യു.എ.ഇ.യിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു; ഹരിതവിപ്ലവത്തിന് പുതിയ തുടക്കം

യു.എ.ഇ.യെ ഹരിതവികസനത്തിന്റെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് ഇ.ജി.എ.യിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക്ക് വ്യക്തമാക്കി

യു.എ.ഇ.യിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു; ഹരിതവിപ്ലവത്തിന് പുതിയ തുടക്കം
യു.എ.ഇ.യിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു; ഹരിതവിപ്ലവത്തിന് പുതിയ തുടക്കം

ദുബായ്: കുറഞ്ഞ കാർബൺ അലുമിനിയം ഉത്പാദന മേഖലയ്ക്ക് പുത്തൻ ഉണർവേകാനും യു.എ.ഇ.യുടെ സർക്കുലർ ഇക്കോണമി വികസനത്തിനും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിങ് പ്ലാന്റ് അൽ തവീലയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം ആണ് ഈ വൻകിട പദ്ധതിക്ക് പിന്നിൽ. ജൂൺ 24-ന് നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിൽ യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിമന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക്ക്, അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സലേം അൽ ദഹേരി, ഇ.ജി.എ. ചെയർമാൻ ഹൊമൈദ് അൽ ഷിമ്മാരി, വൈസ് ചെയർമാൻ സയീദ് അൽ തായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

യു.എ.ഇ.യെ ഹരിതവികസനത്തിന്റെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് ഇ.ജി.എ.യിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക്ക് വ്യക്തമാക്കി. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുകയും മാലിന്യം കുറയ്ക്കുകയും ചെയ്യുന്ന യു.എ.ഇ.യുടെ സർക്കുലർ ഇക്കോണമി നയത്തിന്റെ അടിസ്ഥാനശിലയാണ് പുതിയ റീസൈക്ലിങ് പ്ലാന്റ്. അലുമിനിയം അനന്തമായി പുനരുപയോഗിക്കാനാകുന്ന ഒരു ഉത്പന്നമായതിനാൽ ഇത് പ്രകൃതിസംരക്ഷണത്തിനും സുസ്ഥിരവും കുറഞ്ഞ കാർബൺ പുറന്തള്ളലുള്ളതുമായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഏറെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: വേനൽച്ചൂടിൽ അഗ്നിപരീക്ഷ; സുരക്ഷ ഉറപ്പാക്കാൻ ഷാർജ സിവിൽ ഡിഫൻസിന്റെ മിന്നൽ പരിശോധനകൾ!

അസംസ്കൃതധാതുവിൽനിന്ന് പുതിയ അലുമിനിയം ഉത്പാദിപ്പിക്കുന്നതിനേക്കാൾ 95 ശതമാനം വരെ കുറഞ്ഞ ഊർജം മാത്രമേ അലുമിനിയം മാലിന്യം റീസൈക്കിൾ ചെയ്യാൻ ആവശ്യമുള്ളൂ. ഇതിലൂടെ വൻതോതിൽ ഊർജലാഭവും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിൽ ഗണ്യമായ കുറവും കൈവരിക്കാനാകും. പ്രതിവർഷം 1.85 ലക്ഷം ടൺ ഉത്പാദനശേഷിയുള്ളതാണ് അബുദാബിയിലെ ഈ പ്ലാന്റ്.

ഉപയോഗശേഷമുള്ളതും ഉത്പാദനഘട്ടത്തിലുള്ളതുമായ അലുമിനിയം സ്ക്രാപ്പ് സംസ്കരിച്ച് ഇവിടെ നിർമിക്കുന്ന ഉയർന്ന നിലവാരമുള്ള ‘പ്രീമിയം അലുമിനിയം’ ബില്ലറ്റുകളും ടി- ബാറുകളും ‘ഇ.ജി.എ. റിവൈവൽ’ എന്ന ബ്രാൻഡിലാണ് വിപണിയിലെത്തുക. കൂടാതെ, റീസൈക്കിൾ ചെയ്ത അലുമിനിയം സൗരോർജം ഉപയോഗിച്ച് പുനരുത്പാദിപ്പിക്കുന്ന ആദ്യത്തെ അലുമിനിയവുമായി സംയോജിപ്പിച്ച് ‘സെലെസ്റ്റിയൽ-ആർ’ എന്ന പേരിലും, ആണവോർജം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കുന്ന അലുമിനിയവുമായി സംയോജിപ്പിച്ച് ‘മിനിമൽ – ആർ’ എന്നപേരിലും ഉപഭോക്താക്കളിലെത്തിക്കും. ഏതാണ്ട് 40 ലക്ഷം മണിക്കൂർ മനുഷ്യാധ്വാനത്തിലൂടെ പൂർത്തിയാക്കിയ ഈ പദ്ധതിക്കായി 26,300 ഘനമീറ്ററിലധികം കോൺക്രീറ്റും 4,600 മെട്രിക് ടണ്ണിലേറെ സ്ട്രക്ചറൽ സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

Share Email
Top