അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലുള്ള ഹെൽ ക്രീക്ക് രൂപീകരണത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ നാല് വലിയ കാൽപ്പാടുകൾ ചരിത്രത്തിൽ പുതിയ വഴിമാറലുകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അധ്യാപകനായ കെന്റ് ഹപ്സ് ആദ്യം ശ്രദ്ധിച്ച ഈ അടയാളങ്ങൾ, ഭൂമിയിലെ ഏറ്റവും ഭീകരരായ ജീവികളിൽ ഒന്നായ ടൈറാനോസോറസ് റെക്സ് എങ്ങനെ നടന്നിരുന്നുവെന്നതിന്റെ അപൂർവ തെളിവുകളായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഏകദേശം ഏഴ് മീറ്റർ നീളമുള്ള ഈ പാത പ്രായപൂർത്തിയായ ഒരു ടി റെക്സിന്റേതാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മൂന്ന് വിരലുകളുള്ള ഈ കാൽപ്പാടുകളിൽ ഓരോന്നിനും ഏകദേശം ഒരു മീറ്റർ വീതമാണ് നീളമുള്ളത്. കാൽപ്പാടുകൾ തമ്മിലുള്ള കൃത്യമായ അകലം പരിശോധിച്ച ഗവേഷകർ, ടി റെക്സ് സെക്കൻഡിൽ 1.5 മുതൽ 2 മീറ്റർ വരെ വേഗത്തിലാണ് നടന്നിരുന്നതെന്ന് കണ്ടെത്തി. വടക്കൻ അമേരിക്കയിൽ ഇവ വ്യാപകമായി ജീവിച്ചിരുന്നു എന്നതിന്റെ കൃത്യമായ തെളിവുകൂടിയാണിത്. ജുറാസിക് പാർക്ക് സിനിമകളിലൂടെ ലോകമെമ്പാടും പ്രശസ്തമായ ഈ ജീവികളുടെ ചലനരീതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അപാരമായ ശരീരവലുപ്പമായിരുന്നു ടി റെക്സുകൾക്ക് ഉണ്ടായിരുന്നത് എന്ന് ഫോസിൽ പഠനങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 8870 കിലോ വരെ ഭാരം വരുന്ന ഇവയ്ക്ക് ഒരു ആനയുടെ ഇരട്ടിയിലധികം ഭാരമുണ്ടായിരുന്നു. പന്ത്രണ്ട് അടിയോളം നീളമുള്ള ശരീരത്തിന് പുറമെ, വാലിനു മാത്രം ആയിരം കിലോ ഭാരമാണുണ്ടായിരുന്നത്. ഇവയുടെ വഴിയിൽ അബദ്ധത്തിൽ ആരെങ്കിലും ചെന്നുപെട്ടാൽ രക്ഷപ്പെടുക അസാധ്യമായിരുന്നു. അക്കാലത്ത് മനുഷ്യരുണ്ടായിരുന്നെങ്കിൽ ആയുധങ്ങളില്ലാതെ ഇവയോട് പിടിച്ചുനിൽക്കുക എന്നത് ചിന്തിക്കാൻപോലും കഴിയാത്ത കാര്യമാണ്.
Also Read: ആഗോള വിപണിയിൽ വിസ്മയമായി ‘ആകാശും’ ‘ബ്രഹ്മോസും’; പ്രതിരോധ കയറ്റുമതിയിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ!
ഏകദേശം 6.6 കോടി വർഷങ്ങൾക്ക് മുൻപാണ് ടി റെക്സുകൾ ഭൂമിയിൽ സജീവമായി ജീവിച്ചിരുന്നത്. വിവിധ കാലഘട്ടങ്ങളിലായി രണ്ടുകോടിയിലധികം ടി റെക്സുകൾ ഭൂമിയിൽ ഉണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. എന്നാൽ, ആ കാലഘട്ടത്തിലെ ഇന്ത്യൻ മേഖലകളിൽ ഇവയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വടക്കൻ അമേരിക്കൻ പ്രദേശങ്ങളിലായിരുന്നു ഇവ പ്രധാനമായും താവളമുറപ്പിച്ചിരുന്നത്.
ടി റെക്സ് വിഭാഗത്തിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രശസ്തമായ ഫോസിലാണു സ്റ്റാൻ. ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഈ ദിനോസറിന്റെ ശേഷിപ്പുകൾ ഏറെക്കുറെ പരിപൂർണമായിരുന്നു. 2020 ഒക്ടോബർ ആറിന് നടന്ന ചരിത്രപ്രധാനമായ ഒരു ലേലത്തിൽ ഈ ഫോസിൽ 3.18 കോടി യുഎസ് ഡോളറിനാണ്, അതായത് ഏകദേശം 230 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
1992ൽ സൗത്ത് ഡക്കോട്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് സ്റ്റാൻ ദിനോസറിന്റെ ഫോസിൽ ഗവേഷകർ കുഴിച്ചെടുത്തത്. തുടർന്ന് ഇരുപതു വർഷത്തോളം സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ജിയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ലോകമെമ്പാടുമുള്ള ഒട്ടേറെ ശാസ്ത്രജ്ഞർ ഈ ഫോസിൽ കേന്ദ്രീകരിച്ച് നിർണായകമായ നിരീക്ഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ സ്റ്റാന്റെ ഫോസിൽ അബുദാബിയിൽ അടുത്തവർഷം പൂർത്തീകരിക്കുന്ന പുതിയ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷകരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നായിരിക്കും ഈ മ്യൂസിയമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭീകരൻമാരായ ടി റെക്സുകളുടെ മുൻഗാമികൾക്ക് പിൽക്കാലത്ത് കണ്ടെത്തിയതിനേക്കാൾ തീരെ വലുപ്പം കുറവായിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ഇപ്പോഴത്തെ കാലത്തെ ഒരു കോഴിയുടെ മാത്രം വലുപ്പമുള്ള ‘പെൻഡ്രെയിഗ് മിൽനറേ’ എന്ന ചെറുദിനോസറിൽ നിന്നാണ് പരിണാമം സംഭവിച്ച് ടി റെക്സുകൾ ഉണ്ടായതും പിന്നീട് ഭൂമിയുടെ അധിപൻമാരായി മാറിയതും. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ടത്.
വലുപ്പം വളരെ കുറവായിരുന്നെങ്കിലും ക്രൗര്യത്തിന്റെ കാര്യത്തിലും ആധിപത്യത്തിലും പെൻഡ്രെയിഗ് മിൽനറേ ഒട്ടും പിന്നിലായിരുന്നില്ല. ‘ചീഫ് ഡ്രാഗൺ’ എന്ന മറ്റൊരു വിളിപ്പേരുകൂടി ഈ കൊച്ചു ദിനോസറിനുണ്ടായിരുന്നു. ചെറുപ്പത്തിൽ നിസ്സാരമെന്ന് തോന്നിച്ച ഒരു ജീവി വർഗത്തിൽ നിന്നാണ് പിന്നീട് ലോകത്തെ വിറപ്പിച്ച ഭീകരനായ ടി റെക്സ് രൂപംകൊണ്ടതെന്ന യാഥാർത്ഥ്യം ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






