മുംബൈ: രണ്ട് പതിറ്റാണ്ടുകൾ നീണ്ട അകൽച്ചയ്ക്ക് വിരാമമിട്ട് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും ഒരു വേദിയിൽ വീണ്ടും ഒന്നിച്ചത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള മഹാരാഷ്ട്ര സർക്കാർ ഉത്തരവുകൾ റദ്ദാക്കിയതിന്റെ ആഘോഷമായി മുംബൈയിൽ നടന്ന ‘അവാജ് മറാത്തിച്ച’ (മറാത്തിയുടെ ശബ്ദം) എന്ന പരിപാടിയാണ് ഈ ചരിത്രപരമായ പുനഃസമാഗമത്തിന് വേദിയായത്. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് 2005-ൽ ആരംഭിച്ച കയ്പേറിയ പാരമ്പര്യ പോരാട്ടത്തിന് താത്കാലികമായെങ്കിലും വിരാമമിട്ടുകൊണ്ട് ആണ് ഇരുവരും ഐക്യത്തിന്റെ സന്ദേശം നൽകിയിരിക്കുന്നത്.
ഈ രാഷ്ട്രീയ സമ്മേളനം ശ്രദ്ധേയമായത് മറ്റൊരു കാരണത്താൽ കൂടിയാണ് – നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെയുടെ അപ്രതീക്ഷിത സാന്നിധ്യം. സുലെയുടെ പാർട്ടി ഔദ്യോഗികമായി റാലിയിൽ പങ്കെടുത്തിരുന്നില്ലെങ്കിലും, എൻസിപി (എസ്പി) ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ സഖ്യകക്ഷിയാണ്. വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിച്ച സുലെ, തന്റെ പിതാവും എൻസിപി (എസ്പി) സ്ഥാപകനുമായ ശരദ് പവാർ മുൻകൂട്ടി നിശ്ചയിച്ച തിരക്കുകൾ കാരണം റാലിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
സുലെയുടെ സാന്നിധ്യം കോൺഗ്രസിന്റെ പരിപാടിയിലെ അഭാവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്, കോൺഗ്രസിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കലിനെ റാലിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, രാജ് താക്കറെയുടെ “പൊരുത്തക്കേടുള്ള” രാഷ്ട്രീയ നിലപാട് കാരണം അദ്ദേഹം റാലി ഒഴിവാക്കാൻ തീരുമാനിച്ചതായാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.
“ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ” ഒന്നിച്ച്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പരിഹസിച്ചുകൊണ്ട് രാജ് താക്കറെ നടത്തിയ പ്രസ്താവന റാലിയിലെ ശ്രദ്ധാകേന്ദ്രമായി. ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യമാണ് ഫഡ്‌നാവിസ് ചെയ്തതെന്ന് രാജ് പറഞ്ഞു – അതായത് ബന്ധുക്കളെ ഒരുമിപ്പിക്കുക എന്നത്. “എന്റെ ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു, എന്റെ മഹാരാഷ്ട്ര ഏതൊരു രാഷ്ട്രീയത്തേക്കാളും പോരാട്ടത്തേക്കാളും വലുതാണെന്ന്. ഇന്ന്, 20 വർഷത്തിനുശേഷം, ഉദ്ധവും ഞാനും ഒന്നിച്ചു. ബാലാസാഹേബിന് ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവരുന്ന ജോലി,” രാജ് താക്കറെ കൂട്ടിച്ചേർത്തു.
ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിൽ, ഹിന്ദി ഭാഷയുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് രാജ് താക്കറെ വ്യക്തമാക്കി. എന്നാൽ, മറാത്ത സാമ്രാജ്യം ഭരിച്ചിരുന്ന വിശാലമായ പ്രദേശങ്ങളിൽ പോലും മറാത്തി ഭാഷ അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എനിക്ക് ഹിന്ദിയോട് ഒരു വിരോധവുമില്ല, ഒരു ഭാഷയും മോശമല്ല. ഒരു ഭാഷ കെട്ടിപ്പടുക്കാൻ വളരെയധികം പരിശ്രമം ആവശ്യമാണ്. മറാത്ത സാമ്രാജ്യകാലത്ത് ഞങ്ങൾ മറാത്തികൾ നിരവധി സംസ്ഥാനങ്ങൾ ഭരിച്ചിരുന്നു, പക്ഷേ ആ ഭാഗങ്ങളിൽ ഞങ്ങൾ ഒരിക്കലും മറാത്തി അടിച്ചേൽപ്പിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
Also Read : ‘ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചത്’: രാജ് താക്കറെയുമായുള്ള സംയുക്ത റാലിയിൽ ഉദ്ധവ് താക്കറെ
അതേസമയം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരു “ഒന്നിച്ചുനിൽക്കൽ ” കൂടിയാണിതെന്ന് ഉദ്ധവ് താക്കറെ ഓർമിപ്പിച്ചു. താനും തന്റെ ബന്ധുവും മുംബൈ മുനിസിപ്പൽ ബോഡിയിലും തുടർന്ന് സംസ്ഥാനത്തും അധികാരം പിടിച്ചെടുക്കുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ബിഎംസി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വേർപിരിഞ്ഞ ബന്ധുക്കളുടെ ഈ പുനഃസമാഗമത്തെ കേവലം ഒരു സാംസ്കാരിക പ്രകടനമായി മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായി പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ നീക്കമായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട് . മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇത് എന്ത് ചലനമുണ്ടാക്കുമെന്ന് ഇനി കണ്ടറിയണം.