വെറ്റ് ഹൗസിൽ തിരിച്ചെത്തിയാലുടൻ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് യൂറോപ്പിൽ സാമാധാനം കൊണ്ടു വരുമെന്ന വാഗ്ദാനങ്ങളൊന്നും ട്രംപ് മറന്നിട്ടില്ല. അത് തന്റെ അഭിമാന പ്രശ്നംകൂടി ആയ സ്ഥിതിക്ക് റഷ്യയെ ഭീഷണിയിലൂടെ ഒതുക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടായില്ലെങ്കിൽ ഉയർന്ന താരിഫും, നികുതിയും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. റഷ്യയുടെ സമ്പദ് വ്യവസ്ഥ പരാജയപ്പെടുകയാണെന്ന് വാദിക്കുന്ന ട്രംപ് യുദ്ധം അവസാനിപ്പിക്കണമെന്നാണ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്ക റഷ്യൻ ഉൽപ്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞത് ശ്രദ്ധേയമാണ്. ഒപ്പം റഷ്യയുമായി വ്യാപാരം നടത്തിയതിന് ഇന്ത്യയുൾപ്പെടെയുള്ള വ്യാപാര പങ്കാളികൾക്കും ഉപരോധം ഏർപ്പെടുത്തി റഷ്യയെ തകർക്കാൻ നോക്കി. ആയുധ ബലം കൊണ്ട് അതി ശക്തരായ റഷ്യയെ യുക്രെയിനിനു മുന്നിൽ മുട്ടു കുത്തിക്കാനുള്ള അമേരിക്കയുടെ കുബുദ്ധിയാണ് ഈ നീക്കത്തിന് പിന്നിൽ.
താനാണ് പ്രസിഡന്റായിരുന്നതെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം ഉണ്ടാവുകയില്ലായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. “ഇരുവരും തമ്മിലുള്ള യുദ്ധം എളുപ്പ വഴിയിലൂടെയോ, കഠിനമായ വഴിയിലൂടെയോ അവസാനിപ്പിക്കാം. താൻ എളുപ്പ വഴിയാണ് തിരഞ്ഞെടുക്കുന്നത്”, ട്രംപ് കുറിക്കുന്നു. ഈ എളുപ്പ വഴി എന്നത് റഷ്യ കീഴടങ്ങുക എന്നതാവണം. അതൊട്ട് നടക്കാനും പോകുന്നില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി പുടിനെ കാണുമെന്ന് ട്രംപ് പറയുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്രയും വേഗം അവസാനിപ്പിക്കാൻ ട്രംപ് കെണഞ്ഞു ശ്രമിക്കുന്നുണ്ട്. 100 ദിവസത്തിനുളളിൽ യുദ്ധം അവസാനിപ്പിക്കാൻ തന്റെ പ്രതിനിധിയായ കീത്ത് കെല്ലോഗിന് ട്രംപ് നിർദേശം നൽകിയതായി വാർത്തകൾ അടുത്തിടെ വന്നിരുന്നു.
Also Read: ബൈഡന്റെ നയങ്ങളെല്ലാം പൊളിച്ചെഴുതി ട്രംപ്, ഹൂതി വിമതർ വീണ്ടും ഭീകരസംഘടന
നിലവിൽ സമാധാന കരാറിൽ അനുഭാവ നിലപാട് സ്വീകരിച്ചിരിക്കുന്ന റഷ്യയോട് പ്രകോപന നിലപാടാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളത്. എന്നാൽ വ്‌ളാഡിമർ പുടിൻ്റെ യുക്രെയ്ൻ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെ പ്രസിഡൻ്റ് ട്രംപ് വിമർശിക്കുന്നുണ്ട്. വെടിനിർത്തൽ ചർച്ചകൾ നടത്താൻ വിസമ്മതിച്ചുകൊണ്ട് റഷ്യ റഷ്യയെ തന്നെ നശിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ വിമർശനം. സ്ഥാനാരോഹണത്തിന് തൊട്ടു പിന്നാലെയാണ് ഈ പ്രസ്താവന. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ഒരു തരത്തിലുള്ള പ്രവചനാതീതത സൃഷ്ടിക്കുന്നുണ്ട്.
ട്രംപിൻ്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് നയതന്ത്ര പ്രമേയത്തിനുള്ള പ്രതീക്ഷയും യുക്രെയ്‌നിന് ഉയർന്ന വില നൽകേണ്ടിവരുമെന്ന ഭയവും ഉണർത്തുന്നു. ട്രംപിൻ്റെ ഉപദേശകരിൽ ചിലർ യുക്രെയ്‌നിൻ്റെ വലിയ ഭാഗങ്ങൾ റഷ്യക്ക് വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ പോലും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് യുക്രെയ്ന് തിരിച്ചടിയാകും.
എന്തൊക്കെ ആയാലും ഉടനൊരു സമാധാന ഉടമ്പടിയിലെത്താൻ തങ്ങൾ തയാറല്ല എന്നാണ് റഷ്യ നൽകുന്ന സൂചന. യുക്രെയ്നോട് നാറ്റോയിൽ ചേരരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചില തലത്തിലുള്ള സൈനികവൽകരണത്തിന് വിധേയമാകണമെന്നു ആവശ്യപ്പെട്ടു കൊണ്ടും റഷ്യ സമാധാനം കൊണ്ടു വരുന്നതിന് പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് റഷ്യയുടെ ഡെപ്യൂട്ടി അംബാസിഡർ ദിമിത്രി പോള്യാൻസ്കി അഭിപ്രായപ്പെടുന്നു. പടിഞ്ഞാറിൽ റഷ്യക്കുമേൽ ചുമത്തിയിട്ടുള്ള ഉപരോധം നീക്കി റഷ്യക്കവകാശപ്പെട്ട ക്രിമിയയുടെയും നാലു യുക്രേനിയൻ പ്രദേശങ്ങളുടെയും നിയന്ത്രണം തിരികെ പിടിക്കലാണ് റഷ്യയുടെ ലക്ഷ്യം. ഒപ്പം യുക്രെയ്നിൽ ഒരു റഷ്യൻ അനുകൂല ഭരണകൂടം സ്ഥാപിക്കുക എന്നതും. യുദ്ധക്കളത്തിൽ റഷ്യ അതിവേഗം മുന്നേറുകയാണ്.

പടിഞ്ഞാറിനെതിരായ പോരാട്ടത്തിൽ ശക്തി പ്രകടനമെന്ന നിലയിൽ പുടിൻ തൻ്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയനുമായും ചൈനീസ് നേതാവ് ഷി ജിൻ പിങ്ങുമായും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചർച്ചകൾ നടത്തിയിരുന്നു. യുദ്ധത്തിൽ യുക്രെയിന് ആയുധ സഹായം നൽകുന്നതിന് പകരം റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ചെലുത്തി യുക്രെയ്ന് പിന്തുണ നൽകാനാണ് ട്രംപ് ശ്രമിക്കുന്നത്. ഭീഷണിയിലൂടെ റഷ്യയെ ചർച്ചകൾക്കായി ട്രംപ് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള സ്രോതസ്സുകൾ തങ്ങളുടെ കൈയിലുണ്ടെന്ന ആത്മ വിശ്വാസം റഷ്യക്കുണ്ട്. കരാറിലേർപ്പെട്ടാൽ അവർക്ക് തങ്ങളുടെ വിഭവങ്ങൾ ലാഭിക്കാമെങ്കിലും കരാറിന് സമ്മതിച്ചില്ല എങ്കിലും എത്ര കാലം വേണമെങ്കിലും പോരാടാൻ റഷ്യ തയാറാണ്. അത് കൊണ്ടു തന്നെ ട്രംപിന്റെ ഭീഷണികളൊന്നും റഷ്യയെ വലുതായി ഏൽക്കില്ല.
Also Read: അമേരിക്കയിൽ നാറ്റോയ്ക്ക് വിശ്വാസമില്ല, യൂറോപ്പിന് ഇനി സ്വന്തം വഴി?
അതേ സമയം യുക്രെയ്നിന്റെ ആയുധ ശേഷി ശോഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം തങ്ങൾക്ക് ആയുധ ശേഷി വർധിപ്പിക്കുന്നതിന് 20 ബില്യൺ ഡോളർ സെലൻസ്കി ആവശ്യപ്പെടുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ജർമനിയിലും ഇപ്പോൾ തർക്കങ്ങൾ നടക്കുന്നുണ്ട്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് യുക്രെയ്നിനായി 3 ബില്യൺ യൂറോ (3.1 ബില്യൺ ഡോളർ) സഹായ പാക്കേജ് വൈകിപ്പിച്ചതിന് വിമർശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കും പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും അടിയന്തര സഹായം നിർദ്ദേശിച്ചെങ്കിലും അത് അംഗീകരിക്കാൻ ഷോൾസ് മടിച്ചു എന്നാണ് ആരോപണം. ജർമനിയിൽ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദുവാണ് യുക്രെയ്ൻ സൈനിക സഹായം.
യുക്രെയിന് പിന്തുണ അറിയിച്ചു കൊണ്ട് യൂറോപ്യൻ യൂണിയന്റെ ഡിഫൻസ് മിനിസ്റ്ററും കഴിഞ്ഞ ദിവസം ചില പ്രസ്താവനകൾ നടത്തിയിരുന്നു. യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം നീണ്ടു പോകുന്നത്, റഷ്യയുമായുള്ള ഒരു സൈനിക ഏറ്റുമുട്ടലിന് തയ്യാറെടുക്കാൻ നാറ്റോ രാജ്യങ്ങൾക്ക് അവസരമൊരുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് യുദ്ധം നീണ്ടു പോകുന്തോറും റഷ്യയെ പ്രതിരോധിക്കാനുള്ള പടയൊരുക്കത്തിന് നാറ്റോയ്ക്ക് അവസരം ലഭിക്കുമെന്ന് സാരം.