റഷ്യയും അമേരിക്കയും യുദ്ധത്തെക്കുറിച്ചുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം, റഷ്യയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്ന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. റിയാദില്‍ നടന്ന ചര്‍ച്ചകളില്‍ യുക്രെയനെ ഉള്‍പ്പെടുത്താത്തതിന്റെ കാരണം ട്രംപ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. യുക്രെയ്‌നെ ചര്‍ച്ചയിലേയ്ക്ക് വിളിക്കണമെങ്കില്‍ രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
എന്തുകൊണ്ടാണ് യുക്രെയ്ന്‍ വോട്ടെടുപ്പ് നടത്താത്തത്?
സെലന്‍സ്‌കിയുടെ കാലാവധി അവസാനിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു, എന്നാല്‍ യുദ്ധം അവസാനിപ്പിച്ച് പട്ടാള നിയമം പിന്‍വലിക്കുന്നതുവരെ യുദ്ധബാധിത രാജ്യത്ത് ഒരു വോട്ടെടുപ്പും നടത്തില്ലെന്ന് യുക്രെയ്ന്‍ പറഞ്ഞു. യുദ്ധം മൂലം ദശലക്ഷക്കണക്കിന് യുക്രേനിയക്കാര്‍ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറിയതിനെ തുടര്‍ന്ന് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സെലന്‍സ്‌കി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വോട്ടര്‍മാരെ സംരക്ഷിക്കാന്‍ ഒരു സുരക്ഷാ സേനയോ പാശ്ചാത്യ സമാധാന സേനയോ ആവശ്യമാണെന്ന് സെലന്‍സ്‌കി മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്റര്‍നാഷണല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു സര്‍വേയില്‍, യുദ്ധം രൂക്ഷമാകുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ 60 ശതമാനം ആളുകളും എതിര്‍ത്തതായി കണ്ടെത്തി.
പട്ടാള നിയമം പിന്‍വലിച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സെലന്‍സ്‌കിയുടെ പാര്‍ലമെന്റിലെ ഭരണകക്ഷി നേതാവായ ഡേവിഡ് അരഖാമിയ ഈ മാസം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: സമാധാന കരാറില്‍ ശുഭാപ്തി വിശ്വാസം: ട്രംപ്
്
അതേസമയം, റിയാദില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം, അമേരിക്ക-റഷ്യന്‍ എംബസികളിലെ ജീവനക്കാരെ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുന്നതിനായി ടീമുകളെ രൂപീകരിക്കാന്‍ സമ്മതിച്ചു. യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക, ആഗോള സഹകരണം പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും എംബസികളെ ഉപയോഗിക്കുക എന്നതാണ് ഈ ശ്രമത്തിലൂടെ ലക്ഷ്യമിടുന്നത്. സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികള്‍ തേടുന്നതിനായി ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.