ഇന്ത്യൻ വിപണി പിടിക്കാൻ ട്രംപ്; അംബാനിയെ കൈവിട്ട് മോദി, അടുത്തത് അദാനിയോ?

മുകേഷ് അംബാനിയും ഗൗതം അദാനിയും മോദിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. സ്വന്തമായി പ്രധാനമന്ത്രിയുള്ള വ്യവസായികളെന്നാണ് അംബാനിയെയും അദാനിയെയും വ്യവസായ സമൂഹം വിശേഷിപ്പിച്ചിരുന്നത് പോലും

ഇന്ത്യൻ വിപണി പിടിക്കാൻ ട്രംപ്; അംബാനിയെ കൈവിട്ട് മോദി, അടുത്തത് അദാനിയോ?
ഇന്ത്യൻ വിപണി പിടിക്കാൻ ട്രംപ്; അംബാനിയെ കൈവിട്ട് മോദി, അടുത്തത് അദാനിയോ?

ന്ത്യൻ വിപണി ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇലോൺ മസ്‌ക്കും സമ്മർദ്ദം ശക്തമാക്കിയതോടെ പ്രിയ സുഹൃത്തായ മുകേഷ് അംബാനിയെ കൈവിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പദമേറാൻ മോദിക്ക് കൈത്താങ്ങായി നിന്ന സുഹൃത്തായിരുന്നു ഇന്ത്യൻ വ്യവസായ ഭീമനായ മുകേഷ് അംബാനി. മുകേഷ് അംബാനിയും ഗൗതം അദാനിയും മോദിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. സ്വന്തമായി പ്രധാനമന്ത്രിയുള്ള വ്യവസായികളെന്നാണ് അംബാനിയെയും അദാനിയെയും വ്യവസായ സമൂഹം വിശേഷിപ്പിച്ചിരുന്നത് പോലും. അംബാനിക്കും അദാനിക്കും ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അംബാനി, അദാനി സുഹൃത്തുക്കൾക്ക് വേണ്ടിയാണ് മോദിയുടെ ഭരണമെന്ന് പരസ്യമായി തന്നെ വിമർശിച്ചിരുന്നു.

എന്നാൽ മോദിയുടെ സുഹൃത്തായ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇന്ത്യക്കനുകൂല നിലപാടായിരിക്കും അമേരിക്ക സ്വീകരിക്കുക എന്ന പ്രതീക്ഷ തകർത്താണ് ട്രംപ് സ്വന്തം സുഹൃത്തും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ഇലോൺ മസ്‌ക്കിനു വേണ്ടി ഇന്ത്യൻ വിപണിയിൽ തന്നെ പിടിമുറുക്കുന്നത്. മോദി ട്രംപുമായി നയതന്ത്ര ചർച്ച നടത്തുന്നതിനിടെയാണ് ഇന്ത്യൻ കുടിയേറ്റക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയുമിട്ട് ട്രംപ് അമേരിക്കയുടെ സൈനിക വിാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയത്. കുടിയേറ്റക്കാർക്കുള്ള മാനുഷിക പരിഗണന പോലും ട്രംപ് നിഷേധിക്കുകയായിരുന്നു. കൊളംബിയയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ സ്വന്തം പൗരൻമാരുമായെത്തിയ അമേരിക്കൻ സൈനിക വിമാനത്തിന് രാജ്യത്തിറങ്ങാൻ അനുമതി നിഷേധിച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയാവട്ടെ സ്വന്തം പൗരൻമാരെ കൈവിലങ്ങണിയിച്ച് എത്തിച്ചിട്ടു പോലും മൗനം പാലിക്കുകയായിരുന്നു.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ ചുമത്തുന്ന തീരുവക്ക് ബദലായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻ തീരുവ ചുമത്തുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. അമേരിക്കൻ വ്യവസായികളുടെ സാന്നിധ്യം ഇന്ത്യയിൽ കുറവാണെന്നും ട്രംപ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ഇലോൺ മസ്‌ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു പിന്നാലെ തന്നെ ഉറ്റ സുഹൃത്ത് മുകേഷ് അംബാനിയെ കൈവിട്ട നീക്കമാണ് മോദി നടത്തിയത്. റിലയൻസിന്റെ കുത്തകയായ ഇന്ത്യയിലെ ഇൻർനെറ്റ് സേവന രംഗം പിടിച്ചെടുക്കുകയാണ് മസ്‌ക് ഇപ്പോൾ. മസ്‌ക്കിന്റെ കീഴിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന് കീഴിലുള്ള കമ്പനിയായ സ്റ്റാർലിങ്ക് എയർടെല്ലുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ്.

Also Read: കൊടും ചൂടിന് പിന്നാലെ പ്രളയം, ഭൂമിയുടെ ഭാവം മാറുന്നു, ഇന്ത്യൻ നഗരങ്ങളും ഭീഷണിയിൽ

അംബാനിയുടെ ജിയോക്ക് ഇന്ത്യയിൽ 500 മില്യൺ സബ്‌സ്‌ക്രൈബർമാരാണുള്ളത്. അംബാനിയേക്കാൾ മികച്ച സാങ്കേതിക വിദ്യയും ഇന്റർനെറ്റ് സേവനവുമായെത്തുന്ന സ്റ്റാർലിങ്ക് ജിയോയുടെ ഇന്ത്യയിലെ കുത്തക തകർക്കുമെന്ന് ഉറപ്പാണ്. സ്റ്റാർലിങ്ക് 2022ൽ ഇന്ത്യയിൽ പ്രവർത്തനാനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും റിലയൻസിന്റെ സമ്മർദ്ദത്തിൽ അനുമതി നൽകിയിരുന്നില്ല. ട്രംപ് അധികാരമേറ്റതോടെയാണ് മസ്‌ക്കിനു വേണ്ടി ഇന്ത്യൻ വിപണി തുറന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലടക്കം അതിവേഗ ഇന്റർനെറ്റ് സൗകര്യമാണ് മസ്‌ക് ഉറപ്പ് നൽകുന്നത്.
ഭൂമിയോടടുത്തുള്ള ഭ്രമണ പഥത്തിൽ ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് വിന്യസിച്ചിട്ടുള്ളത്. ഇതോടെ ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമേ ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷനായി ആവശ്യം വരികയുള്ളൂ. പരമ്പരാഗതമായി കേബിൾ വലിക്കുന്നതിന് പകരം ഇന്ത്യയിലെ ഏത് ഉൾഗ്രാമത്തിലും ഇതു വഴി മികച്ച വേഗതയിലുള്ള ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കാനാവും. സെക്കന്റിൽ 100 എംബിക്കും 200 എംബിക്കും ഇടയിൽ ഡൗൺ ലോഡ് വേഗതയാണ് സ്റ്റാർ ലിങ്ക് ഉറപ്പുനൽകുന്നത്. ഇതിനിടെ മോദിയുടെ സുഹൃത്തായ വ്യവസായി അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തി കേസെടുത്തതും തിരിച്ചടിയാണ്.

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനി അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് 175 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലിയും നൽകി. തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അമേരിക്കൻ ഭരണകൂടത്തെയും നിക്ഷേപകരെയും വിശ്വസിപ്പിച്ചു എന്നുമാണ് കേസുള്ളത്. അദാനിക്കെതിരെയുള്ള കേസും ഇന്ത്യൻ വിപണി തുറന്നു നൽകാനുള്ള ആയുധമായാണ് ട്രംപ് ഉപയോഗിക്കുന്നത്. കെന്റക്കി ബോർബോൺ പോലെയുള്ള അമേരിക്കൻ മദ്യത്തിന് ഇന്ത്യ 150 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇതിനെതിരെ പരസ്യമായി വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവ് കരോലിൻ ലീവിറ്റ് രംഗത്ത് വന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനും രണ്ടാം യു.പി.എ ഭരണത്തിന് അന്ത്യം കുറിച്ച് പ്രധാനമന്ത്രി പദത്തിലേറ്റാനും വിയർപ്പൊഴുക്കിയ വ്യവസായികളാണ് അംബാനിയും അദാനിയും. ട്രംപും മസ്‌ക്കും കണ്ണുരുട്ടിയതോടെ സൗഹൃദം മറന്ന് ഇരുവരെയും കൈവിട്ടിരിക്കുകയാണ് നരേന്ദ്ര മോദി.

Share Email
Top