കാനഡയെ കൈപ്പിടിയിലൊതുക്കുക എന്ന ആഗ്രഹം ഏറെ നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ആഗ്രഹം വീണ്ടും വീണ്ടും ആവർത്തിക്കുക എന്നല്ലാതെ ആ മോഹം അങ്ങനെ വിട്ട് കളയാൻ കൂട്ടാക്കിയിട്ടില്ല. ജസ്റ്റിൻ ട്രൂഡോയുടെ രാജികൂടെ കാനഡയിൽ പ്രാബല്യത്തിലായ സ്ഥിതിക്ക് കാനഡയെ അമേരിക്കയുടെ ഭാഗമാക്കി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലം നിക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ട്രൂഡോയ്ക്ക് കളമൊഴിയേണ്ടി വന്നത്.
പതിവ് പോലെ അവസരവാദികളായ അമേരിക്ക തങ്ങളുടെ തനിസ്വരൂപം പുറത്തെടുക്കാനും മറന്നില്ല. കാനഡയെ അമേരിക്കൻ പ്രദേശമായി കാണിക്കുന്ന രണ്ട് ഭൂപടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകാെണ്ടാണ് കാനഡ അഭിലാഷവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് കാനഡയെ കൂടി ഉൾപ്പെടുത്തിയ അമേരിക്കയുടെ പുതിയ ഭൂപടം പങ്കുവെച്ചിരിക്കുന്നത്. ‘ഓ കാനഡ’ എന്ന് പരിഹാസപൂർവം ആ ഭൂപടത്തിന് താഴെ ട്രംപ് കുറിക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയെ അമേരിക്കയോടൊപ്പം കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം തന്റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്തി മണിക്കൂറുകൾക്കകം ഫ്‌ളോറിഡ മാർ-എ ലാഗോ ഹോമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു. കാനഡയും അമേരിക്കയും ഒന്നായാൽ അത് വലിയ ശക്തി തന്നെയായിരിക്കുമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാനഡയുടെ സൈനിക ചെലവുകളെക്കുറിച്ചും ട്രംപ് പറയുകയുണ്ടായി.

അവർക്ക് വളരെ ചെറിയ സൈന്യമാണ് ഉള്ളതെന്നും ദേശീയ സുരക്ഷയ്ക്കായി ചിലപ്പോഴെങ്കിലും അവർ ഞങ്ങളുടെ സൈന്യത്തെ ആശ്രയിക്കുന്നതായും ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനായി അവർ അമേരിക്കയ്ക്ക് പണം നൽകുകയാണ് ചെയ്യുന്നത്. കാനഡയെ കരകയറ്റാൻ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സാമ്പത്തിക ശക്തി ഉപയോഗിച്ചേക്കും എന്നാണ് ട്രംപ് മറുപടി നൽകിയിരുന്നത്.
തങ്ങളുടെ “സാമ്പത്തിക ശക്തി” ഉപയോഗിച്ച് അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയായ കാനഡയെ വിലക്ക് വാങ്ങാനായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാൽ അത് തുടക്കത്തിലെ പിഴുതുകളഞ്ഞ ട്രൂഡോയുടെ രാജിയാണ് ഇപ്പോൾ ട്രംപിന്റെ കഴുകൻ കണ്ണ് വീണ്ടും കാനഡയിലേക്ക് വീഴാൻ കാരണം. എന്നാൽ ട്രംപ് എത്ര കണ്ട് കിണഞ്ഞ് പരിശ്രമിച്ചിട്ടും കാര്യമില്ല കാനഡയെ വലയിൽ വീഴ്ത്താൻ കിട്ടില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് ട്രൂഡോ.
കാനഡയുടെ സാമ്പത്തിക സ്രോതസ്സ് അമേരിക്കയ്ക്ക് വേണ്ടി ചെലവഴിക്കുമെന്ന ട്രംപിന്റെ ഭീഷണിയൊന്നും കാനഡയിൽ വിലപ്പോവാനിടയില്ല. മുൻ പ്രധാനമന്ത്രിക്ക് പിന്നാലെ കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവർ പറഞ്ഞു. കാനഡ അമേരിക്കയിൽ ലയിച്ചില്ലെങ്കിൽ കാനഡയുടെ സാധനങ്ങളുടെ മേൽ കടുത്ത നികുതികൾ ഏർപ്പെടുത്തുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്.

230 വർഷം മുമ്പ് നിശ്ചയിച്ച കാനഡ അമേരിക്ക അതിർത്തിയെ കൃത്രിമമായി വരച്ച വെറുമൊരു രേഖയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്ക കാനഡയ്ക്ക് സബ്‌സിഡി നൽകുന്നുവെന്നൊരൊറ്റ കച്ചിത്തുരുമ്പിലാണ് നിലവിലെ ട്രംപിന്റെ അവകാശ വാദങ്ങൾ മുഴുവനുമുള്ളത്. കാനഡയ്ക്ക് നൽകുന്ന സബ്സിഡികൾ അധികമാണെന്നും അത് തുടരുന്നതിനെക്കാൾ നല്ലത് കാനഡ അമേരിക്കയിൽ ചേരുന്നതാണെന്നുമൊക്കെയാണ് ട്രംപ് ആരോപിക്കുന്നത്. കാനഡയ്ക്ക് നൽകേണ്ട അധിക വ്യാപാര കമ്മികളും സബ്‌സിഡികളും അമേരിക്കയ്ക്ക് ഇനിയും തരാൻ സാധിക്കില്ലെന്നും ട്രംപ് ഭീഷണിമുഴക്കി.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കാൻ കിടഞ്ഞു പരിശ്രമിക്കുന്ന ട്രംപിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പണി പതിനെട്ടും ട്രൂഡോയും പയറ്റുന്നുണ്ട്. കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് എത്തുന്ന എല്ലാ സാധനങ്ങൾക്കും താൻ അധികാരത്തിലേറുന്ന ആദ്യ ദിവസമായ ജനുവരി 20-ന് തന്നെ 25 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയിൽ കാനഡ അടിയറവു പറയുമെന്നായിരുന്നു ട്രംപിന്റെ ധാരണ. സാമ്പത്തിക പരമായി തന്നെ കാനഡയെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് അമേരിക്ക കളിക്കുന്നത്.
Also Read: റഷ്യ-യുക്രെയ്ന്‍ യുദ്ധ പരിഹാരം കാണുന്നതിന് 6 മാസം എടുക്കും, കാര്യങ്ങള്‍ വഷളാക്കിയത് ബൈഡന്‍: ട്രംപ്
ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയെ തങ്ങളുടെ ഭാഗമാക്കുന്നതിലൂടെ കൈവശം വരാൻപോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചെല്ലാം തന്നെ ട്രംപെന്ന ബിസ്സിനസ്സുകാരന് നല്ല ധാരണയുണ്ട്. പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുന്നെ തന്നെ മുതൽ കൂട്ടായിരുന്ന തന്റെ വ്യാപാര കുതന്ത്രങ്ങളെല്ലാം രണ്ടാമൂഴത്തിൽ ട്രംപ് കളത്തിലിറക്കുമെന്നതിൽ സംശയമില്ല. കണക്കുകൂട്ടലുകളിൽ ചിലതൊക്കെ ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാനഡ. ഒന്നാമൂഴത്തിലെ തന്നെ അതിനുള്ള പണികളെല്ലാം ട്രംപ് തുടങ്ങി വെച്ചിരുന്നു. 2018 ൽ നടന്ന കാനഡ-അമേരിക്ക-മെക്സിക്കോ കരാർ ചർച്ചകളിൽ കാനഡയ്‌ക്കെതിരെ ട്രംപ് ഒന്നിലധികം താരീഫുകൾ നിർദേശിച്ചിരുന്നു. സ്റ്റീലിനും അലുമിനിയത്തിനുമുള്ള താരിഫുകൾ അന്നേ വർധിപ്പിച്ചു. കൂടാതെ വാഹന കയറ്റുമതിയുടെ താരിഫുകളുയർത്തുമെന്ന ഭീഷണിയും.
കാണുന്നിടത്തെല്ലാം തന്റെ കോർപറേറ്റ് ബുദ്ധി പ്രയോഗിക്കാൻ ശ്രമിക്കുന്ന ട്രംപ് കാനഡയിൽ ഒരരക്ഷിതാവസ്ഥ ഉടലെടുത്തപ്പോൾ തന്നെ അവസരം മുതലാക്കാൻ മറന്നില്ല. ട്രൂഡോയ്ക്ക് രാജ്യത്തിനകത്ത് നിന്ന് തന്നെ എതിർപ്പുകളുയർന്നുകൊണ്ടിരുന്നാെരു സാഹചര്യം ട്രംപ് കൃത്യമായി തന്നെ മുതലെടുക്കുകയായിരുന്നു. ഒട്ടും തന്നെ വൈകാതെ ഭീഷണിമുഴക്കിയും ഭാവി വാഗ്ദാനങ്ങൾ നൽകിയും പകുതിയോളം കാനേഡിയൻമാരെ കൈയ്യിലെടുക്കാനും ട്രൂഡോയ്ക്ക് മേൽ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീയ ഭിന്നതകൾ സൃഷ്ടിക്കാനും അവസരവാദിയായ ട്രംപിന് കഴിഞ്ഞു. നിലവിലെ കാനഡയിലെ സാഹചര്യങ്ങൾ ഒരു വശത്തുനിന്ന് നോക്കിയാൽ ട്രംപിന് അനുകൂലമാണെങ്കിലും ട്രംപിന്റെ അതിമോഹത്തിന് കാനഡ വഴങ്ങാൻ തീരെ സാധ്യതയില്ലെന്നത് ഉറപ്പാണ്.

കാനഡയെ അമേരിക്കയിൽ ലയിപ്പിച്ചാൽ ട്രംപിന് ഭാവിയിൽ പലതുണ്ട് ഗുണം. അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മറ്റെല്ലാ രാജ്യങ്ങളെക്കാളും കഴിഞ്ഞ വർഷം കാനഡയിൽ നിന്നുമാണ് കൂടുതൽ പെട്രോളിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. കൂടാതെ കാനഡയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. കാനഡ അമേരിക്കയിലെത്തിയാൽ അത് ഊർജ്ജ മേഖലയിലടക്കമുള്ള അമേരിക്കയുടെ സ്വാധീനം ഉയർത്താൻ സഹായിക്കും. അത് ട്രംപിനും നല്ലത്പോലെ അറിയാം. 1987-ൽ ദി ആർട്ട് ഓഫ് ദി ഡീൽ എന്ന തൻ്റെ പുസ്തകത്തിൽ ട്രംപ് എഴുതിയിട്ടുണ്ട് “Leverage: don’t make deals without it.” എന്ന്. അതായത്, ഒരു നിക്ഷേപമില്ലാതെ ഒരു പദ്ധതികളും നടപ്പിലാക്കരുത്. അതിനെ അർത്ഥവത്താക്കുന്ന നടപടികളാണ് നിലവിൽ ട്രംപ് ചെയ്തുകൂട്ടുന്നത്.
വീഡിയോ കാണാം