അബുദാബി: യുഎഇ അതിന്റെ 54-ാമത് ദേശീയ ദിനം ഇന്ന് വിപുലമായി ആഘോഷിക്കുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഐക്യവും, കൂട്ടായ്മയുടെ കരുത്തും, രാജ്യത്തിന്റെ ചൈതന്യവും പ്രതിഫലിക്കുന്ന തരത്തിൽ രാജ്യമെങ്ങും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും നഗരവീഥികൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 54 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ പ്രധാന റോഡുകളിലും പാലങ്ങളിലും 54 രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ പ്രവാസി സംഘടനകളായ കെഎംസിസി, ഇന്ത്യൻ അസോസിയേഷൻ ഷാർജ, എന്നിവ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം, രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിലെ പ്രധാന ഹൈവേകളും കേന്ദ്രങ്ങളും വർണ്ണാഭമായി അലങ്കരിച്ചിട്ടുണ്ട്. അബുദാബിയിലെ കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവയും, ദുബായിലെ ശൈഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജയിലെ ഇത്തിഹാദ് റോഡ് എന്നിവയും ഈ ആഘോഷത്തിനായി ദീപാലംകൃതമായിരിക്കുന്നു.
Also Read: ബാച്ചിലർമാരുടെ കുടിയേറ്റം! സ്വകാര്യ പാർപ്പിട മേഖലകളിൽ പരിശോധന കർശനമാക്കുന്നു
അതേസമയം ഈ വർഷം യുഎഇ ദേശീയ ദിനം ‘ഈദ് അൽ ഇത്തിഹാദ്’ എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2 ന് ഏഴ് എമിറേറ്റുകൾ സംയോജിച്ചതിന്റെ സ്മരണ പുതുക്കലാണ് ഈ ആഘോഷം. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ പ്രമേയം ‘യുണൈറ്റഡ്’ എന്നതാണ്. യുഎഇയിലുടനീളമുള്ള വേദികളിൽ ഇന്ന് ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും.






