അഡ്വ. അനീഷ്യയുടെ ആത്മഹത്യ; രണ്ടു പേര്‍ അറസ്റ്റില്‍

അഡ്വ. അനീഷ്യയുടെ ആത്മഹത്യ; രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡിഡിപി അബദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാനസിക സമ്മര്‍ദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നില്‍ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Top