ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് 50% അധിക തീരുവ; കർക്കശ നിലപാടുമായി ട്രംപ്

ഇറാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന പിന്തുണ നൽകുന്നതായി തെളിഞ്ഞാൽ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി

ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് 50% അധിക തീരുവ; കർക്കശ നിലപാടുമായി ട്രംപ്
ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് 50% അധിക തീരുവ; കർക്കശ നിലപാടുമായി ട്രംപ്

ശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇറാന് സൈനിക സഹായം നൽകുന്നതിനെതിരെ ചൈനയ്ക്ക് കനത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന പിന്തുണ നൽകുന്നതായി തെളിഞ്ഞാൽ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഭീഷണി മുഴക്കിയത്. ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന നീക്കം നടത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ഇറാനുമായുള്ള എണ്ണവ്യാപാരം ചൈന അവസാനിപ്പിക്കണമെന്നും പകരം അമേരിക്കയുടെ വ്യാപാര പങ്കാളിയായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. നിലവിലെ വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധങ്ങൾ ശേഖരിക്കാനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ ഒരു പക്ഷത്തേക്കും ആയുധങ്ങൾ കൈമാറുന്നില്ലെന്നും ചൈനീസ് എംബസി ഔദ്യോഗികമായി പ്രതികരിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻപ് മാറ്റിവെച്ചിരുന്ന തന്റെ ചൈനാ സന്ദർശനം അടുത്ത മാസം നടക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും സുരക്ഷാ പ്രശ്നങ്ങളുമായിരിക്കും സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സാമ്പത്തികവും സൈനികവുമായ സമ്മർദ്ദതന്ത്രങ്ങളിലൂടെ ഇറാനെയും ചൈനയെയും ഒരേപോലെ പ്രതിരോധത്തിലാക്കാനാണ് അമേരിക്കയുടെ നീക്കം.

Share Email
Top