മുസ്‌ലിം സൗഹൃദ വിനോദസഞ്ചാരത്തിൽ ആഗോളതലത്തിൽ തിളങ്ങി യു.എ.ഇ; എ.ഐ അധിഷ്ഠിത യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മുന്നേറ്റം

അന്താരാഷ്ട്ര പേയ്‌മെന്റ് കമ്പനിയായ മാസ്റ്റർകാർഡും പ്രമുഖ ഹലാൽ ട്രാവൽ റിസർച്ച് സ്ഥാപനമായ ക്രെസന്റ് റേറ്റിങ്ങും ചേർന്ന് പുറത്തിറക്കിയ 'ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സ് 2026' റിപ്പോർട്ടിലാണ് യു.എ.ഇ. ഈ മികച്ച നേട്ടം കൈവരിച്ചത്

മുസ്‌ലിം സൗഹൃദ വിനോദസഞ്ചാരത്തിൽ ആഗോളതലത്തിൽ തിളങ്ങി യു.എ.ഇ; എ.ഐ അധിഷ്ഠിത യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മുന്നേറ്റം
മുസ്‌ലിം സൗഹൃദ വിനോദസഞ്ചാരത്തിൽ ആഗോളതലത്തിൽ തിളങ്ങി യു.എ.ഇ; എ.ഐ അധിഷ്ഠിത യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മുന്നേറ്റം

ദുബായ്: ലോകത്തിലെ ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായ മുസ്‌ലിം സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആഗോള പട്ടികയിൽ ആറാംസ്ഥാനം കരസ്ഥമാക്കി യു.എ.ഇ. അന്താരാഷ്ട്ര പേയ്‌മെന്റ് കമ്പനിയായ മാസ്റ്റർകാർഡും പ്രമുഖ ഹലാൽ ട്രാവൽ റിസർച്ച് സ്ഥാപനമായ ക്രെസന്റ് റേറ്റിങ്ങും ചേർന്ന് പുറത്തിറക്കിയ ‘ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സ് 2026’ റിപ്പോർട്ടിലാണ് യു.എ.ഇ. ഈ മികച്ച നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം സഞ്ചാരികൾക്ക് ഏറ്റവും മികച്ച സേവനങ്ങളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്ന 27 മുൻനിര രാജ്യങ്ങളുടെ പ്രത്യേക കൂട്ടായ്മയായ ‘ട്രെയ്ൽ ബ്ലേസേഴ്‌സ്’ പട്ടികയിലാണ് യു.എ.ഇ. ഇടംപിടിച്ചിരിക്കുന്നത്.

ആകെ 100-ൽ 75 പോയിന്റ് നേടിയാണ് യു.എ.ഇ. ആറാംസ്ഥാനത്തെത്തിയത്. വിശ്വാസപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഹലാൽ ഭക്ഷണ ലഭ്യത, മികച്ച പ്രാർഥനാ സൗകര്യങ്ങൾ എന്നിവയിൽ നൂറിൽ നൂറു മാർക്കും നേടാൻ യു.എ.ഇ.ക്കായി എന്നത് രാജ്യത്തിന്റെ സവിശേഷമായ മികവായി റിപ്പോർട്ട് അടിവരയിടുന്നു. വിമാനയാത്രയിലെ വിപുലമായ കണക്ടിവിറ്റി, ആഗോള നിലവാരത്തിലുള്ള അത്യാധുനിക വിമാനത്താവളങ്ങൾ, നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങൾ, അതിവേഗത്തിലുള്ള ലളിതമായ വിസ നടപടികൾ എന്നിവയാണ് യു.എ.ഇ.യെ ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

Also Read: ഹലാൽ സൗകര്യങ്ങളിൽ 100-ൽ 100..! മുസ്‌ലിം സഞ്ചാരികളുടെ പറുദീസയായി യു.എ.ഇ

ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഇത്തവണത്തെ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. ആഗോളതലത്തിൽ ഏകദേശം 80 ശതമാനം മുസ്‌ലിം സഞ്ചാരികളും തങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനായി ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റന്റലിജൻസ് ടൂളുകളെയാണ് ആശ്രയിക്കുന്നത്. മികച്ച ഹലാൽ റസ്റ്ററന്റുകൾ കണ്ടെത്താനും പ്രാർഥനാസ്ഥലങ്ങൾ തിരിച്ചറിയാനും തടസ്സമില്ലാത്ത യാത്രാ റൂട്ടുകൾ താരതമ്യം ചെയ്യാനും ഡിജിറ്റൽ സംവിധാനങ്ങൾ യാത്രക്കാരെ സഹായിക്കുന്നുണ്ട്. ഇത്തരം വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്മാർട്ട് ആപ്പുകളിലൂടെയും വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ യു.എ.ഇ. ഏറെ മുന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ഡിജിറ്റൽ സംവിധാനങ്ങളിലും വിമാനത്താവളങ്ങളിലും നൽകുന്ന മികച്ച പിന്തുണ സഞ്ചാരികളുടെ യാത്രാനുഭവം കൂടുതൽ സുഗമമാക്കുന്നുണ്ട്.

ആഗോള മുസ്‌ലിം വിനോദസഞ്ചാര മേഖല വലിയൊരു സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് 2026-ലെ ജി.എം.ടി.ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2026-ൽ ആഗോളതലത്തിൽ മുസ്‌ലിം സഞ്ചാരികളുടെ എണ്ണം 20.8 കോടിയായി ഉയരുമെന്നും 2030-ഓടെ ഇത് 26.2 കോടിയായി വർദ്ധിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഈ മേഖലയിലെ വാർഷിക യാത്രാച്ചെലവ് വരുംവർഷങ്ങളിൽ ഏകദേശം 31,000 കോടി അമേരിക്ക ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കാരണം ദീർഘദൂര യാത്രകൾക്ക് പകരം കൂടുതൽ സുരക്ഷിതവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ പ്രാദേശിക മേഖലകൾ തിരഞ്ഞെടുക്കുന്ന ‘ഹോം-കോണ്ടിനെന്റ്’ എന്ന പുതിയ യാത്രാരീതിയിലേക്ക് സഞ്ചാരികൾ മാറുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സാങ്കേതികവിദ്യയും എ.ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളും വിനോദസഞ്ചാര മേഖലയെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ, ഭൗതികമായ സാഹചര്യങ്ങൾക്കൊപ്പം തന്നെ അവ ഡിജിറ്റൽ ലോകത്ത് എത്രത്തോളം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ഈ ഡിജിറ്റൽ പരിവർത്തനത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയതാണ് യു.എ.ഇ.യെ ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ നിലനിർത്തുന്നത്.

Share Email
Top