യു.എ.ഇ.യുടെ സ്വപ്നക്കുതിപ്പ്; ഇത്തിഹാദ് റെയിൽ ആദ്യഘട്ട യാത്രാസർവീസുകൾ ഈ മാസം 30 മുതൽ!

അബുദാബി-ഫുജൈറ സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകളുടെ ട്രയൽ ഉൾപ്പടെയുള്ള ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക

യു.എ.ഇ.യുടെ സ്വപ്നക്കുതിപ്പ്; ഇത്തിഹാദ് റെയിൽ ആദ്യഘട്ട യാത്രാസർവീസുകൾ ഈ മാസം 30 മുതൽ!
യു.എ.ഇ.യുടെ സ്വപ്നക്കുതിപ്പ്; ഇത്തിഹാദ് റെയിൽ ആദ്യഘട്ട യാത്രാസർവീസുകൾ ഈ മാസം 30 മുതൽ!

അബുദാബി: യു.എ.ഇ.യുടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട യാത്രാസർവീസുകൾ ജൂൺ 30-ന് ആരംഭിക്കുന്നു. അബുദാബി-ഫുജൈറ സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകളുടെ ട്രയൽ ഉൾപ്പടെയുള്ള ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമ്മിച്ച അത്യാധുനിക പാസഞ്ചർ ട്രെയിൻ സ്റ്റേഷന്റെ ഉദ്ഘാടനം അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ നിർവ്വഹിച്ചതോടെയാണ് രാജ്യം കാത്തിരുന്ന ഈ പ്രഖ്യാപനമെത്തിയത്.

എമിറേറ്റുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതി, യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം രാജ്യത്തെ ചരക്കുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഷെയ്ഖ് ഖാലിദ് വ്യക്തമാക്കി. സുസ്ഥിരമായ സാമ്പത്തിക വളർച്ച, പുതിയ നിക്ഷേപങ്ങൾ, നഗരവികസനം, വിനോദസഞ്ചാരം എന്നിവയ്ക്ക് വലിയ ഊർജ്ജം പകരുന്ന ഒരു ദേശീയ ഗതാഗതശൃംഖല കെട്ടിപ്പടുക്കുകയെന്ന യു.എ.ഇ.യുടെ വലിയ ലക്ഷ്യമാണ് ഇത്തിഹാദ് റെയിലിലൂടെ പൂവണിയുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള സ്റ്റേഷനിലെ സൗകര്യങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.

Also Read: ഖത്തറിലെ 12 ഇന്ത്യക്കാരുടെ മരണത്തിൽ നടുക്കം; മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ, ഒപ്പം അതിനിർണ്ണായക ബ്രിക്സ് സുരക്ഷാ ചർച്ചകളും!

ഒരു സാധാരണ റെയിൽവേ സ്റ്റേഷൻ എന്നതിനപ്പുറം ലോകോത്തര ഹോസ്പിറ്റാലിറ്റി സേവനങ്ങളാണ് യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ട്രെയിനുകളിലെ ഓൺബോർഡ് ഡൈനിങ് സൌകര്യങ്ങൾക്ക് പുറമേ, സ്റ്റേഷനുകളിൽ പ്രമുഖ കഫേകൾ, റെസ്റ്റോറന്റുകൾ, റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, സ്മാർട്ട് യാത്രാസൌകര്യങ്ങൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ഇത്തിഹാദ് സ്റ്റേഷനുകളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് നഗരങ്ങളിലേക്കുള്ള തുടർന്നുള്ള യാത്രകളും വളരെ എളുപ്പമാകും.

യാത്രാ റെയിൽ ശൃംഖലയുടെ ഔദ്യോഗികമായ വൻ ഉദ്ഘാടനം സെപ്റ്റംബർ 30-നാണ് നിശ്ചയിച്ചിരിക്കുന്നത്. അബുദാബിക്കും ഫുജൈറയ്ക്കുമിടയിലുള്ള ദൂരം വെറും ഒരു മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഇത്തിഹാദ് ട്രെയിനുകൾ പിന്നിടും. സെപ്റ്റംബറോടെ അൽ ദൈദ്, ദുബായ് സ്റ്റേഷനുകളിലും സർവീസുകൾ സജീവമാകും. അൽ ദഫ്ര മേഖലയിലുള്ള സ്റ്റേഷനുകളിൽ ഡിസംബർ 30 മുതലും, ഷാർജ സ്റ്റേഷനിൽ അടുത്ത വർഷം മാർച്ച് 30 മുതലും സർവീസുകൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Also Read: സൗദിയിലെ പാർക്കുകൾ ഇനി വെറുമൊരു വിശ്രമകേന്ദ്രമല്ല! കഫേകളും ഫിറ്റ്‌നസ് സെന്ററുകളുമായി വമ്പൻ മാറ്റത്തിന് രാജ്യം

യാത്രക്കാർക്ക് ഏറെ ആകർഷകമായ നിരക്കുകളാണ് ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി-ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസ് ടിക്കറ്റ് നിരക്കുകൾ 55 ദിർഹം മുതലും, ആഡംബര യാത്രയൊരുക്കുന്ന പ്രീമിയം ക്ലാസ് നിരക്കുകൾ 120 ദിർഹം മുതലും ആരംഭിക്കുന്നു. ടിക്കറ്റുകൾ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള 13 അത്യാധുനിക ട്രെയിനുകളാണ് പാസഞ്ചർ സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അൽ ദൈദ്, അൽ ദന്ന, അൽ ഫയാ, മദീനത്ത് സായിദ്, മെസൈറാ, അൽ മിർഫ, അൽ സില എന്നീ 11 പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ മെഗാ പ്രോജക്ട്. രാജ്യത്തെ ജനസാന്ദ്രതയേറിയ മേഖലകളെയും തിരക്കേറിയ റോഡുകളെയും അടിസ്ഥാനമാക്കിയാണ് ഇതിന്റെ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. 2030-ഓടെ പ്രതിവർഷം 3.65 കോടി യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ. ഭരണകൂടം ഈ സ്വപ്നപദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Share Email
Top