കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് ക്യാമ്പുകളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാകുന്നു. പുതുപ്പള്ളിയിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ചാണ്ടി ഉമ്മൻ ഉൾപ്പെടെ അഞ്ച് പ്രമുഖ കോൺഗ്രസ് നേതാക്കളാണ് പുതിയ മന്ത്രിസഭയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
സീനിയർ കോൺഗ്രസ് നേതാവും ഹരിപ്പാട് നിന്നുള്ള എംഎൽഎയുമായ രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകൾ. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആഭ്യന്തര വകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത പരിചയസമ്പത്ത് ചെന്നിത്തലയ്ക്കുണ്ട്.
Also Read: വി.ഡി സതീശൻ വീണ്ടും രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി; കോൺഗ്രസിൽ ചർച്ചകൾ സജീവം
അതേസമയം, കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കാനാണ് പാർട്ടിയിലെ പൊതുധാരണ. സഭാനടപടികളിലുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും സീനിയോറിറ്റിയും മുൻനിർത്തിയാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവെച്ചിട്ടുള്ളത്.






