ഇംഫാൽ: മണിപ്പൂരിൽ രണ്ട് വ്യത്യസ്ത സായുധ ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ഒരാളുടെ ഭർത്താവിനും കൈക്കുഞ്ഞിനും പരുക്കേറ്റു. തമൻഗ്ലോങ്, നോനി ജില്ലകളിലാണ് ഞായറാഴ്ച ആക്രമണങ്ങൾ നടന്നത്. തമൻഗ്ലോങ് ജില്ലയിലെ ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ആദ്യ സംഭവം. വീട്ടിൽ കഴിയുകയായിരുന്ന ലിംഗ്ജംഗൈ സിങ്സിറ്റിയെ സായുധ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് സെയ്നെ സിങ്സിറ്റിക്കും കൈക്കുഞ്ഞിനും പരുക്കേറ്റു. സംഭവത്തിന് പിന്നാലെ സുരക്ഷാസേന സ്ഥലത്തെത്തി ഇവർക്ക് വൈദ്യസഹായം നൽകി.
രണ്ടാമത്തെ ആക്രമണം ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലായിരുന്നു. വെടിവെപ്പിൽ ജൂലി ഗാങ്തെ എന്ന സ്ത്രീ കൊല്ലപ്പെട്ടു. 1990കളിൽ മണിപ്പൂരിൽ നടന്ന കുക്കി–നാഗ സംഘർഷത്തിനിടെ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാൻ കുക്കി സമൂഹം സെപ്റ്റംബർ 13ന് ആചരിക്കുന്ന ‘സാഹിത് നി’ അഥവാ ‘ബ്ലാക്ക് ഡേ’ ദിനത്തിലായിരുന്നു രണ്ട് കൊലപാതകങ്ങളും നടന്നത്.
2023 മേയിൽ താഴ്വര കേന്ദ്രീകരിച്ച മെയ്തെയ് വിഭാഗവും മലയോര മേഖലകളിലെ കുക്കി വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ ഇതുവരെ 306 പേർ കൊല്ലപ്പെട്ടതായും 49 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് പേർ ഭവനരഹിതരായതായും റിപ്പോർട്ടുകളുണ്ട്. പുതിയ ആക്രമണങ്ങൾക്കിടെ മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വീണ്ടും ചർച്ചയാകുകയാണ്.
ടോലെൻ കുക്കി ഗ്രാമത്തിലെ സംഭവം ഏറെ അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിങ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഇത്തരം ആക്രമണങ്ങൾ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയും സമാധാനത്തിലേക്കുള്ള ദുർബലമായ ശ്രമങ്ങളെ കൂടുതൽ തകർക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.






