രാജ്യത്തിന് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ പ്രതികരിച്ച് ചൈനയും. അമേരിക്കൻ തീരുവക്കെതിരെ ചൈനീസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ഉണ്ടാവുമെന്ന് ചൈന അറിയിച്ചു. വ്യാപാര യുദ്ധത്തിൽ വിജയികളില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അതേസമയം അധിക തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡയും മെക്സിക്കോയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. 155 ബില്യൺ കനേഡിയൻ ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങൾക്കാവും അധിക നികുതി ചുമത്തുക.
Also Read : ഭീഷണി ആവർത്തിച്ച് ട്രംപ്; ഡോളർ ഒഴിവാക്കിയാൽ ബ്രിക്സിന് ഇറക്കുമതിച്ചുങ്കം
ഇതിൽ 30 ബില്യൺ കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്കുള്ള നികുതി നിർദേശം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. 125 കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. അമേരിക്കക്ക് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നൽകുന്നതെന്നും ജസ്റ്റിൻ ട്രൂഡോ പരിഹസിച്ചു.
അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെൻബാം പറഞ്ഞിരുന്നു. ട്രംപിന്റെ ഈ നടപടിക്ക് ബദലായി ഒരു പ്ലാൻ ബിയുണ്ടാക്കാൻ ഇക്കണോമിക് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാർഗങ്ങളും ഇതിനായി നോക്കുമെന്നും മെക്സികോയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. തന്റെ സർക്കാരിന് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളത് അപവാദപ്രചാരണം മാത്രമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ‘പുതിയ’ നയങ്ങൾ നല്ലതിനോ ?

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡ, മെക്സികോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇത് ഈ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന സൂചന. സമാനമായി മൂന്ന് ഉത്തരവുകളിലാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
Also Read : അമേരിക്കൻ വിമാനാപകടം മനുഷ്യനിർമ്മിതമോ..ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. കാനഡയിൽ നിന്നുള്ള എണ്ണ ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവയാവും ചുമത്തുക. ചൊവ്വാഴ്ച മുതൽ ട്രംപിന്റെ പുതിയ നിർദേശങ്ങൾ നിലവിൽ വരും. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ ഈ തീരുവ നടപടി.