ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ അതിശക്തമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും വൈകാതെ തന്നെ അവർ നിബന്ധനകൾ അംഗീകരിച്ച് ചർച്ചാമേശയിലേക്ക് മടങ്ങിയെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്ക് മറുപടിയായി ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
ഇറാന്റെ ഊർജ്ജ നിലയങ്ങളെയും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. കേവലം ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ ഊർജ്ജ മേഖല നിശ്ചലമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ഒരിക്കൽ തകർക്കപ്പെട്ടാൽ അത് പുനർനിർമ്മിക്കാൻ പത്ത് വർഷത്തിലേറെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്നും ഒരു നാഗരികത തന്നെ ഇല്ലാതാകുന്ന രീതിയിലുള്ള സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഈ കർശന നിലപാടാണ് ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ കടന്നുപോയതായി ട്രംപ് സ്ഥിരീകരിച്ചു. ‘യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ’, ‘യുഎസ്എസ് മൈക്കൽ മർഫി’ എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് മേഖലയിൽ നീക്കം നടത്തുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ കപ്പലുകളുടെ ഈ സാന്നിധ്യം പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.






