ദുബായ്: രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന ലഹരിമരുന്ന് കടത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി യു.എ.ഇ. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ദേശീയ ആന്റി നാർക്കോട്ടിക്‌സ് അതോറിറ്റി ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ നേരിട്ട് വിലയിരുത്തി.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആക്ടിങ്ങ് ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുല്ല ബിൻ ലാഹെജ് അൽ ഫലാസി, തുറമുഖങ്ങളുടെ ആക്ടിങ്ങ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ കുവൈ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഊഷ്മളമായി സ്വീകരിച്ചു.
Also Read: ‘മക്ക സംയുക്ത പ്രതിരോധ കരാർ’ യാഥാർത്ഥ്യമായി; സഖ്യത്തിലേക്ക് ഈജിപ്തും എത്തിയേക്കുമെന്ന് തുർക്കി
സന്ദർശനത്തിന്റെ ഭാഗമായി, യു.എ.ഇയുടെ വിവിധ അതിർത്തികളിൽ ലഹരിമരുന്ന് പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ പരിശോധനാ ഉപകരണങ്ങളും കെ9 ഡോഗ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളും ഷെയ്ഖ് സായിദ് നേരിട്ടുകണ്ടു. കര, വ്യോമ, സമുദ്രാതിർത്തികളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പുലർത്തുന്ന ജാഗ്രതയെയും ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു.
തുടർന്ന് അജ്മാൻ, ഉമ്മുൽഖുവൈൻ, ദുബായ്, ഷാർജ, ഫുജൈറ തുടങ്ങിയ വിവിധ എമിറേറ്റുകളിലെ കസ്റ്റംസ് ഡയറക്ടർമാരുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ പ്രത്യേക സംയുക്തയോഗവും ചേർന്നു. നാഷണൽ ആന്റി നാർക്കോട്ടിക്‌സ് അതോറിറ്റിയും ഫെഡറൽ-പ്രാദേശിക കസ്റ്റംസ് വകുപ്പുകളും തമ്മിലുള്ള ശക്തമായ സഹകരണമാണ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ ഇനിയും കൂടുതൽ നൂതനമാക്കുമെന്നും ആധുനിക സാങ്കേതികവിദ്യകൾ തുടർന്നും നടപ്പിലാക്കുമെന്നും ഫെഡറൽ അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി. കുറ്റവാളികളുടെ പുതിയ ലഹരിക്കടത്ത് മാർഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് തുടർച്ചയായ പരിശീലനങ്ങളും സുരക്ഷാ അവബോധവും നൽകിവരുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.






