ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷയായ സി.യു.ഇ.ടി 2025ഓടെ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ. സി.യു.ഇ.ടി-യു.ജി, പി.ജി എന്നിവയുടെ നടത്തിപ്പ് അവലോകനം ചെയ്യാൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ കഴിഞ്ഞ വർഷത്തെ അവലോകനത്തെ അടിസ്ഥാനമാക്കി സി.യു.ഇ.ടി എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ചതും കൂടുതൽ കാര്യക്ഷമവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിന് പരീക്ഷാ പ്രക്രിയ തുടർച്ചയായി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷയുടെ ഘടന, പേപ്പറുകളുടെ എണ്ണം, പേപ്പറുകളുടെ ദൈർഘ്യം, സിലബസ് വിന്യാസം തുടങ്ങി വിവിധ വശങ്ങൾ കമ്മിറ്റി പരിശോധിച്ചു. പുതുക്കിയ മാർഗ നിർദേശങ്ങൾ വിശദീകരിക്കുന്ന കരട് നിർദേശം കമ്മീഷൻ ഉടൻ പുറത്തിറക്കുമെന്ന് യു.ജി.സി മേധാവി അറിയിച്ചു.
Also Read : യു.ജി.സി നെറ്റ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ
2022 ൽ പരീക്ഷയുടെ ആദ്യ പതിപ്പിൽ സാങ്കേതിക തകരാറുകളുണ്ടായി. കൂടാതെ, ഒന്നിലധികം ഷിഫ്റ്റുകളിലായി ഒരു വിഷയത്തിനായുള്ള പരിശോധനകൾ നടത്തിയതിന്റെ ഫലമായി ഫലപ്രഖ്യാപന സമയത്ത് സ്കോറുകൾ സാധാരണ നിലയിലാക്കേണ്ടിയും വന്നു.
2024ൽ ആകട്ടെ ആദ്യമായി ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തിയത്. സാങ്കേതികമായ കാരണങ്ങളാൽ പരീക്ഷയുടെ തലേദിവസം ഡൽഹിയിലുടനീളം ഇത് റദ്ദാക്കുകയും ചെയ്തു.