ചൈനയുടെ വളർച്ചയിൽ ട്രംപിന് ആശങ്ക, ഇനി വരുന്നത് വ്യാപാര യുദ്ധം

സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ സുസ്ഥിരവും ആരോഗ്യകരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പക്ഷെ അതിന് വിരുദ്ധമായാണ് അമേരിക്ക പ്രവർത്തിക്കാൻ പോകുന്നതെങ്കിൽ അത് ചൈനയുടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ തന്നെ ബാധിക്കുകയും അമേരിക്കൻ വ്യാപരത്തിൽ തന്നെ ചലനം സൃഷ്ടിക്കുകയും ചെയ്യും

ചൈനയുടെ വളർച്ചയിൽ ട്രംപിന് ആശങ്ക, ഇനി വരുന്നത് വ്യാപാര യുദ്ധം
ചൈനയുടെ വളർച്ചയിൽ ട്രംപിന് ആശങ്ക, ഇനി വരുന്നത് വ്യാപാര യുദ്ധം

ലോകത്തിലെ മികച്ച സമ്പദ്‍വ്യവസ്ഥകളിൽ ഒന്നും അമേരിക്കയുടെ ഏറ്റവും വലിയ ജിയോപൊളിറ്റിക്കൽ എതിരാളിയുമായ ചൈനയ്‌ക്കെതിരായാണ് ഇപ്പോൾ ട്രംപ് തിരിഞ്ഞിരിക്കുന്നത്. ചൈന തങ്ങളെക്കാൾ വളർന്ന് അമേരിക്കയെ കീഴ്പ്പെടുത്തുമോ എന്ന ഭയമാണ് ചൈനക്കെതിരെ ശബ്ദമുയർത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തുമെന്നും ഇത് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നൊക്കെ ട്രംപ് ഇടയ്ക്കിടക്ക് പറയുന്നുണ്ടെങ്കിലും ചൈനയ്‌ക്കെതിരെ താരിഫ് ചുമത്താനാണ് ട്രംപിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, അമേരിക്കയുമായി ഒരു വ്യാപാരയുദ്ധത്തിൽ പങ്കാളിയാകാനില്ലെന്ന് ചൈന മുന്നറിയിപ്പ് നൽകുകയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം വിശാലമാണ്. 2024 ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ മൊത്തം 530 ബില്യൺ ഡോളറിലധികം ലാഭമാണ് വ്യാപാരത്തിലൂടെ മാത്രം ചൈനയ്ക്ക് ലഭിച്ചത്. അതേ കാലയളവിൽ, അമേരിക്കയിലേക്കുള്ള ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന 400 ബില്യൺ ഡോളറിലധികമാണ് കടന്നത്. പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിന്റെ (PIIE) കണക്കനുസരിച്ച്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെഷിനറികൾ, തുണിത്തരങ്ങൾ എന്നിവയുടെ പ്രധാന വിതരണക്കാരാണ് ചൈന. ചൈനയുടെ വ്യവസായത്തിന് വിപുലമായ ഭരണകൂട പിന്തുണയുണ്ട്. ആഭ്യന്തര ഉപഭോഗം ഉയർത്താനുള്ള ഔദ്യോഗിക ശ്രമങ്ങൾക്കിടയിലും വളർച്ചയെ നയിക്കാൻ ചൈന കയറ്റുമതിയെയാണ് വളരെയധികം ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയാണ് ചൈനയുടെ പ്രധാന വ്യാപാര പങ്കാളിയും.

Also Read: അമേരിക്കയുടെ ഉപരോധഭീഷണി കൂസാതെ ഇന്ത്യ-റഷ്യ മെഗാ ഡീൽ

ചൈനയുടെ വാണിജ്യമേഖലയിലുണ്ടാകുന്ന ഈ വളർച്ചയിൽ ട്രംപിനുണ്ടാകുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല. തങ്ങളെ കടത്തി വെട്ടി ആധിപത്യം സ്ഥാപിക്കാൻ ചൈന തയ്യാറെടുക്കുന്നുണ്ടോ എന്ന ഭയമാണ് നിലവിൽ അമേരിക്കയെ ചൈനക്കെതിരെ തിരിച്ചത്. പക്ഷെ അതൊന്നും ചൈന കാര്യമായി എടുക്കുന്നില്ല. അമേരിക്കയുടെ ഭീഷണികളൊന്നും തന്നെ ചൈനയുടെ വ്യാപാര മേഖലയെ തെല്ലും അനക്കിയിട്ടില്ലെന്ന് മാത്രമല്ല ചൈനയുടെ മൊത്തത്തിലുള്ള കയറ്റുമതിയും കുതിച്ചുയരുകയാണുണ്ടായത്. ഇതിനു മുമ്പും അമേരിക്ക ചൈനക്കെതിരെ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 2016-ൽ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ വരവോടെ ചൈനയുമായി തുല്യത നേടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. അമേരിക്ക നൂറുകണക്കിന് ബില്യൺ ഡോളർ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഗണ്യമായ താരിഫ് ചുമത്തി. എന്നാൽ ചൈന അമേരിക്കയുടെ മുന്നിൽ മുട്ടുമടക്കിയില്ല. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രത്യേകിച്ച് അമേരിക്കൻ കർഷകരെ ബാധിക്കുന്ന അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് താരിഫ് ചുമത്തി ചൈനയും അതേ ട്രാക്കിൽ തിരിച്ചടിച്ചു.

Xi Jinping – President of the People’s Republic of China

ഒന്നും കാര്യമായി ഏൽക്കാതായതോടെ അമേരിക്ക ചുവടുമാറ്റി. ചൈനീസ് കമ്പനികളെ വളരെയധികം അനുകൂലിക്കുന്ന ബിസിനസ്സ് തന്ത്രം അമേരിക്ക പുറത്തെടുത്തു. ഇതിനെ ചുറ്റി പറ്റി ഇരു രാജ്യങ്ങളും തമ്മിൽ എതിർപ്പുകളും തർക്കങ്ങളുമൊക്കെയുണ്ടായി. ഇതൊഴിവാക്കാനായി ചൈനയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന വ്യാപാര യുദ്ധത്തിന് ചെറിയൊരു ഇടവേളയുണ്ടായി. അതുപ്രകാരം, 32 ബില്യൺ ഡോളറിന്റെ ഫാം ഉൽപന്നങ്ങളും സമുദ്രവിഭവങ്ങളും ഉൾപ്പെടെ 200 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ചൈന സമ്മതിച്ചു. എന്നാൽ കോവിഡിന്റെ വരവും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ ഈ കരാർ നടപ്പിലായില്ല.

Also Read: കുടിയേറ്റക്കാരെ ‘അന്യഗ്രഹ ജീവി’കളെന്ന് വിശേഷിപ്പിച്ച് ട്രംപ്

എന്നാൽ ട്രംപിന് ശേഷം വന്ന ജോ ബൈഡൻ തന്റെ മുൻഗാമി ചുമത്തിയ വർദ്ധനവ് പിൻവലിച്ചില്ലെന്ന് മാത്രമല്ല ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ കയറ്റുമതി തടയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതുവഴി ചൈനയുടെ സൈനികപരമായ വളർച്ചയെ തടയുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. മാത്രമല്ല ചൈനയിൽ നിന്ന് വില കുറവുള്ള ഗ്രീൻ എനർജി, കാറുകൾ, ബാറ്ററികൾ എന്നിവ ആഗോള വിപണികളിൽ ഇടം നേടുമെന്നും അമേരിക്ക നന്നെ ഭയപ്പെട്ടു. ട്രംപിന്റെ രണ്ടാം വരവോടെ ഈ താരിഫുകൾ നിലനിർത്തുമോ, അതോ വീണ്ടും കൂടുതൽ താരീഫുകൾ കൊണ്ടുവരുമോ എന്നതൊക്കെ നിലവിലെ ചർച്ചാ വിഷയമാണെങ്കിലും ചൈന ഇതിലൊന്നും ശ്രദ്ധിക്കാൻ താൽപര്യപ്പെടുന്നില്ലെതാണ് സത്യം.

Donald Trump – President of America

വ്യാപാര പങ്കാളിത്തം വൈവിധ്യവൽക്കരിച്ചും ആഭ്യന്തര നവീകരണ പ്രവർത്തനങ്ങൾ ഇരട്ടിയാക്കിയും ചൈന ഇതിനകം തങ്ങളുടെ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന വികസിപ്പിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ചൈനയുടെ കയറ്റുമതി മത്സരക്ഷമത നിലനിർത്താനായി ഗ്രീൻ എനർജി, ടെക്നോളജി തുടങ്ങിയ നൂതന മേഖലകളിൽ വൻതോതിലുള്ള നിക്ഷേപത്തിന് വഴിവെച്ചു. ചൈന നിർമിക്കുന്ന ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽപാതകൾ എന്നിവയുടെ ശൃംഖലയാണ് ഈ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്.

ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി.കഴിഞ്ഞ കാലയളവിലൊക്കെ തന്നെ ചൈനയ്ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായതായി രാജ്യത്തിൻ്റെ സ്ഥിതിവിവരക്കണക്ക് ബ്യൂറോ മേധാവി പറഞ്ഞു. മുൻകാലങ്ങളിൽ ചൈനയ്ക്ക് അതിൻ്റെ വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വായ്പാ ചെലവ് കുറയുന്നതും കയറ്റുമതി ഉയരുന്നതും വഴി ചൈനയ്ക്ക് 4.9% വാർഷിക വളർച്ച കൈവരിക്കാൻ കഴിയുമെന്ന് ലോകബാങ്കും പറയുകയുണ്ടായി.

Also Read: കിമ്മിനെ’സ്മാര്‍ട്ട് പൈ’ എന്ന് വിശേഷിപ്പിച്ച് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നാണ് ചൈനയിലെ ഷെൻഷെനിലെ യാൻ്റിയൻ തുറമുഖം. അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും ഇവിടെനിന്നാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരീഫ് ഉയർത്തിയാൽ അത് ചൈനീസ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്ന അമേരിക്കക്കാരെ പ്രത്യേകിച്ച് വിതരണക്കാരെ ബാധിക്കും.

Yantian Port, Shenzhen China

ഉയർന്ന താരീഫ് അമേരിക്ക ചൈനീസ് ഉൽപന്നങ്ങൾക്ക് ചുമത്തുകയാണെങ്കിൽ അത് വർദ്ധിച്ച ചെലവിലായിരിക്കും ചൈന ഉപഭോക്താക്കൾക്ക് നൽകുക. അതുകൊണ്ട് തന്നെ ഉയർന്ന വിലയിലേക്ക് നയിക്കുകയാണെങ്കിൽ താരിഫുകൾ നല്ല ആശയമാണെന്ന് അമേരിക്കക്കാർ കരുതുന്നില്ലെന്നും പലരെയും അത് ദോഷമായി ബാധിക്കുമെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ സുസ്ഥിരവും ആരോഗ്യകരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പക്ഷെ അതിന് വിരുദ്ധമായാണ് അമേരിക്ക പ്രവർത്തിക്കാൻ പോകുന്നതെങ്കിൽ അത് ചൈനയുടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ തന്നെ ബാധിക്കുകയും അമേരിക്കൻ വ്യാപാരത്തിൽ തന്നെ ചലനം സൃഷ്ടിക്കുകയും ചെയ്യും. അല്ലാതെ പ്രത്യക്ഷത്തിൽ ചൈനയെ ട്രംപിന്റെ യാതൊരു തീരുമാനവും ബാധിക്കാൻ പോകുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരം തീരുമാനങ്ങൾ അധികാരത്തിലേറിയ പാടെ പുറത്തിറക്കിയ ട്രംപിന്റെ നടപടികളെ ചൈന പരിഗണിക്കാത്തത്.

വീഡിയോ കാണാം

Share Email
Top