ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ തലമുറ ഉയർന്നു വരികയാണ്. അവർക്ക് വലിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിൻബലമുണ്ടാകണമെന്നില്ല, കോടികൾ ചെലവഴിക്കുന്ന തിരഞ്ഞെടുപ്പ് സംവിധാനമോ, അധികാരത്തിന്റെ സംരക്ഷണമോ ഇല്ല. പക്ഷേ അവർക്ക് ഒരു രാഷ്ട്രീയമുണ്ട്, ഒരു പ്രത്യയശാസ്ത്രവുമുണ്ട്, തെരുവിലിറങ്ങി പോരാടാനുള്ള കരുത്തും ആവേശവുമുണ്ട്. അത്തരത്തിൽ ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്ന രണ്ട് യുവ വനിതാ മുഖങ്ങളാണ് ഐഷി ഘോഷും നേഹ ബോറയും.
രണ്ടുപേരും ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പക്ഷേ രണ്ട് വ്യത്യസ്ത കമ്യൂണിസ്റ്റ് രാഷ്ട്രീയധാരകളെയാണ് അവർ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ ദേശീയ നേതൃത്വത്തിലുള്ള ഐഷി ഘോഷാണ് ഇവരിൽ ഒരാൾ. സി.പി.ഐ എം.എൽ ലിബറേഷന്റെ വിദ്യാർത്ഥി സംഘടനയായ ഐസയുടെ ദേശീയ നേതൃത്വത്തിലുള്ള നേഹ ബോറയാണ് രണ്ടാമത്തെ പോരാളി. ഇവരുടെ പേരുകൾ ഇന്ന് ക്യാമ്പസുകളുടെ നാലുചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ഡൽഹിയിലെ തെരുവുകളിലും പ്രതിഷേധ വേദികളിലും കേന്ദ്രസർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും ഇവരുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഒരു ചോദ്യം പ്രസക്തമാണ്. ആരാണ് ഈ ഐഷി ഘോഷ്? ആരാണ് നേഹ ബോറ?എങ്ങനെയാണ് ഇവർ ദേശീയ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മുഖങ്ങളായി മാറിയത്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്നത് പുതിയ തലമുറ മാത്രമല്ല പഴയ തലമുറ കൂടിയാണ്. ഒപ്പം ബിജെപിയുടെയും കോൺഗ്രസ്സിൻ്റെയും നേതാക്കളും ഈ വിദ്യാർത്ഥി നേതാക്കളെ കുറിച്ച് ഇപ്പോൾ പഠിക്കാൻ ശ്രമിക്കുകയാണ്. ആദ്യം നമുക്ക് ഐഷി ഘോഷിലേക്ക് വരാം,
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഐഷി ഘോഷ് ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നത്. ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന കാലത്ത് തന്നെ ദേശീയ മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ട വിദ്യാർത്ഥി നേതാവാണ് ഐഷി. ജെ.എൻ.യു എന്നത് ഇന്ത്യയിലെ ഏതെങ്കിലും ഒരു സർവകലാശാല മാത്രമല്ല. പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ദിശ നൽകിയ നിരവധി വിദ്യാർത്ഥി നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും സൃഷ്ടിച്ച ക്യാമ്പസാണത്.
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള ക്യാമ്പസായാണ് ജെ.എൻ.യു അറിയപ്പെടുന്നത്. അവിടെ ദേശീയ രാഷ്ട്രീയം മുതൽ അന്താരാഷ്ട്ര രാഷ്‌ട്രീയം വരെയാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. ഇവിടെ നിന്നു തന്നെയാണ് ഐഷി ഘോഷിന്റെ രാഷ്ട്രീയ വളർച്ചയും തുടങ്ങുന്നത്. എന്നാൽ ഐഷിയെ ദേശീയ തലത്തിൽ അറിയപ്പെടുന്ന മുഖമാക്കി മാറ്റിയത് കാമ്പസിലെ ഒരു തിരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നില്ല. 2020 ജനുവരിയിൽ ജെ.എൻ.യുവിൽ നടന്ന അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് തലയിൽ രക്തമൊഴുകുന്ന ഐഷി ഘോഷിന്റെ ചിത്രം രാജ്യം മുഴുവൻ നടുക്കത്തോടെയാണ് കണ്ടത്. ആ ചിത്രം ഒരു വിദ്യാർത്ഥി നേതാവിന്റെ ചിത്രം എന്നതിനപ്പുറം വലിയൊരു രാഷ്ട്രീയ പ്രതീകമായാണ് മാറിയിരുന്നത്. അക്രമത്തിന് പിന്നാലെയും അവർ പ്രതിഷേധവേദിയിലേക്ക് തിരിച്ചെത്തിയത് അവരുടെ രാഷ്ട്രീയ ഇമേജ് കൂടുതൽ ശക്തമാക്കാനാണ് ഇടയാക്കിയിരുന്നത്.
അതിനുശേഷം കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ മുതൽ പൗരത്വ വിഷയങ്ങൾ വരെയുള്ള നിരവധി പ്രതിഷേധങ്ങളിൽ, ഐഷിയുടെ സാന്നിധ്യം വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടു.പിന്നീട് അവർ എസ്.എഫ്.ഐയുടെ ദേശീയ നേതൃത്വത്തിലേക്കും ഉയർന്നു.
ഇവിടെയാണ് ഐഷി ഘോഷിനെ മറ്റൊരു രീതിയിൽ കൂടി വിലയിരുത്തേണ്ടത്. സാധാരണ വിദ്യാർത്ഥി നേതാക്കളുടെ രാഷ്ട്രീയ ജീവിതം ക്യാമ്പസ് കാലഘട്ടത്തോടെ അവസാനിക്കുന്നതാണ് പലപ്പോഴും നമ്മൾ കാണുന്നത്. പക്ഷേ ഐഷിയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല. ക്യാമ്പസിൽ നിന്ന് പുറത്തുവന്ന ശേഷവും ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന ഒരു യുവ ഇടതുപക്ഷ മുഖമായി അവർ തുടർന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും അവർ ഇറങ്ങി.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. ഈ തിരഞെടുപ്പിൽ അവർക്ക് വിജയിക്കാൻ സാധിച്ചില്ലങ്കിലും അതിലൂടെ എസ്.എഫ്.ഐ നേതാവ് എന്ന പരിധിയിൽ നിന്ന് സി.പി.എമ്മിന്റെ യുവ രാഷ്ട്രീയ മുഖങ്ങളിലൊന്നായി മാറാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മമത യുഗം അവസാനിച്ച ഘട്ടത്തിൽ ഐഷിക്ക് ഇനി ഏറെ സാധ്യതയുണ്ട്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ സി.പിഎം ഈ വിദ്യാർത്ഥി നേതാവിനെ ലോകസഭയിലേക്ക് മത്സരിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. അത്തരം ഒരു സാഹചര്യത്തിൽ വിജയ സാധ്യതയും കൂടുതലാണ്. ബിജെപി നേതാക്കൾ പോലും ഇപ്പോൾ തുറന്നു പറയുന്നത് പശ്ചിമ ബംഗാളിൽ സി.പി.എം ശക്തിയാർജിക്കുന്നു എന്നതാണ്.
ചെങ്കൊടിയുടെ രാഷ്ട്രീയ ശത്രുവായ തൃണമൂൽ കോൺഗ്രസ്സ് പോലും സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറാണ് എന്നുപറയുന്നതും നിലവിലെ ബംഗാളിലെ യാഥാർത്ഥ്യം മനസ്സിലാക്കിയാണ്. അതുകൊണ്ടു തന്നെ തീർച്ചയായും അടുത്ത ലോകസഭയിൽ ബംഗാൾ കടുവയായി ഐഷി ഘോഷ് പ്രതിക്ഷപ്പെടും എന്നു തന്നെ നമുക്ക് ഉറച്ച് വിശ്വസിക്കാം. വിവിധ സംസ്ഥാനങ്ങളിൽ ഈ എസ് എഫ് ഐ നേതാവ് നടത്തുന്ന പ്രചരണങ്ങളും, ഇടതുപക്ഷത്തേക്ക് പുതിയ തലമുറയെ ആകർഷിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. കോക്രോച്ച് ജനതാ പാർട്ടിക്ക് ഇടതുപക്ഷവുമായി സഹകരിക്കണമെന്ന ആഗ്രഹം ഉണ്ടായതിനു പിന്നിലും, ഐഷി ഘോഷിൻ്റെ പങ്ക് വളരെ വലുതാണ്.
ഇനി നേഹ ബോറയിലേക്ക് വരാം, ഐഷി ഘോഷിനെ പോലെ ദേശീയ മാധ്യമങ്ങളിൽ വർഷങ്ങളായി പരിചിതമായ മുഖമൊന്നുമല്ല നേഹ ബോറ.
എന്നാൽ സമീപകാല വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന ഇടതുപക്ഷ വിദ്യാർത്ഥി നേതൃത്വത്തിന്റെ ഭാഗമാണ് അവരെന്നത് പറയാതിരിക്കാൻ കഴിയുകയില്ല. ഐസ എന്ന പേരിൽ അറിയപ്പെടുന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ
സി.പി.ഐ എം.എൽ ലിബറേഷൻ്റെ വിദ്യാർത്ഥി സംഘടനയാണ്. ജെ.എൻ.യു ഉൾപ്പെടെയുള്ള നിരവധി ക്യാമ്പസുകളിലും വിവിധ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും ഐസയ്ക്കും നിർണ്ണായക സാന്നിധ്യമുണ്ട്. ഈ സംഘടനയുടെ ദേശീയ നേതൃത്വത്തിലൂടെയാണ് നേഹ ബോറയും ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവിടെ ഐഷിയും നേഹയും തമ്മിലുള്ള ഒരു പ്രധാന സാമ്യവും നാം ശ്രദ്ധിക്കണം. രണ്ടുപേരുടെയും രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ പ്രസ്താവന ഇറക്കുന്നതിൽ മാത്രഅവസാനിക്കുന്നതല്ല. പ്രതിഷേധ വേദികളിലാണ് അവർ കൂടുതൽ ദൃശ്യമാകുന്നത്. മാർച്ചുകളിലും ധർണകളിലും വിദ്യാർത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുമാണ് അവരുടെ രാഷ്ട്രീയം രൂപപ്പെടുന്നത്.
ഇതാണ് ഇന്നത്തെ പുതിയ തലമുറയുടെ രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ഘടകം. കാരണം ജെൻസി എന്ന് നമ്മൾ വിളിക്കുന്ന തലമുറയുടെ വലിയൊരു വിഭാഗവും, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന വിലയിരുത്തലുകൾക്കിടയിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഇപ്പോൾ രാജ്യത്ത് ഉണ്ടാകുന്നത്. തൊഴിലില്ലായ്മ,വിദ്യാഭ്യാസത്തിന്റെ ചെലവ്, പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ, ക്യാമ്പസുകളിലെ ജനാധിപത്യാവകാശങ്ങൾ, സ്ത്രീ സുരക്ഷ സാമൂഹിക നീതി,ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ കേന്ദ്രത്തിലേക്ക് വരുന്നത്. അവിടെയാണ് ഐഷി ഘോഷിനെയും നേഹ ബോറയെയും പോലുള്ള നേതാക്കളുടെയും പ്രസക്തി വർദ്ധിക്കുന്നത്.
ഇനി ഡൽഹിയിലെ പുതിയ പ്രക്ഷോഭ രാഷ്ട്രീയത്തിലേക്ക് വരാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ തെരുവിലിറങ്ങുകയാണ്. മറ്റൊരു പ്രധാന രാഷ്ട്രീയ സൂചനയും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ ജെൻ സി പ്രതിഷേധ കൂട്ടായ്മകളും പരമ്പരാഗത ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഒരേ സമരവേദികളിലേക്ക് എത്തുന്ന സാഹചര്യമാണത്. അതിന്റെ രാഷ്ട്രീയ പ്രാധാന്യം ചെറുതൊന്നുമല്ല.
കാരണം, എസ്.എഫ്.ഐക്കും ഐസയ്ക്കും സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ വർഷങ്ങളുടെ സംഘടനാ പരിചയമുണ്ട്. ക്യാമ്പസുകളിൽ യൂണിറ്റുകളുണ്ട്, സംസ്ഥാന ഘടകങ്ങളുണ്ട്, ദേശീയ നേതൃത്വമുണ്ട്, പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുള്ള സംഘടനാ കരുത്തുമുണ്ട്. അതേസമയം കോക്രോച്ചുകളെ പോലുള്ള പുതിയ ജെൻ സി കൂട്ടായ്മകളുടെ ശക്തി മറ്റൊന്നാണ്. അതാണ് സോഷ്യൽ മീഡിയ. വളരെ വേഗത്തിൽ യുവാക്കളെ ഒരു വിഷയത്തിന് ചുറ്റും അണിനിരത്താനുള്ള ശേഷിയാണത്. പരമ്പരാഗത പാർട്ടി സംവിധാനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന യുവാക്കളിലേക്ക് എത്താനുള്ള കുറുക്കു വഴിയാണിത്. ഈ രണ്ട് ശക്തികളും ഒരേ സമരവേദിയിൽ എത്തിയാൽ എന്തും സംഭവിക്കും. അതുതന്നെ ആയിരിക്കും വരുംകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരമായ പരീക്ഷണവും.
ഇവിടെയാണ് ഐഷി ഘോഷും നേഹ ബോറയും കൂടുതൽ പ്രസക്തരാകുന്നത്. പുതിയ പ്രതിഷേധ കൂട്ടായ്മകളെയും പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുന്ന പാലങ്ങളായാണ് ഈ രണ്ട് വിദ്യാർത്ഥി നേതാക്കളും മാറുന്നത്. അതിന്റെ രാഷ്ട്രീയ ഫലം എന്തായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെങ്കിലും ബിജെപി നേതാക്കൾക്കൊപ്പം കോൺഗ്രസ്സ് നേതാക്കളുടെയും ചങ്കിടിപ്പ് വർദ്ധിച്ചിട്ടുണ്ട്. മൂന്നാം ബദൽ വരുന്നത് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് കോൺഗ്രസ്സിൻ്റെ ഉറക്കം കെടുത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടിക്ക് ഉൾപ്പെടെ കോൺഗ്രസ്സിനോട് സഹകരിക്കാൻ താൽപര്യമില്ലന്നത് സിജെപി നേതാക്കളുടെ പ്രതികരണത്തിൽ നിന്നു തന്നെ വ്യക്തമാണ്.
കോക്രോച്ച് ജനതാ പാർട്ടിയുടെയും ഇടതുപക്ഷ സംഘടനകളുടെയും പുതിയ കൂട്ടായ്മയുടെ യഥാർത്ഥ ശക്തി വിലയിരുത്തപ്പെടുവാൻ പോകുന്നത് ഇനിവരാനിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാൽ, ഈ ഘട്ടത്തിൽ തന്നെ മറ്റൊരു കാര്യം ഉറപ്പിച്ച് പറയാൻ പറ്റും. ജെൻസികളെയും യുവത്വത്തെയും മുൻനിരയിലേക്ക് കൊണ്ടുവരുന്ന രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായി ഐഷിയും നേഹയും ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ യുവാക്കളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചും അവർ വാതോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ തെരുവിൽ സമരത്തിന് നേതൃത്വം നൽകുന്നതും ദേശീയ വിഷയങ്ങളിൽ നിലപാട് പറയുന്നതും പ്രധാനമായും ഇടതുപക്ഷ സംഘടനകളും അവയുടെ നേതാക്കളുമാണ്.
ഇവിടെയാണ് ഐഷി ഘോഷിനെ പോലുള്ളവരുടെ സ്വാധീനം എടുത്ത് പറയേണ്ടത്. ഒരു സാധാരണ വിദ്യാർത്ഥി പ്രവർത്തകയായി ആരംഭിച്ച രാഷ്ട്രീയ യാത്ര ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ ഐഷിയെ എത്തിച്ചു. അവിടെ നിന്ന് ദേശീയ പ്രതിഷേധങ്ങളുടെ മുഖമായി ശര വേഗത്തിലാണ് അവർ മാറിയത്. അതേസമയം, നേഹ ബോറയുടെ രാഷ്ട്രീയ യാത്ര ഇപ്പോഴും മറ്റൊരു ഘട്ടത്തിലാണ്. ഐസയുടെ ദേശീയ നേതൃത്വത്തിൽ നിന്ന് കൂടുതൽ വിശാലമായ ദേശീയ രാഷ്ട്രീയത്തിലേക്ക് അവർ എത്രത്തോളം ഉയരുമെന്നത് ഇനി കണ്ടറിയേണ്ട കാര്യമാണ്. സി.പി എമ്മിനും സി.പിഐയ്ക്കും ഒപ്പം തന്നെ ഇടതുപക്ഷ സഖ്യത്തിൽ സി.പി.ഐ (എംഎൽ) ലിബറേഷനും ഉള്ളതിനാൽ, നേഹ ബോറയ്ക്കും ബീഹാറിൽ നിന്നുൾപ്പെടെ ലോകസഭയിൽ എത്താൻ വലിയ പ്രയാസമുണ്ടാവുകയില്ല. ഐഷിയും നേഹയുമുള്ള ഒരു പാർലമെൻ്റ് പൊരുതുന്ന മനസ്സുകൾ ഇപ്പോൾ തന്നെ സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചയിൽ ഇനി ഒരിക്കലും പുരുഷ നേതാക്കളുടെ പേരുകൾ മാത്രം പറഞ്ഞാൽ മതിയാകില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നുവരുന്ന വനിതാ നേതാക്കളുടെ പേരുകളും അടയാളപ്പെടുത്തേണ്ടതായി വരും.
ഇവിടെ മറ്റൊരു ചരിത്രവും നമ്മൾ ഓർക്കണം. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിന്ന് ദേശീയ നേതാക്കളെ സൃഷ്ടിച്ച വലിയൊരു ചരിത്രമുണ്ട്. ക്യാമ്പസിൽ പോസ്റ്റർ ഒട്ടിച്ചും, പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചും, പൊലീസിൻ്റെ അടികൊണ്ടുമാണ് പല നേതാക്കളുടെയും രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നത്. അതുകൊണ്ടാണ് എസ്.എഫ്.ഐയും ഐസയും എ.ഐ.എസ്.എഫും പോലുള്ള സംഘടനകളിലെ പുതിയ നേതൃത്വത്തെ, ദേശീയ പാർട്ടികൾ പോലും ശ്രദ്ധിക്കുന്നത്.
ഒരു വശത്ത് ഐഷി ഘോഷ്, മറുവശത്ത് നേഹ ബോറ, പിന്നിൽ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളിലെ ആയിരക്കണക്കിന് പ്രവർത്തകർ. അവരോടൊപ്പം, കോകോച്ചുകൾ ഉൾപ്പെടെ പുതിയ ജെൻ സി പ്രതിഷേധ കൂട്ടായ്മകളും ചേരുമ്പോൾ ഡൽഹിയിലെ തെരുവുകൾ വീണ്ടും വലിയൊരു വിദ്യാർത്ഥി രാഷ്ട്രീയ പരീക്ഷണത്തിന്റെ വേദിയായാണ് മാറുക.
ആ ഘട്ടത്തിൽ ഈ രണ്ട് വനിതാ നേതാക്കളെയും രാജ്യം വീണ്ടും കൂടുതലായി കേൾക്കും. കൂടുതൽ കാണും. അവരുടെ രാഷ്ട്രീയത്തോട് ആർക്കും യോജിക്കാം, വിയോജിക്കാം, അവരുടെ സംഘടനകളുടെ നിലപാടുകളെ വിമർശിക്കുകയും ചെയ്യാം. എന്നാൽ അതുകൊണ്ടൊന്നും പുതിയ തലമുറയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന ശക്തമായ വനിതാ ശബ്ദങ്ങളെ അവഗണിക്കാൻ കഴിയുകയില്ല. അതുകൊണ്ടാണ് ഐഷി ഘോഷിന്റെയും നേഹ ബോറയുടെയും കഥ രണ്ട് വ്യക്തികളുടെ കഥ മാത്രമല്ലാതാകുന്നത്.
അത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടുത്ത അധ്യായം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഉയരുന്നത്. തീർച്ചയായും ഇത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയൊരു തലമുറയുടെ മുന്നേറ്റത്തിൻ്റെ തുടക്കമാണ്. പരമ്പരാഗത അധികാര സമവാക്യങ്ങളാണ് ഈ മുന്നേറ്റത്തിൽ തകരാൻ പോകുന്നത്. ചരിത്രവും അങ്ങനെയാകും ഈ മന്നേറ്റത്തെ ഇനി വിലയിരുത്താൻ പോകുന്നത്.
EXPRESS VIEW
വീഡിയോ കാണാം:






