ഡോണൾഡ് ട്രംപ് അധികാരത്തിലേറിയത് മുതൽ യുദ്ധമുഖത്തുള്ള അമേരിക്കയുടെ നയങ്ങളിൽ പലവിതമാറ്റങ്ങൾ പ്രകടമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൈഡൻ രക്ഷിച്ച്കൊണ്ടുവന്ന യുക്രെയ്നെ നിഷ്കരുണം തള്ളിക്കളയാൻ ശ്രമിക്കുന്ന ട്രംപിന്റെ നടപടികൾ. യുക്രെയ്നുള്ള സഹായങ്ങൾ വരെ നിർത്തലാക്കിയ ട്രംപ് പക്ഷെ മറുഭാഗത്ത് കൊലവിളി നടത്തുന്ന ഇസ്രയേലിനെ സഹായിക്കാനാണിപ്പോൾ താൽപര്യം കാണിക്കുന്നത്. കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ സസ്‌പെൻഷൻ അസാധുവാക്കിക്കൊണ്ട് ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ വിതരണം ചെയ്യാനുള്ള അംഗീകാരം നൽകിയിരിക്കുകയാണ് ട്രംപ്.
മാത്രമല്ല അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെയുള്ള ആക്രമണങ്ങൾ ആരോപിച്ച് ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ട്രംപ് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ മൈക്ക് ഹെർസോഗ് വാലാ ന്യൂസിനോട് പറയുകയുണ്ടായി. ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അമേരിക്കയിൽ സൂക്ഷിച്ചിരുന്ന 1,800 എംകെ -84 ബോംബുകൾ ഒരു കപ്പലിൽ കയറ്റി വരും ദിവസങ്ങളിൽ ഇസ്രയേലിന് അമേരിക്ക കൈമാറുമെന്ന് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു.
Also Read: സുഡാനിലും ഗാസയിലും അമേരിക്കയ്ക്ക് ഇരട്ട നയം, കയ്യോടെ പൊക്കി റഷ്യ
ധാരാളം ആയുധങ്ങളും അത്യാധുനിക യുദ്ധോപകരണങ്ങളും ഉൾപ്പെടെ നൽകി ഇസ്രയേലിന് ദീർഘകാലമായി സൈനിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. തെക്കൻ ഗാസയിലെ റാഫ നഗരം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കാരണം 2024 മെയ് മാസത്തിൽ 2,000 പൗണ്ട് ബോംബുകളുടെ വിതരണം അമേരിക്ക നിർത്തി വെക്കുകയായിരുന്നു. പക്ഷെ ഇസ്രയേലിന്റെ കടുത്ത സമ്മർദം കാരണം 2024 ജൂലൈയിൽ ഇതിൽ നിന്നും 500 പൗണ്ട് ബോംബുകൾ ഇസ്രയേലിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. ‘ബങ്കർ ബസ്റ്ററുകൾ’ എന്നറിയപ്പെട്ടുന്ന ഈ 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ വരുത്തിവെയ്ക്കുന്നത് അതിധാരുണമായ പ്രത്യാഘാതങ്ങളാണെന്ന് കണ്ടാണ് ബൈഡൻ ഭരണകൂടം ഇതിന്റെ കയറ്റുമതി മരവിപ്പിച്ചിരുന്നത്. ബൈഡൻ കൊണ്ടുവന്ന ഈ നിയന്ത്രണം ചെറിയതോതിൽ അമേരിക്ക-ഇസ്രയേൽ ബന്ധം വഷളാക്കാനിടയായിരുന്നു.

അതേസമയം, വെടിനിർത്തൽ കരാറിലെത്തിയതിന് അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ മൈക്ക് ഹെർസോഗ് കരാർ സുഗമമാക്കുന്നതിലുള്ള ട്രംപിൻ്റെ പങ്കിനെ പ്രശംസിച്ചു. കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക ഇരുവശത്തുനിന്നും ഇളവുകൾ നേടിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. മാത്രമല്ല, ബൈഡൻ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത യുദ്ധോപകരണങ്ങൾ തൻ്റെ കാലാവധിയുടെ തുടക്കത്തിൽ തന്നെ ട്രംപ് പുറത്തിറക്കുമെന്ന് ഇസ്രയേൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്രമണത്തിന് അയവ് വരുത്താൻ നടപ്പിലാക്കിയ വെടിനിർത്തൽ കരാർ കാലഘട്ടത്തിൽ ഇത്രയും വലിയൊരു തീരുമാനം ട്രംപ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ അമേരിക്കൻ താൽപര്യങ്ങൾ തീർത്തും വ്യക്തമാകുന്നത് തന്നെയാണ്.
ഏതൊക്കെ ഭരണാധികാരി മാറിവന്ന് പോയാലും അധാകാരത്തിലെത്തിയാൽ തനി അമേരിക്കൻ പാരമ്പര്യം പിന്തുടരുമെന്നതാണ് ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നത് തന്നെ. ഇസ്രയേൽ ആവശ്യപ്പെട്ടത് മാത്രമാണോ അതോ അതിൽ കൂടുതലാണോ ട്രംപ് ഇസ്രയേലിന് നൽകുക എന്നതാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ചത് മുതൽ അമേരിക്ക ഇസ്രയേലിന് ബില്യൺ കണക്കിന് ഡോളറുകളുടെ സഹായമാണ് എത്തിച്ച് നൽകിയത്. പിന്നീട് ഒരു നിയന്ത്രണം കൊണ്ട് വന്ന ബൈഡൻ ഭരണകൂടം യുക്രെയ്ൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ കാര്യത്തിലെന്നപോലെ, ഇസ്രയേലിനുമുള്ള ഓരോ കൈമാറ്റവും സാധാരണ അംഗീകാര പ്രക്രിയയിലൂടെ തന്നെ കടന്ന് പോകണമെന്ന് പറയുകയുണ്ടായി. ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിലുടനീളം പല ഘട്ടങ്ങളിലും അമേരിക്കയും ഇസ്രയേലും തർക്കത്തിനും കാരണമായിട്ടുണ്ട്.
ഇതിപ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതിനാണോ അതോ മറ്റൊരു യുദ്ധപരമ്പരക്കാണോ ട്രംപ് പദ്ധതിയിടുന്നതെന്ന് വ്യക്തമാകുന്നില്ല. അധികാരം കൈയ്യിൽ കിട്ടിയ പാടെ വെടിനിർത്തൽ കരാർ നടപ്പിലാക്കി ദൈവദൂതൻ ചമഞ്ഞ ട്രംപിപ്പോൾ അടിമുടി വിപരീതമായാണ് പ്രവർത്തിക്കുന്നത്. തൻ്റെ സ്ഥാനാരോഹണ പ്രസംഗത്തിൽ സമാധാനത്തിന്റെയും, ഏകീകരണത്തിൻ്റെയും കാലമാണിനി എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഞങ്ങൾ വിജയിക്കുന്ന യുദ്ധങ്ങളിലൂടെ മാത്രമല്ല, ഞങ്ങൾ അവസാനിപ്പിക്കുന്ന യുദ്ധങ്ങളിലൂടെയും ഞങ്ങളുടെ വിജയം അളക്കപ്പെടുമെന്നും ട്രംപ് പറയുകയുണ്ടായി. അമേരിക്കൻ താൽപര്യങ്ങൾക്ക് അധിഷ്ഠിതമായി എവിടെ എന്ത് നടക്കുന്നുവോ അതിനെല്ലാം അമേരിക്ക പിന്തുണയുമായെത്തും എന്നതിൽ സംശയമൊന്നുമില്ല. ഇസ്രയേലിനെ ഹമാസിന്റെ നേരെ തിരിച്ചും, യുക്രെയ്നെ റഷ്യക്കെതിരെ തിരിച്ചും പടവെട്ടാൻ അമേരിക്ക നേതൃത്വം നൽകി ഇറങ്ങിയെങ്കിലും രണ്ടിടത്തും അമേരിക്കയുടെ കുതന്ത്രം കാര്യമായി ഫലിച്ചില്ല.

അതേസമയം, ഭാവിയിൽ അമേരിക്കയ്ക്ക് പുതിയ പ്രദേശങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച്ചകളിലായി അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഗ്രീൻലാൻഡ്, കാനഡ, പനാമ കനാൽ എന്നിവ കൂട്ടിച്ചേർക്കുമെന്നും ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാസ് വെഗാസിൽ ഒരു പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്ന ട്രംപ് ഞങ്ങൾ വളരെ വേഗം വിപുലീകരിക്കപ്പെട്ട ഒരു രാജ്യമായേക്കാമെന്നും, നിലവിലെ സ്ഥിതികൾ മാറുമെന്നും പറഞ്ഞു. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി അടുത്തിടെ നടത്തിയ ഒരു ഫോൺ സംഭാഷണത്തിൽ, ഗ്രീൻലാൻഡിൻ്റെ നിയന്ത്രണം വിട്ടുനൽകാൻ ഡെൻമാർക്കിനെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും ട്രംപ് പറയുകയുണ്ടായി.
ഗാസയിൽ ഇസ്രയേൽ സാധാരണക്കാരെ കൊല്ലുകയും അവർക്ക് ഭക്ഷണവും വൈദ്യവും നിഷേധിക്കുകയും വരെ ചെയ്ത അതിക്രൂര നടപടികൾ കൈക്കൊണ്ടിട്ടും ഇസ്രയേലിനെ പിന്തുണയ്ക്കാനുള്ള ജോ ബൈഡന്റെ തീരുമാനം ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കുറയ്ക്കാൻ ഇടയായിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് സഹായങ്ങൾക്ക് ഒരു ഇളവുവരുത്തിയ ബൈഡൻ ഭരണകൂടത്തിനെതിരെ ഇസ്രയേലിൽ നിന്നും ശബ്ദമുയർന്നിരുന്നു. അതേസമയം ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഇസ്രയേലിൻ്റെ ദേശീയ വലതുപക്ഷത്തിന് കടുത്ത പ്രതീക്ഷയായിരുന്നു.
Also Read: ‘കുളിക്കാൻ കഴിയാത്തത് മാത്രമായിരുന്നു പ്രശ്നം! ലോക റെക്കോഡിട്ട് ഒരു എൻജിനീയർ
ബൈഡൻ നൽകിയതിനെക്കാൾ കൂടുതൽ സഹായങ്ങൾ ട്രംപ് തങ്ങൾക്ക് നൽകുമെന്ന് ഇസ്രയേലിന് നല്ല ആത്മവിശ്വാസവും ഉണ്ടായിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ട്രംപ് സ്വീകരിക്കുന്നതെന്നത് നിലവിൽ വ്യക്തമാണ്. ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ മിഡിൽ ഈസ്റ്റിനെ എങ്ങനെ സമീപിക്കും എന്നതിൻ്റെ ആദ്യ സൂചനയാണ് ഇപ്പോൾ വെട്ടിക്കുറച്ച ഈ നിയന്ത്രണങ്ങൾ. യുക്രെയ്ന് ബൈഡൻ നൽകിയിരുന്ന സഹായങ്ങൾ നിർത്തി പകരം ബൈഡൻ ഇസ്രയേലിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് അവർക്ക് കൂടുതൽ ആയുധങ്ങൽ നൽകാനാണ് ട്രംപിന്റെ നിലപാട്.
നേരത്തെ വെടിനിർത്തൽ കാലയളവിൽ പലസ്തീനെതിരെ തിരിഞ്ഞാൽ കടുത്ത പ്രത്യാഘാതങ്ങൾ തന്നെ ഇസ്രയേൽ നേരിടേണ്ടി വരുമെന്ന ഇറാനും, യെമനും, ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി അമേരിക്ക നൽകുന്ന കൂടുതൽ ഉപകരണങ്ങളും വാങ്ങി അത്തരമൊരു കടന്നുകയറ്റത്തിനെങ്ങാനും ഇസ്രയേൽ മുതിർന്നാൽ ഹമാസിന്റെയും സഖ്യകക്ഷികളുടെയും ശക്തമായി പ്രത്യാക്രമണം തന്നെ ഇസ്രയേൽ നേരിടേണ്ടി വരും.
വീഡിയോ കാണാം