എം.എ യൂസഫലി എന്ന ബിസിനസ്സുകാരനെ അറിയാത്ത ഒരു മലയാളിയും ഈ ലോകത്ത് ഉണ്ടാവുകയില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന ഈ പ്രവാസി ബിസിനസ്സുകാരൻ, കാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ്. തനിക്ക് ലഭിക്കുന്ന ലാഭത്തിൻ്റെ ഒരു പങ്ക് പാവങ്ങൾക്ക് നൽകുന്ന അദ്ദേഹത്തിൻ്റെ മനസ്സ് മാത്രമല്ല, ലാളിത്യം നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തെ മറ്റു ബിസിനസ്സുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നതാണ്. യൂസഫലിയുടെ ഈ പെരുമാറ്റം തന്നെയാണ്, പൊതുവെ സമ്പന്നരുടെ സൗഹൃദത്തിൽ നിന്നും മാറി നിന്നിരുന്ന, സാക്ഷാൽ വി.എസ് അച്യുതാനന്ദനെ പോലും അദ്ദേഹത്തോട് അടുപ്പിച്ചിരുന്നത്.
ആ യൂസഫലിയാണ് ഇപ്പോൾ പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിൽ ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇത്തരമൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്.
തനിക്ക് രാഷ്ട്രീയമില്ലെന്നും, ഞാൻ കച്ചവടക്കാരൻ മാത്രമാണെന്നും പറഞ്ഞുകൊണ്ടുതന്നെയാണ്, ഇങ്ങനെയൊരു പരാമർശം യൂസഫലി നടത്തിയത്. തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ മലയാളികൾക്കിടയിലെ ഏറ്റവും ജനകീയനായ ബിസിനസ്സുകാരൻ്റെ ഈ തുറന്നുപറച്ചിൽ, യു.ഡി.എഫിനെ സംബന്ധിച്ച് അമ്പരിപ്പിക്കുന്നതാണ്.
കോൺഗ്രസ്സിൻ്റെയും മുസ്ലീം ലീഗിൻ്റെയും ഉന്നത നേതാക്കളുമായി വളരെ അടുപ്പമുള്ള യൂസഫലിയിൽ നിന്നും ഈ നിർണ്ണായക ഘട്ടത്തിൽ ഇത്തരമൊരു സ്റ്റേറ്റ്മെൻ്റ് അവരാരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പിണറായി വീണ്ടും അധികാരത്തിൽ വരട്ടെ എന്ന ആഗ്രഹം, യു.എ.ഇയിൽ വച്ചുനടന്ന മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് അടുത്തയിടെ മുസ്ലിംലീഗിൻ്റെ രാജ്യസഭാ അംഗമായ പി.വി അബ്ദുൾ ഹാബ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് യൂസഫലിയുടെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷ അണികളെ സംബന്ധിച്ച് സോഷ്യൽ മീഡിയകളെ തീ പിടിപ്പിക്കുവാൻ ഇതുതന്നെ ധാരാളമാണ്. അവരത് ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയതും യു.ഡി.എഫിനെയാണ് പ്രതിരോധത്തിലാക്കുന്നത്.
മൂന്നാം ഇടതുപക്ഷ സർക്കാർ എന്ന ഒരു പ്രചരണം സമൂഹത്തിൽ ശക്തിപ്പെടുത്താൻ, വഹാബിൻ്റെയും എം.എ യൂസഫലിയുടെയും പ്രതികരണങ്ങൾ കാരണമാകുമെന്ന് തന്നെയാണ് സി.പി.എം നേതൃത്വവും കരുതുന്നത്. യു.ഡി.എഫ് ഭയപ്പെടുന്നതും അതുതന്നെയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോൺഗ്രസ്സിലെ തമ്മിലടി, ആ പാർട്ടിയെ വലിയ ഒരു സംഘടനാ പ്രതിസന്ധിയിലാണ് കൊണ്ടുചെന്നെത്തിച്ച് നിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടി തിരിച്ചടി നേരിട്ടാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ, വലിയ ഒരു പൊട്ടിത്തെറിയാണ് കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.
രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നീ നേതാക്കളുടെ നേതൃത്വത്തിൽ മൂന്നായി ചേരി തിരിഞ്ഞാണ് കോൺഗ്രസ്സ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കാണുന്നതിനേക്കാൾ ശത്രുതയോടെയാണ് സ്വന്തം പാർട്ടിയിലെ എതിരാളികളെ ഈ വിഭാഗങ്ങൾ കാണുന്നത് എന്നതും, കോൺഗ്രസ്സ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതെല്ലാം തന്നെ പൊതുസമൂഹത്തിനിടയിൽ കോൺഗ്രസ്സിന് വലിയ അവമതിപ്പുണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഇതിന് പുറമെ, ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിവാദം കത്തി പടർന്നതും കോൺഗ്രസ്സിന് ഉണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഒരു പൊതുപ്രവർത്തകൻ പുലർത്തേണ്ട നൈതികത രാഹുൽ മാങ്കൂട്ടത്തിൽ പുലർത്തിയില്ലെന്നത്, ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ട് കഴിഞ്ഞതാണ്. കോടതി വിധി എന്തുതന്നെ ആയാലും, ഈ വിവാദവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫിൻ്റെ ഉള്ള സാധ്യതകളെ പോലും തല്ലി കെടുത്തുന്നതായിരിക്കും എന്ന വിലയിരുത്തലുകളും ശക്തമാണ്. രാഹുൽ മാങ്കൂട്ടത്തിലിനോട് അനുഭാവമുണ്ടായിരുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പോലും, യുവതി പരാതി നൽകിയതോടെ ഇപ്പോൾ മാളത്തിൽ ഒളിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ക്രൗഡ് പുള്ളറാകേണ്ടിയിരുന്ന ഷാഫി പറമ്പിൽ എം.പിയുടെ പ്രതിച്ഛായയെയും ഇപ്പോഴത്തെ വിവാദം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഭരണത്തിൽ തിരിച്ചുവരണമെന്ന് അതിയായി ആഗ്രഹിക്കുന്ന മുസ്ലിംലീഗിൻ്റെ സ്വപ്നങ്ങളെ പോലും തല്ലിക്കെടുത്തുന്ന രൂപത്തിലേക്ക് ഇപ്പോഴത്തെ വിവാദങ്ങളും കോൺഗ്രസ്സിലെ ചേരിപ്പോരും വളരുന്നതിൽ, വലിയ ആശങ്കയാണ് ലീഗ് നേതൃത്വത്തിനുമുള്ളത്. പിണറായിക്ക് അനുകൂലമായ ഒരു പ്രതികരണം ലീഗ് എം.പിയായ വഹാബിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതും ഈ പശ്ചാത്തലത്തിൽ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുസ്ലീംലീഗ് യു.ഡി.എഫ് വിടന്നമെന്ന അഭിപ്രായവും ലീഗിനുള്ളിൽ ശക്തമാണ്.
ബീഹാറിൽ കോൺഗ്രസ്സിനേറ്റ വലിയ തിരിച്ചടിയെയും ലീഗ് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഇപ്പോഴത്തെ നേതൃത്വത്തിന് കോൺഗ്രസ്സിനെ ഉയർത്തി കൊണ്ടുവരാൻ കഴിയുമോ എന്ന കാര്യത്തിലും ലീഗിന് സംശയമുണ്ട്. അവരത് പരസ്യമായി തൽക്കാലം പറയുന്നില്ലെന്ന് മാത്രം. എന്നാൽ, കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽകൂടി യു.ഡി.എഫിന് തിരിച്ചടി നേരിട്ടാൽ, കോൺഗ്രസ്സിനെ പ്രതിക്കൂട്ടിൽ നിർത്തി ആദ്യം വിചാരണ ചെയ്യാൻ പോകുന്നതും ലീഗായിരിക്കും.
ഇതൊക്കെയാണ് യു.ഡി.എഫിലെ നിലവിലെ അവസ്ഥയെങ്കിൽ, വിവാദങ്ങളെ വിളവെടുപ്പാക്കാനുള്ള നീക്കങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കുന്ന പ്രചരണ പ്രവർത്തനങ്ങൾ, ഇതിനകം തന്നെ ഇടതുപക്ഷ നേതൃത്വത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ വസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പര്യടനങ്ങൾ പോലും, കേരളത്തിലാണ് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത്. ഇന്നുവരെ രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത അത്രയും വലിയ സ്വീകരണമാണ് പോയ ഇടങ്ങളിലെല്ലാം പിണറായിക്ക് ലഭിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയമായി കേരളത്തിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് കണ്ടപ്പോഴാണ്, യു.ഡി.എഫിൻ്റെ പ്രവാസി സംഘടനകൾ ബഹിഷ്ക്കരണം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. എന്നാൽ അവിടെയും അവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. ‘പിണറായി ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന’ യൂസഫലിയുടെ പരസ്യ പ്രതികരണത്തിൽ നിന്നുതന്നെ, പൊതുവികാരവും പ്രകടമാണ്.
EXPRESS VIEW
വീഡിയോ കാണാം






