യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. അബുദാബിയിലെ അൽ ദഫ്രയിലുള്ള ബുദു ദഫ്സ് മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12:45-ന് 51.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അൽ ദഫ്രയിലെ ഔതൈദിൽ 50.1 ഡിഗ്രിയും ഷവാമിഖിൽ 50 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയിലെ കടുത്ത ഉഷ്ണതരംഗമായ ‘ജംറത് അൽ ഖൈത്ത്’ ഈ മാസം 10 വരെ തുടരുമെന്നും, അതിനുശേഷം താപനിലയിൽ കുറവുണ്ടാകുമെന്നും വിദഗ്ധർ വ്യക്തമാക്കി.
അതേസമയം, കടുത്ത വേനലിനിടയിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യുന്നത് തുടരുകയാണ്. ഫുജൈറയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും രാജ്യത്തെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.






