കോവിഡ് ലോക്ക്ഡൗണിൽ മാസ്‌ക് ധരിക്കാതെ കഞ്ചാവ് കടത്ത്; രണ്ടുപേർക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും

ബേക്കൽ ജംഗ്ഷനിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക്കപ്പ് ഓട്ടോയിൽ ഒളിപ്പിച്ച നിലയിൽ ആറ് കിലോ കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്

കോവിഡ് ലോക്ക്ഡൗണിൽ മാസ്‌ക് ധരിക്കാതെ കഞ്ചാവ് കടത്ത്; രണ്ടുപേർക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും
കോവിഡ് ലോക്ക്ഡൗണിൽ മാസ്‌ക് ധരിക്കാതെ കഞ്ചാവ് കടത്ത്; രണ്ടുപേർക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും

കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പിക്കപ്പ് ഓട്ടോയിൽ ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി ആഷിഖ് (30), കല്ലൂരാവി പഴയക്കടപ്പുറം സ്വദേശി അസ്കർ അലി (32) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഒരു വർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2020 ഏപ്രിൽ 29 ആണ് സംഭവം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കടുത്ത ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തായിരുന്നു സംഭവം. പ്രതികൾ രണ്ടുപേരും മാസ്‌ക് പോലും ധരിക്കാതെ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പിക്കപ്പ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. ബേക്കൽ ജംഗ്ഷനിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക്കപ്പ് ഓട്ടോയിൽ ഒളിപ്പിച്ച നിലയിൽ ആറ് കിലോ കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്. അന്നത്തെ ബേക്കൽ സബ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കഞ്ചാവും കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർമാരായ പി. നാരായണൻ, നിസാം എസ്. എന്നിവർ കേസന്വേഷണം പൂർത്തിയാക്കുകയും ഇൻസ്പെക്ടർ വിപിൻ യു.പി. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണക്കൊടുവിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Share Email
Top