപയോഗിച്ചാണ് ടാങ്ക് സൈന്യം തര്‍ത്തത്. 2023-ലെ ആക്രമണത്തില്‍ റഷ്യയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാനും, യുക്രെയ്ന്‍ സൈന്യത്തെ ശക്തിപ്പെടുത്താനുമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 31 എം1 അബ്രാംസ് ടാങ്കുകള്‍ യുക്രെയ്‌നിലേക്ക് മാറ്റുന്നതിനായി അമേരിക്ക അംഗീകാരം നല്‍കിയത്. പക്ഷെ അതുകൊണ്ട് യുദ്ധത്തില്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ യുക്രെയ്‌ന് സാധിച്ചിരുന്നില്ല.

Vladimir Putin

റഷ്യന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കുര്‍സ്‌ക് മേഖലയിലെ പോരാട്ടത്തില്‍ യുക്രെയ്‌ന്റെ സൈന്യത്തിന് ആകെ മൂന്ന് ടാങ്കുകളും 200 ഓളം സൈനികരെയുമാണ് നഷ്ടപ്പെട്ടത്. ആക്രമണം ആരംഭിച്ചതിന് ശേഷം യുക്രെയ്‌ന് 54,000 സൈനികരും 300 ലധികം ടാങ്കുകളും നഷ്ടപ്പെട്ടതായി റഷ്യന്‍ മന്ത്രാലയത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളെ വരെ യുദ്ധത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കാനാണ് യുക്രെയ്ന്‍ ഭരണകൂടം അനുശാസിക്കുന്നത്. യുദ്ധത്തില്‍ പ്രായപൂര്‍ത്തിയായവരെ നിര്‍ബന്ധിച്ച് സൈന്യത്തിലേക്ക് കൊണ്ടുവരുന്നത് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. അതുകൊണ്ട് തന്നെ വളര്‍ന്നു വരുന്ന യുവത്വങ്ങളെ എങ്ങനെ നയിക്കണമെന്ന കാര്യത്തിലും പൂര്‍ണപരാജയം തന്നെയാണ് യുക്രെയ്ന്‍.

കഴിഞ്ഞ ദിവസം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ മുസ്ലീം പള്ളി ആക്രമിക്കാന്‍ പദ്ധതിയിട്ടതിന് 14 വയസ്സുള്ള ഒരു യുക്രെനിയന്‍ ബാലനെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ചെറുപ്പക്കാരാന്‍ തീവ്ര വലതുപക്ഷ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. കത്തികളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും, കുട്ടിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഭൂരിപക്ഷം മുസ്ലീം ജനസംഖ്യയുള്ള ബ്രസല്‍സിന്റെ പ്രാന്തപ്രദേശമായ മോളന്‍ബീക്കിലാണ് കൗമാരക്കാരന്‍ താമസിക്കുന്നത്. കുട്ടിക്കെതിരെ ഭീകരാക്രമണത്തിന് കുറ്റം ചുമത്തിയിട്ടുണ്ടെന്നും ബ്രസല്‍സിലെ പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രാര്‍ത്ഥനാ ദിനവും പള്ളികളിലെ തിരക്കുള്ള സമയവും കണക്കിലെടുത്താണ് കുട്ടിയെത്തിയതെന്നും പറയുന്നു.

Volodymyr Zelenskyy

രാജ്യത്ത് വളര്‍ന്ന് വരുന്ന വിദ്വേഷത്തിന്റെ ഒരു സൂചനമാത്രമാണ് ഈ കൗമാരക്കാരന്‍. ശരിയായ ഒരു അധികാര പദവി പോലും കയ്യിലില്ലാതെ പദവിയുടെ കാലാവധി അവസാനിച്ചിട്ടും ഒരു തെരഞ്ഞെടുപ്പുപോലും നടത്താന്‍ തയ്യാറാകാതിരിക്കുന്ന സെലെന്‍സ്‌കി നയിക്കുന്ന ഒരു രാജ്യത്തിനകത്തെ പൗരന്‍മാര്‍ ഇങ്ങനെയൊന്നും ചിന്തിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്ന് തന്നെ പറയാം. അമേരിക്കയെ കണ്ടറിഞ്ഞ് വിശ്വസിച്ച സെലെന്‍സ്‌കി യുദ്ധം അവസാനിപ്പിക്കാനായി ഇപ്പോള്‍ ട്രംപിന്റെ കനിവ് തേടുമ്പോള്‍ യുദ്ധം തീര്‍ക്കാന്‍ ട്രംപിറങ്ങുന്നത് പൂര്‍ണമായും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും റഷ്യയെ പ്രകോപിപ്പിക്കാതിരിക്കാനുമാണ്. അതുകൊണ്ട് തന്നെ നേരത്തെ ബൈഡന്‍ നല്‍കിയിരുന്നത് പോലുള്ള വാഗ്ദാനങ്ങളൊന്നും ഇത്തവണ ട്രംപിന്റെ അടുത്ത് നിന്ന് യുക്രെയ്ന്‍ പ്രതീക്ഷിക്കേണ്ട.

Also Read:അമേരിക്ക മറന്ന അമേരിക്കൻ പ്രസിഡൻ്റിനെ അനുസ്മരിച്ച് ട്രംപ്, കാരണമുണ്ട്…

സംഘര്‍ഷം പരിഹരിച്ചതിന് ശേഷം യുക്രെയ്‌നിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന് താല്‍പ്പര്യമില്ലെന്നാണ് ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുക്രെയ്ന്റെ പുനര്‍നിര്‍മ്മാണത്തില്‍ നേരിട്ട് അമേരിക്ക ഇടപെടല്‍ നടത്തില്ല. ഈ ഉത്തരവാദിത്തം സ്വകാര്യ മേഖല കൈകാര്യം ചെയ്യുമെന്നും ഒരു മുതിര്‍ന്ന നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യുക്രെയ്‌നെ അകമഴിഞ്ഞ് സഹായിച്ചിരുന്ന ജോ ബൈഡന്റെ ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്നും നന്നെ മാറിയുള്ള ട്രംപിന്റെ ഈ തീരുമാനങ്ങള്‍ യുക്രെയ്‌നെ വെട്ടിലാക്കുന്നതാണ്. കൂടാതെ യുദ്ധം അവസാനിപ്പിച്ച് യുക്രെയ്ന് സമാധാനം നല്‍കാനുള്ള പദ്ധതികളെക്കുറിച്ച് ട്രംപിന്റെ സംഘം ആലോചിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Joe Biden

ആദ്യം വെടിനിര്‍ത്തലും പിന്നാലെ യൂറോപ്യന്‍ സൈനികരുടെ സാന്നിധ്യമുള്ള 1,300 കിലോമീറ്റര്‍ പരിധിയില്‍ സൈനികരഹിത മേഖല സ്ഥാപിക്കലും ആണ് ഇതിന്റെ ആദ്യ പടികളാണ്. കൂടാതെ, യുക്രെയ്ന്റെ നാറ്റോ അഭിലാഷങ്ങള്‍ കുറഞ്ഞത് ഒരു 20 വര്‍ഷത്തേക്കെങ്കിലും മാറ്റിവയ്ക്കുമെന്നും പറയുന്നു. പക്ഷെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും യുക്രെയ്‌ന്റെ നാറ്റോ അഭിലാഷങ്ങള്‍ വൈകിപ്പിക്കുന്നതിലും പാശ്ചാത്യ സേനയെ യുക്രെയ്‌നില്‍ വിന്യസിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളില്‍ ക്രെംലിന്‍ തൃപ്തരല്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. യുക്രെയ്ന്‍ സ്ഥിരമായ നിഷ്പക്ഷത, സൈനികവല്‍ക്കരണം, ഡീനാസിഫിക്കേഷന്‍ എന്നിവയ്ക്ക് സമ്മതിച്ചതിന് ശേഷം മാത്രമേ ശത്രുത അവസാനിപ്പിക്കൂ എന്ന് റഷ്യ പറഞ്ഞു. ഇതിനുള്ള അമേരിക്കയുടെ അഭിപ്രായങ്ങള്‍ക്കായി റഷ്യ കാത്തിരിക്കുകയാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോ പറയുകയുണ്ടായി. എന്തായാലും നിലവില്‍ പെരുവഴിയാലായ യുക്രെയ്‌ന് എങ്ങനെയെങ്കിലും കരകയറിയാല്‍ മതിയെന്ന സാഹചര്യമാണ് മുന്നിലുള്ളത്. അമേരിക്ക ഇതില്‍ റഷ്യയ്ക്ക് എന്ത് മറുപടി കൊടക്കുമെന്നതനുസരിച്ചിരിക്കും യുദ്ധം അവസാനിപ്പിക്കലും, യുക്രെയ്‌ന് സമാധാനം ലഭിക്കലുമെല്ലാം..!

വീഡിയോ കാണാം….

Share Email
Top