CMDRF

ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രതീക്ഷയ്ക്കു പിന്നിൽ മമ്മുട്ടിയുടെ ‘യാത്രയും’ തെലുങ്ക് മണ്ണിലും ഞെട്ടിക്കുമോ മമ്മുട്ടി ?

ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രതീക്ഷയ്ക്കു പിന്നിൽ മമ്മുട്ടിയുടെ ‘യാത്രയും’ തെലുങ്ക് മണ്ണിലും ഞെട്ടിക്കുമോ മമ്മുട്ടി ?
ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രതീക്ഷയ്ക്കു പിന്നിൽ മമ്മുട്ടിയുടെ ‘യാത്രയും’ തെലുങ്ക് മണ്ണിലും ഞെട്ടിക്കുമോ മമ്മുട്ടി ?

ക്ഷിണേന്ത്യയിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും ടിഡിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ടിഡിപി സഖ്യത്തിൽ ഇത്തവണ ബിജെപിയെ കൂടാതെ ജനസേന പാർട്ടിയും ഉണ്ട്.

ഈ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ സംബന്ധിച്ച് ജീവൻമരണ പോരാട്ടം തന്നെയാണ്. ഇത്തവണ സംസ്ഥാന ഭരണം കൈവിട്ടാൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തന്നെ ജയിലിൽ അടക്കുമെന്ന ഭീതി ജഗൻ മോഹൻ റെഡ്ഡിക്കുണ്ട്. ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡുവിനെ അഴിമതി കേസിൽ അകത്താക്കിയത് ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഡി സർക്കാറാണ്. ഈ പക മനസിൽ വയ്ക്കുന്ന ചന്ദ്രബാബു നായിഡു എന്തു വിലകൊടുത്തും ആന്ധ്ര ഭരണം പിടിക്കുമെന്ന വാശിയിലാണ് നിലവിൽ രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയുമായും തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാണിൻ്റെ ജനസേന പാർട്ടിയുമായും ടിഡിപി കൂട്ട് കെട്ടുണ്ടാക്കിയതും ഇതിൻ്റെ ഭാഗമായാണ്.

തെലുങ്ക് മാസ് മസാല സിനിമയുടെ കഥപോലെ ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് ആന്ധ്രപ്രദേശിൻ്റെ രാഷ്ട്രീയം. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ കോൺഗ്രസും പിന്നീട് തെലുങ്ക് ദേശം പാർട്ടിയും മാത്രം അധികാരത്തിൽ വന്നിരുന്ന ആന്ധ്രയിൽ 2019ലാണ് ജഗൻ മോഹൻ റെഡ്ഡി ഭരണം പിടിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ കാലയളവിൽ പല ജനപ്രിയ പദ്ധതികളും ജഗൻ മോഹൻ റെഡ്ഡി നടപ്പാക്കിയിട്ടുണ്ട്. ഇതു തന്നെയാണ് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസവും വർധിപ്പിക്കുന്നത്.

അതേസമയം പ്രചരണ രംഗത്ത് പ്രധാനമായും ഇത്തവണയും ജഗൻ മോഹൻ റെഡ്ഡി കൂട്ടുപിടിച്ചിരിക്കുന്നത് നടൻ മമ്മുട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ‘യാത്ര’ സിനിമയെയാണ്. ഈ സിനിമയുടെ ആദ്യഭാഗമാണ് യഥാർഥത്തിൽ 2019ൽ ആന്ധ്ര ഭരണം പിടിക്കാൻ ജഗൻമോഹൻ റെഡ്ഡിയെ തുണച്ചിരുന്നത്. യാത്രയുടെ രണ്ടാംഭാഗവും തിരഞ്ഞെടുപ്പ് പ്രചരണം മുന്നിൽ കണ്ടാണ് പുറത്തിറക്കിയിരുന്നത്. വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ആന്ധ്രയിൽ ലഭിച്ചിരുന്നത്. രണ്ടാം ഭാഗത്തിലും ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവായ രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചിരിക്കുന്നത് മലയാള സൂപ്പർതാരം മമ്മുട്ടിയാണ്. ജഗൻ്റെ വേഷം ചെയ്തിരിക്കുന്നതാകട്ടെ തമിഴ് സൂപ്പർതാരം ജീവയുമാണ്. മമ്മുട്ടി തൻ്റെ പിതാവിൻ്റെ വേഷം ചെയ്യണമെന്ന നിർബന്ധം ജഗന് ഉള്ളത് കൊണ്ടാണ് സംവിധായകൻ മമ്മുട്ടിയെ സമീപിച്ചിരുന്നത്. മമ്മുട്ടിയല്ലാതെ ആ വേഷത്തിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ ജഗനും കഴിയില്ലായിരുന്നു എന്നതാണ് യാഥാർഥ്യം.

വിഭജനത്തിന് മുൻപുള്ള ആന്ധ്രയുടെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയാണ് രാജശേഖര റെഡ്ഡി അറിയപ്പെടുന്നത്. മുഖ്യമന്ത്രി ആയിരിക്കെ ആന്ധ്രയിൽ അദ്ദേഹം നടത്തിയ പദയാത്രയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിനും ഈ പദയാത്രയാണ് വലിയ പങ്കു വഹിച്ചിരുന്നത്. പിതാവിൻ്റെ ഈ മാതൃക തന്നെയാണ് സ്വന്തം രാഷ്ട്രീയ ജീവിതത്തിൽ ജഗൻ മോഹൻ റെഡ്ഡിയും പിന്തുടരുന്നത്. രാജശേഖര റെഡ്ഡി നടത്തിയതു പോലുള്ള പദയാത്ര നടത്തി തന്നെയാണ് കഴിഞ്ഞ തവണ ആന്ധ്ര ഭരണം ജഗൻ പിടിച്ചിരിക്കുന്നത്. ഇത്തവണ ആന്ധ്രയിൽ ഉടനീളം ബസിൽ സഞ്ചരിച്ചാണ് ജനസമ്പർക്ക പരിപാടി അദ്ദേഹം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് യാത്ര സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നത്.

1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് മമ്മുട്ടി നായകനായ ‘യാത്ര’ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്തിറക്കിയ രണ്ടാം ഭാഗത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ കഥാപാത്രത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വൈഎസ്ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 പറയുന്നത്.

മമ്മുട്ടിയും ജീവയും തകർത്ത് അഭിനയിച്ച സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും സൂപ്പർ ഹിറ്റാണ്. യാത്ര 2 തനിക്ക് ഭരണ തുടർച്ച നേടി തരുമെന്ന ആത്മവിശ്വാസത്തിലാണ് ജഗൻമോഹൻ റെഡ്ഡിയും ഇപ്പോൾ കാത്തിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തീർച്ചയായും അതിലും മെഗാസ്റ്റാർ മമ്മുട്ടിയുടെ ഒരു കൈയ്യൊപ്പുണ്ടാകും. ടർബോ ജോസിനെ ആഘോഷമാക്കുന്നവർക്ക് മമ്മുട്ടിയുടെ വൈഎസ്ആറിനെയും ആഘോഷമാക്കാനുള്ള അവസരമാണ് അതോടെ ലഭിക്കുക.

EXPRESS KERALA VIEW

Top