ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ ട്വിസ്റ്റ്; നെതന്യാഹുവിന് തലയ്ക്ക് തീപിടിച്ചു, ഇരു നേതാക്കളും നേർക്കുനേർ?

കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ നടത്തിയ ദീർഘമായ ടെലിഫോൺ സംഭാഷണത്തിലാണ് ഭിന്നത പുറത്തുവന്നത്. ഇറാന്റെ സൈനികശേഷിയും അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ വ്യോമാക്രമണം ഉടൻ പുനഃരാരംഭിക്കണമെന്ന നിലപാടിലാണ് നെതന്യാഹു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ ട്വിസ്റ്റ്; നെതന്യാഹുവിന് തലയ്ക്ക് തീപിടിച്ചു, ഇരു നേതാക്കളും നേർക്കുനേർ?
ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ ട്വിസ്റ്റ്; നെതന്യാഹുവിന് തലയ്ക്ക് തീപിടിച്ചു, ഇരു നേതാക്കളും നേർക്കുനേർ?

റാനെതിരെയുള്ള യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ നടത്തിയ ദീർഘമായ ടെലിഫോൺ സംഭാഷണത്തിലാണ് ഭിന്നത പുറത്തുവന്നത്. ഇറാന്റെ സൈനികശേഷിയും അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ വ്യോമാക്രമണം ഉടൻ പുനഃരാരംഭിക്കണമെന്ന നിലപാടിലാണ് നെതന്യാഹു. എന്നാൽ, വീണ്ടുമൊരു ആക്രമണത്തിലേക്ക് കടക്കുന്നതിന് മുൻപ് നയതന്ത്ര ചർച്ചകൾക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് ട്രംപിന്റെ പക്ഷം. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹു തലയ്ക്ക് തീപിടിച്ച അവസ്ഥയിലായിരുന്നെന്ന് അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

ചർച്ചകൾ വഴി ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനും ഖത്തറും ചേർന്ന് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെക്കാനുള്ള ഒരു ധാരണാപത്രം തയ്യാറാക്കുന്നുണ്ടെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇതിലൂടെ ചർച്ചകൾക്കായി 30 ദിവസത്തെ സമയം ലഭിക്കും. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ സമയം ഉപയോഗിക്കാം. ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രം യുദ്ധം തുടരാമെന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ ആക്രമണം വൈകിപ്പിക്കുന്നത് വലിയ തെറ്റാണെന്നും സമാധാന ചർച്ചകളെ പൂർണ്ണമായും സംശയത്തോടെയുമാണ് കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.

ട്രംപിന്റെ ഈ പുതിയ നീക്കം ഇസ്രയേലിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ട്രംപിന്റെ നിലപാടിലുള്ള ആശങ്ക അമേരിക്കയിലെ ഇസ്രയേൽ എംബസി അമേരിക്കൻ നിയമനിർമാതാക്കളെ അറിയിച്ചതായും വിവരമുണ്ട്. ഈ ഭിന്നതകൾക്കിടയിൽ, വിഷയം നേരിട്ട് ചർച്ച ചെയ്യുന്നതിനായി നെതന്യാഹു അടിയന്തിരമായി അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ്.

Share Email
Top