വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. ഹിന്ദുക്കളെ കൊല്ലാന്‍ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക ഭീകരതയാണ് പഹല്‍ഗാമില്‍ നടന്നതെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രതികരണം.
”പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം, ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പിന്തുണ അറിയിക്കുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു”. തുള്‍സി ഗബ്ബാര്‍ഡ് എക്‌സില്‍ കുറിച്ചു.