സൗദി അറേബ്യയിൽ നടക്കുന്ന ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ജിദ്ദ സീസണൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫോർമുല 1 നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏപ്രിൽ 20, 21 ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സൗദി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫോർമുല 1. തുടർച്ചയായ അഞ്ചാം തവണയാണ് ജിദ്ദ ഇതിന് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ടായ ജിദ്ദ കോർണിഷിലാണ് 2025 ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ട് ആയ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് മത്സരങ്ങൾ നടക്കുന്നത്. ഇതിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ജിദ്ദ കോർണിഷ് സർക്യൂട്ട് പൂർത്തിയാക്കി കഴിഞ്ഞു. ഏപ്രിൽ 18 മുതൽ 20 വരെയാണ് സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്.