തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ യുഎഇ; ലേബർ ക്യാംപുകൾ ഇനി ‘ഹൈടെക്’ സ്മാർട്ട് കേന്ദ്രങ്ങളാകും

തൊഴിലാളികളുടെ സുരക്ഷയ്ക്കും മാനസിക ഉല്ലാസത്തിനും മുൻഗണന നൽകുന്നതാണ് പുതിയ നിയമങ്ങൾ

തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ യുഎഇ; ലേബർ ക്യാംപുകൾ ഇനി ‘ഹൈടെക്’ സ്മാർട്ട് കേന്ദ്രങ്ങളാകും
തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ യുഎഇ; ലേബർ ക്യാംപുകൾ ഇനി ‘ഹൈടെക്’ സ്മാർട്ട് കേന്ദ്രങ്ങളാകും

അബുദാബി: യുഎഇയിലെ പ്രവാസി തൊഴിലാളികൾക്ക് കനത്ത ആശ്വാസവും സന്തോഷവും പകരുന്ന വൻ പരിഷ്കാരങ്ങളുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ലേബർ ക്യാംപുകളിലെ ജീവിതസാഹചര്യങ്ങൾ അടിമുടി മാറ്റിയെഴുതുന്ന പുതിയ മാർഗനിർദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയ്ക്കും മാനസിക ഉല്ലാസത്തിനും മുൻഗണന നൽകുന്നതാണ് പുതിയ നിയമങ്ങൾ. ഇനി മുതൽ യുഎഇയിലെ തൊഴിലാളി ക്യാംപുകൾ കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലകളിൽ നിന്ന് കുറഞ്ഞത് 5 കിലോമീറ്റർ അകലെയായിരിക്കണം സ്ഥാപിക്കേണ്ടത്.

പ്രകൃതിദുരന്തങ്ങളോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ക്യാംപുകൾ പാടില്ലെന്നും, മികച്ച റോഡ് ശൃംഖലയുള്ള വ്യാവസായിക മേഖലകൾക്ക് സമീപമായിരിക്കണം ഇവയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആധുനിക ലോകത്ത് ആശയവിനിമയം സുഗമമാക്കാൻ ക്യാംപുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നിർബന്ധമാക്കിയിട്ടുണ്ട്. ആയിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ, ബാങ്കിങ് ആവശ്യങ്ങൾക്കായുള്ള ധനകാര്യ സേവന ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കണം. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും തടസ്സമില്ലാതെ വന്നുപോകാനുള്ള പാർക്കിങ്, പ്രവേശന സൗകര്യങ്ങളും ഒരുക്കണം.

Also Read: എ.ഐ. കരുത്തിൽ ദുബായ് തിളങ്ങും; 17 കിലോമീറ്റർ പ്രധാന റോഡുകളുടെ നവീകരണം പൂർത്തിയാക്കി ആർ.ടി.എ.

തൊഴിലാളികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യമാണ് പുതിയ പരിഷ്കാരത്തിൽ നൽകിയിരിക്കുന്നത്. ഔദ്യോഗിക അവധി ദിവസങ്ങളിൽ തൊഴിലാളികൾക്കായി വിനോദ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കണമെന്ന് തൊഴിലുടമകൾക്ക് നിർദേശമുണ്ട്. ക്യാംപുകൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്നുള്ള കൃത്യമായ അനുമതി പത്രങ്ങൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ യുഎഇ സർക്കാർ പുലർത്തുന്ന ആഗോള നിലവാരത്തിന്റെ തെളിവാണ് ഈ പുതിയ ചുവടുവെപ്പ്.

Share Email
Top