കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയിൽ അയച്ച് ടിവികെ അധ്യക്ഷൻ. ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകണമെന്നുമാണ് ഇമെയിലിൽ പറയുന്നത്. അതേസമയം കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. വിജയിയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങൾ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കിയിരിക്കുകയാണ്. ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും തോൽപ്പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന.
അതേസമയം വിജയുമായി ചർച്ചയ്ക്ക് തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് സഹ-ചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധർ മോഹോളിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ദൗത്യവുമായി കഴിഞ്ഞ ഞായറാഴ്ച മന്ത്രിയെത്തി വിജയ്‌യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഈ കൂടിക്കാഴ്ച നീക്കം സംസ്ഥാന ഇന്റലിജൻസ് അറിഞ്ഞതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്ന് വിജയ്‌യുമായി ഫോണിൽ സംസാരിച്ചെന്നാണണ് പുറത്ത് വന്ന റിപ്പോർട്ട് സൂചിപ്പിച്ചത്.













