വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതുമയില്ലെന്ന് ഉദയനിധി സ്റ്റാലിൻ; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം

കഴിഞ്ഞ ദിവസം കാവേരി പ്രശ്നം ഉന്നയിച്ചതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതുമയില്ലെന്ന് ഉദയനിധി സ്റ്റാലിൻ; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതുമയില്ലെന്ന് ഉദയനിധി സ്റ്റാലിൻ; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം

ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ പുതുമയൊന്നുമില്ലെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കാവേരി നദീജല വിഷയത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്ന് കുറ്റപ്പെടുത്തി. കാവേരിയിൽ വെള്ളമില്ലാത്ത അവസ്ഥയാണെങ്കിലും സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഡി.എം.കെ പലതവണ ഈ വിഷയം ഉന്നയിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജൂലൈ മാസത്തിൽ കാവേരി ജലത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും കർണാടക സർക്കാരിനോട് സംസാരിക്കാൻ നിലവിലെ സർക്കാരിന് ധൈര്യമില്ലെന്നും, കഴിഞ്ഞ മൂന്ന് മാസമായി കർഷകർ കടുത്ത ബുദ്ധിമുട്ടിലാണെന്നും ഉദയനിധി ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ദിവസം കാവേരി പ്രശ്നം ഉന്നയിച്ചതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ സർക്കാർ അടിച്ചമർത്താനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ മാത്രമല്ല, ഈ വിഷയം ഉന്നയിക്കുന്ന എല്ലാ ഡി.എം.കെ നേതാക്കളെയും സർക്കാർ ഉന്നംവെക്കുന്നുണ്ട്. ജെൻ സി തലമുറയെ മാത്രം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും, സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാല് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:യുവതികള്‍ക്ക് സ്വർണ്ണവും പട്ടുസാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സൈക്കിളും! വിജയ് സർക്കാരിന്റെ കന്നി ബജറ്റിൽ ജനക്ഷേമ പദ്ധതികളുടെ പെരുമഴ

മറുവശത്ത്, ധനമന്ത്രി മാരി വൽസൻ അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും മുൻനിർത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. 2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബജറ്റിൽ പൊതുവിദ്യാഭ്യാസത്തിന് 44,537 കോടിയും, ഉന്നത വിദ്യാഭ്യാസത്തിന് 8,393 കോടിയും, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ കായിക പ്രവർത്തനങ്ങൾക്ക് 1,051 കോടിയും സാമൂഹ്യ നീതിക്കായി 3,937 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

Share Email
Top