ഷാർജ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് സാന്ത്വനമേകി യു.എ.ഇ. വീണ്ടും സഹായഹസ്തം നീട്ടുന്നു. ‘ഹുമൈദ് എയർ ബ്രിഡ്ജ്’ സംരംഭത്തിന്റെ ഭാഗമായി 100 ടൺ ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഷാർജ വിമാനത്താവളം വഴി ഗാസയിലേക്ക് അയച്ചത്. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ പ്രത്യേക താൽപ്പര്യപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി, ഗാസയിലെ പട്ടിണിയും ദുരിതവും ലഘൂകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇ. നിലവിൽ ഗാസയിൽ നടത്തിവരുന്ന ‘ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3’ എന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായവും എത്തിച്ചിരിക്കുന്നത്. നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് പുറമെ വൻതോതിലുള്ള മെഡിക്കൽ സഹായങ്ങളും യു.എ.ഇ. നൽകുന്നുണ്ട്. ഗാസയിലെ ഫീൽഡ് ഹോസ്പിറ്റലിന് പുറമെ ഈജിപ്തിലെ അൽ അരിഷിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലോട്ടിങ് ഹോസ്പിറ്റലിലും നൂറോളം കിടക്കകളും വിദഗ്ധ മെഡിക്കൽ സംഘവും സേവനമനുഷ്ഠിക്കുന്നുണ്ട്.
Also Read: യു.എ.ഇ. പ്രസിഡന്റും അജ്മാൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി
ഏതാണ്ട് 300 കോടിയിലേറെ ഡോളർ മൂല്യം വരുന്ന 1,22,000 ടൺ സാധനങ്ങളാണ് ഇതുവരെ യു.എ.ഇ. ഗാസയിലേക്ക് എത്തിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള എയർ ബ്രിഡ്ജ് സംരംഭം വരും ദിവസങ്ങളിലും തുടരുമെന്ന് ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അബ്ദുൾ വഹാബ് അൽ ഖാജ വ്യക്തമാക്കി.
വിമാനങ്ങൾ വഴിയുള്ള സഹായത്തിന് പുറമെ, എട്ടു ലക്ഷം ദിർഹം മൂല്യമുള്ള സാധനങ്ങളുമായി പ്രത്യേക സഹായക്കപ്പലും ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട്. വ്യോമ-കടൽ മാർഗങ്ങളിലൂടെ സഹായ വിതരണം വ്യാപിപ്പിച്ചുകൊണ്ട് പലസ്തീൻ ജനതയുടെ അതിജീവനത്തിന് കരുത്തുപകരുകയാണ് യു.എ.ഇ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






