ജൂൺ മാസത്തിൽ നടക്കാനിരിക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ സുപ്രധാന വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യാത്രാ സൗകര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കുന്നതിനായുള്ള അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് 2026 ജൂൺ 10-നകം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. പരീക്ഷ എഴുതുന്നതിനുള്ള പ്രധാന രേഖയായ അഡ്മിറ്റ് കാർഡ് 2026 ജൂൺ 15-ഓടെ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (അല്ലെങ്കിൽ ജനനത്തീയതിയും) ഉപയോഗിച്ച് ഔദ്യോഗിക യു.ജി.സി നെറ്റ് പോർട്ടൽ വഴി ഇവ ഡൗൺലോഡ് ചെയ്യാം.
പ്രധാന തീയതികളും പരീക്ഷാ വിവരങ്ങളും
സിറ്റി ഇന്റിമേഷൻ സ്ലിപ്പ്: 2026 ജൂൺ 10 നകം
അഡ്മിറ്റ് കാർഡ് റിലീസ്: 2026 ജൂൺ 15 നകം
പരീക്ഷാ തീയതികൾ: 2026 ജൂൺ 22 മുതൽ ജൂൺ 30 വരെ
പരീക്ഷാ രീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT Mode)
പരീക്ഷാ ദൈർഘ്യം: 3 മണിക്കൂർ (180 മിനിറ്റ്)
Also Read: IIMC ജേണലിസം, മീഡിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു; ജൂൺ 7 വരെ അപേക്ഷിക്കാം!
പേപ്പർ 1, പേപ്പർ 2 എന്നിവയ്ക്കായി ആകെ 3 മണിക്കൂറാണ് ലഭിക്കുക. രണ്ട് പേപ്പറുകൾക്കും ഇടയിൽ യാതൊരുവിധ ഇടവേളകളും ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ഒറ്റ സിറ്റിങ്ങിൽ പരീക്ഷ പൂർത്തിയാക്കണം. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഉദ്യോഗാർത്ഥിക്ക് പരീക്ഷ അനുവദിച്ചിരിക്കുന്ന ‘നഗരം’ ഏതാണെന്ന് മാത്രമേ വ്യക്തമാക്കൂ. മുൻകൂട്ടി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഇത് സഹായിക്കും. അഡ്മിറ്റ് കാർഡ് പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിലാസം, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ ഷിഫ്റ്റ്, പരീക്ഷാ ഹാൾ നിയമങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും.
പരീക്ഷാ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടവ
വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട്.
സാധുവായ ഒരു ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (Passport, Driving License, Voter ID, PAN Card മുതലായവ).
ഇന്ത്യയിലുടനീളമുള്ള സർവ്വകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പി.എച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് എൻ.ടി.എ വർഷത്തിൽ ഇരുതവണ യു.ജി.സി നെറ്റ് പരീക്ഷ നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്.






