ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ എക്കാലത്തെയും വലിയ വിജയഗാഥകളിലൊന്നായ ടിവിഎസ് അപ്പാച്ചെ ആഗോളതലത്തിൽ 70 ലക്ഷം വിൽപ്പനയെന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 2005-ൽ വിപണിയിലെത്തിയ ബ്രാൻഡ്, കൃത്യം 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് 90-ലധികം രാജ്യങ്ങളിലായി പടർന്നുപന്തലിച്ച ഈ വമ്പൻ നേട്ടം സ്വന്തമാക്കിയത്. ടിവിഎസിന്റെ മുൻനിര സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളായ അപ്പാച്ചെ RR 310 ആണ് ഏഴ് മില്യണാമത് വണ്ടിയായി ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയത്. നിലവിൽ 2.62 ലക്ഷം രൂപ വിലയുള്ള ഈ ബൈക്ക് ട്രാക്ക്-ട്യൂൺ ചെയ്ത ഷാസിയും ലിക്വിഡ്-കൂൾഡ് 312 സിസി എഞ്ചിനുമായാണ് എത്തുന്നത്.
തുടക്കം മുതൽക്കേ വിപണിയിൽ വിപ്ലവകരമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ അപ്പാച്ചെ മുന്നിലായിരുന്നു. ഈ സെഗ്‌മെന്റിൽ ആദ്യമായി പല സവിശേഷതകളും കൊണ്ടുവന്നത് അപ്പാച്ചെ നിരയാണ്. റോട്ടോ-പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, ഫ്യുവൽ ഇഞ്ചക്ഷൻ, ഡ്യുവൽ-ചാനൽ എബിഎസ്. മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി സിസ്റ്റം. ടിവിഎസ് സ്മാർട്ട്എക്സണക്ട് , ഗ്ലൈഡ് ത്രൂ ടെക്നോളജി, കീലെസ് റൈഡ് സിസ്റ്റം. ബൈക്കുകൾ റൈഡറുടെ താല്പര്യത്തിനനുസരിച്ച് മാറ്റിയെടുക്കാവുന്ന ‘ബിൽറ്റ്-ടു-ഓർഡർ’പ്ലാറ്റ്‌ഫോം. വിൽപ്പനയിൽ മാത്രമല്ല, അപ്പാച്ചെ ഉപഭോക്താക്കളുടെ കൂട്ടായ്മ ഇന്ന് 5,00,000-ത്തിലധികം അംഗങ്ങളുള്ള വലിയൊരു റൈഡിങ് കമ്മ്യൂണിറ്റിയായി വളർന്നിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പതിവായി സംഘടിപ്പിക്കുന്ന ട്രാക്ക് റേസുകളും റൈഡുകളുമാണ് ഇവരെ സജീവമായി നിലനിർത്തുന്നത്.
ഈ അവിസ്മരണീയ നേട്ടത്തിന്റെ ഭാഗമായി അപ്പാച്ചെയുടെ റേസിങ് പാരമ്പര്യം വിളിച്ചോതുന്ന ‘തു റേസ് ലഗ’ എന്ന പുതിയ ബ്രാൻഡ് കാമ്പെയ്ൻ ചിത്രം കമ്പനി പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ രാം മധ്വാനിയാണ് ഈ ആവേശകരമായ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അപ്പാച്ചെ പോർട്ട്ഫോളിയോ നിലവിൽ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് വിപണിയിലുള്ളത്. സ്ട്രീറ്റ് നേക്കഡ് RTR 160, RTR 160 4V, RTR 180, RTR 200 4V, കൂടാതെ ഫ്ലാഗ്ഷിപ്പ് മോഡലായ RTR 310. സൂപ്പർസ്പോർട്ട് അപ്പാച്ചെ RR 310. അഡ്വഞ്ചർ ടൂറർ അടുത്തിടെ വിപണിയിലെത്തിയ പുത്തൻ മോഡലായ RTX. ഇത് അഡ്വഞ്ചർ സെഗ്‌മെന്റിലേക്കുള്ള ടിവിഎസിന്റെ ശക്തമായ ചുവടുവെപ്പാണ്.






