യുക്രെയ്നിന് കൂടുതല്‍ സൈനിക സഹായത്തിനായി പണം സ്വരൂപിക്കുന്നതിനായി ഒരു പുതിയ ഫണ്ട് സൃഷ്ടിക്കുന്നതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഈ സംരംഭത്തിന് ധനസഹായം ലഭിക്കുക.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രെയ്നിനുള്ള സാമ്പത്തിക, സൈനിക സഹായം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങുമെന്ന ബ്രസ്സല്‍സിലെ ആശങ്കകള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം യുക്രെയ്‌ന് അമേരിക്ക നല്‍കിയ ധനസഹായം തിരികെ നല്‍കണമെന്ന് സെലന്‍സ്‌കിയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Also Read: അമേരിക്കയെ വെല്ലുവിളിച്ച് യുക്രെയ്‌ന് സൈനിക സഹായം വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍
യൂറോപ്യന്‍ യൂണിയന്റെ ഈ പുതിയ പദ്ധതിയെ കുറിച്ച് അടുത്ത ആഴ്ച ചര്‍ച്ച നടക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പീരങ്കി വെടിമരുന്ന്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ദീര്‍ഘദൂര മിസൈലുകള്‍ എന്നിവയുള്‍പ്പെടെ യുക്രെയ്നിന്റെ ഏറ്റവും അടിയന്തിര സൈനിക ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം. പരിശീലനവും ഉപകരണങ്ങളും ഉള്‍പ്പെടെ യുക്രെയ്നിന്റെ പ്രതിരോധ മേഖലയ്ക്കുള്ള വിശാലമായ പിന്തുണയും, യൂറോപ്യന്‍ യൂണിയന്‍-യുക്രെയ്ന്‍ സംയുക്ത വ്യാവസായിക സംരംഭങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സംരംഭത്തിനുള്ള ധനസഹായം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ദേശീയ വരുമാനത്തിന് ആനുപാതികമായ സ്വമേധയാ നല്‍കുന്ന സംഭാവനകളില്‍ നിന്നോ, മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള ലാഭത്തില്‍ നിന്നോ ആണ് പ്രതീക്ഷിക്കുന്നത്.
2022 മുതല്‍, അമേരിക്കയും ബ്രസ്സല്‍സും റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരത്തില്‍ ഏകദേശം 300 ബില്യണ്‍ ഡോളറും സ്വകാര്യ ആസ്തികളില്‍ കോടിക്കണക്കിന് ഡോളറും മരവിപ്പിച്ചിട്ടുണ്ട്. ചില പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മരവിപ്പിച്ച ഫണ്ടുകള്‍ യുക്രെയ്‌നിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, നിയമപരമായ ആശങ്കകള്‍ അത്തരം ശ്രമങ്ങളെ മന്ദഗതിയിലാക്കിയിരിക്കുകയാണ്. റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള വരുമാനം എടുത്ത് ജി.7 രാജ്യങ്ങള്‍ യുക്രെയ്‌നിന് 50 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Also Read: സെലന്‍സ്‌കിയെ ലക്ഷ്യം വെച്ച് ട്രംപ്; തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആഹ്വാനം
അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌ന് നല്‍കുന്ന പിന്തുണ അവര്‍ക്ക തന്നെ തിരിച്ചടിയാകുമെന്ന് റഷ്യ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ആസ്തികള്‍ മരവിപ്പിക്കുന്നതിനെ ‘മോഷണം’ എന്ന് റഷ്യ അപലപിക്കുകയും ചെയ്തു.