ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിനെതിരെ ചെങ്കടലില്‍ ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യെമനിലെ ഹൂതികള്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണ പരമ്പരകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഴിച്ചുവിട്ടിയിരിക്കുന്നത്. അമേരിക്കയുടെ ആക്രമണങ്ങളില്‍ യെമന്‍ തലസ്ഥാനമായ സനയിലും വടക്കന്‍ പ്രവിശ്യയായ സാദയിലുമായി കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികളുമായി ബന്ധപ്പെട്ട അല്‍ മസിറ ടിവി റിപ്പോര്‍ട്ട് ചെയ്തു. സാദയിലെ ആക്രമണത്തില്‍ മരിച്ചവരില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആക്രമണങ്ങളില്‍ ഇരുപതിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: സംസ്ഥാനങ്ങളില്‍ തമ്മിലടി, ദേശീയ അധ്യക്ഷനെ നിശ്ചയിക്കാനാവാതെ ബി.ജെ.പി
ട്രംപിന്റെ രണ്ടാം ഭരണകാലയളവിലെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട സൈനിക നടപടിയാണ് യെമനില്‍ നടന്ന ആക്രമണങ്ങള്‍. നിങ്ങളുടെ സമയം കഴിഞ്ഞു ഇന്ന് മുതല്‍ നിങ്ങളുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നിങ്ങളുടെ മേല്‍ നരകമഴ പെയ്യിക്കും എന്നാണ്’ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്. യെമനിലെ ഹൂതി വിമത സംഘത്തിനെതിരെ നിര്‍ണായകവും ശക്തവുമായ ഒരു സൈനിക നടപടി ആരംഭിക്കാന്‍ ഞാന്‍ അമേരിക്കന്‍ സൈന്യത്തോട് ഉത്തരവിട്ടു എന്നും ട്രംപ് പറഞ്ഞു. ‘നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ അമേരിക്ക അമിതമായ മാരകമായ ശക്തി പ്രയോഗിക്കും’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹൂതികളെ പിന്തുണയ്ക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഇറാനും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍, പ്രത്യാക്രമണങ്ങള്‍ അതി ഭീകരമായിരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഗാസ മുനമ്പിലേക്കുള്ള അടിയന്തര സഹായങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികള്‍, ഇസ്രയേല്‍ കപ്പലുകളെയോ, ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെയോ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വരെയും കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായ വാര്‍ത്തകളൊന്നും പുറത്തു വന്നിട്ടില്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഭീഷണിയെ അമേരിക്ക തന്ത്രപൂര്‍വം പ്രചരിപ്പിച്ചുവെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുള്‍-സലാം പറഞ്ഞു.
ബാബ് അല്‍-മന്ദബ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നത് തെറ്റാണെന്നും അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മുഹമ്മദ് അബ്ദുള്‍-സലാം പറഞ്ഞു. പലസ്തീന്‍ പ്രതിരോധവും ശത്രു സംഘടനയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതുവരെ, ഗാസയെ പിന്തുണച്ച് യെമന്‍ പ്രഖ്യാപിച്ച സമുദ്ര ഉപരോധം ഇസ്രയേലി കപ്പലുകള്‍ക്ക് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളെ ‘യുദ്ധക്കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ ഒരു പ്രത്യേക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആക്രമണത്തിന് മറുപടി നല്‍കാതെ പോകില്ല എന്നും പ്രസ്താവനയില്‍ പറയുന്നു.

അകമേരിക്കയ്ക്കെതിരെ തീവ്രമായ പ്രതികരണത്തിന് തങ്ങളുടെ യെമന്‍ സായുധ സേന പൂര്‍ണ്ണമായും തയ്യാറാണ് എന്നും വിമത സേന മുന്നറിയിപ്പ് നല്‍കി. 2023 നവംബര്‍ മുതല്‍ ഹൂതികള്‍ കപ്പലുകളെ ലക്ഷ്യമിട്ട് നൂറിലധികം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഗാസയില്‍ നടത്തിയ യുദ്ധത്തെത്തുടര്‍ന്ന് ഇത് ആഗോള വാണിജ്യത്തെ തടസ്സപ്പെടുത്തി. അമേരിക്കയുടെ വ്യോമ പ്രതിരോധ സ്റ്റോക്കുകള്‍ കത്തിച്ച മിസൈലുകളും ഡ്രോണുകളും തടയുന്നതിനായി ചെലവേറിയ ദൗത്യത്തിന് അമേരിക്കയുടെ സൈന്യത്തെ ഇത് നിര്‍ബന്ധിതരാക്കി. ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഈ ആക്രമണങ്ങള്‍ എന്ന് ഹൂതികള്‍ പറയുന്നു.
ഗാസയിലെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാന്റെ മറ്റ് സഖ്യകക്ഷികളായ ഗാസയിലെ ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേല്‍ ഗുരുതരമായി ദുര്‍ബലപ്പെടുത്തി. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിറിയയിലെ ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിച്ചു. എന്നാല്‍ അപ്പോഴും യെമനിലെ ഹൂതികള്‍ പ്രതിരോധശേഷി നിലനിര്‍ത്തുകയും ആക്രമണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആഗോള ഷിപ്പിംഗിനെ തടസ്സപ്പെടുത്തിയ ഈ ആക്രമണത്തോടെ കമ്പനികള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ റൂട്ടുകളിലൂടെ കപ്പലുകളെ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി.

ജനുവരിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ട്രംപ് യെമനില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കുന്നത് ഹൂതി ആക്രമണങ്ങള്‍ ‘തടയാന്‍’ വേണ്ടിയാണെന്ന് ആണ്. എന്നാല്‍ ഹൂതികള്‍ ഭീഷണി ഉന്നയിച്ചിട്ടും ഇതുവരെ അത്തരത്തില്‍ യാതൊരു നീക്കവും നടത്തിയിരുന്നില്ല താനും. ഹൂതികള്‍ അമേരിക്കയുടെ ഒരു സൈനിക യുദ്ധക്കപ്പല്‍ ആക്രമിച്ചതാണ് മറ്റൊരു കാരണമെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ആ സംഭവം നടന്നത് ട്രംപ് ഭരണത്തിലുള്ളപ്പോള്‍ അല്ല. ആക്രമണങ്ങള്‍ക്ക് മുമ്പ്, പ്രതിവര്‍ഷം 25,000 കപ്പലുകള്‍ ചെങ്കടലിലൂടെ കടന്നുപോയിരുന്നുവെന്ന് വൈറ്റ് ഹൗസ് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് 10,000 ആയി കുറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആരും ഈ മേഖലയിലൂടെ കടന്നുപോകുന്നില്ല എന്ന ട്രംപിന്റെ പ്രസ്താവയ്ക്ക് വിരുദ്ധമാണിത്.
Also Read: നാറ്റോയ്‌ക്കെതിരെ ട്രംപ്, യുഎസ് എഫ്-35 പദ്ധതി ഒഴിവാക്കി പോര്‍ച്ചുഗല്‍, ബദല്‍ യൂറോപ്പില്‍
2023 മുതല്‍ അമേരിക്കയുടെ വാണിജ്യ കപ്പലുകള്‍ 145 തവണ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അവസാനത്തേത് ഡിസംബറിലായിരുന്നു അദ്ദേഹം പറഞ്ഞു. അതും ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുന്‍പ്. ചെങ്കടലിലുള്ള ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളുടെ ഒരു ഭാഗം നടത്തിയതെന്ന് അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. യെമനിലുടനീളം വലിയ തോതിലുള്ള ഒരു ഓപ്പറേഷന്റെ തുടക്കമായാണ് നിലവിലെ ആക്രമണങ്ങളെ മിഡില്‍ ഈസ്റ്റിലെ സൈനികരുടെ മേല്‍നോട്ടം വഹിക്കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും നമ്മുടെ സൈനികര്‍ക്കും നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും, അവരുടെ സഹായിയായ ഇറാനും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സില്‍ കുറിച്ചു.

അതേസമയം, ഹൂതികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ട്രംപിന്റെ തീരുമാനം തെറ്റായ ദിശയിലാണെന്നും വിമത ഗ്രൂപ്പിനെ കീഴ്‌പ്പെടുത്താന്‍ ഇത് സഹായിക്കില്ലെന്നും മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞനായ നബീല്‍ ഖൗറി അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാനും സമാധാനപ്രിയനാകാനും ആഗ്രഹിച്ച് വന്ന ട്രംപ് തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്നും, യുദ്ധത്തിലേക്ക് തിരിയുന്നതിന് മുമ്പ് ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി മാര്‍ഗങ്ങളുണ്ട് എന്നും ഖൗറി പറഞ്ഞു. കര, വായു, കടല്‍ എന്നിവയാല്‍ പൂര്‍ണ്ണമായും ചുറ്റപ്പെട്ട, വളരെ ചെറിയ ഒരു ഭൂപ്രദേശത്ത് ജീവിക്കുകയും പോരാടുകയും ചെയ്യുന്ന ഹമാസിനെ 17 മാസത്തെ ഇസ്രായേലി ബോംബാക്രമണത്തിന് പോലും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെ ഉന്മൂലനം ചെയ്യുന്നത് അസാധ്യമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.