ദുബൈ: ഛിന്നഗ്രഹങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന പര്യവേക്ഷണ വാഹനം വികസിപ്പിക്കാനൊരുങ്ങി യു.എ.ഇ. 13 വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. മുഹമ്മദ് ബിൻ റാഷിദ് എക്സ്പ്ലോറേഴ്സ് ലാൻഡർ എന്ന പേരിലാണ് ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹങ്ങളിലേക്ക് പര്യവേക്ഷണം നടത്താൻ യു.എ.ഇ വാഹനം വികസിപ്പിക്കുന്നത്.
ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലായിരിക്കും ലാൻഡർ ഇറക്കുക. യു.എ.ഇ ദേശീയ സ്ഥാപനങ്ങളും ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിക്കുന്ന കരാറിൽ ഒപ്പുവെച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Also Read: ഇസ്രയേലിന്റെ വിവാദ ഭൂപടം; ശക്തമായി പ്രതികരിച്ച് കുവൈത്ത്
ആറ് വർഷം കൊണ്ടാണ് പര്യവേക്ഷണ പേടകം വികസിപ്പിക്കുക. ഇത് അഞ്ച് ശതകോടി കിലോമീറ്റർ യാത്ര ചെയ്ത് ഛിന്നഗ്രഹത്തിലെത്താൻ വീണ്ടും ഏഴ് വർഷം സമയമെടുക്കും. ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നാം നിർണായക മുദ്ര പതിപ്പിക്കാനൊരുങ്ങുകയാണെന്നും നമ്മുടെ സ്വപ്നങ്ങളെ മാനവികതയുടെ പുരോഗതിക്ക് സംഭാവന ചെയ്യുന്ന നേട്ടങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണിതെന്നും ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു.