2025 ജനുവരിയില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ക്ഷണിച്ചതായി വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് നിരവധി വിദേശ പ്രമുഖരെ വൈറ്റ്ഹൗസ് ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ നവംബര്‍ ആദ്യം ട്രംപ് ഷിയെ ക്ഷണിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചോ എന്ന് വ്യക്തമല്ല. വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് ഇതുസംബന്ധിച്ച് പ്രതികരണം അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഷിയെ കൂടാതെ ഹംഗറിയുടെ തീവ്ര വലതുപക്ഷ നേതാവ്, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ തുടങ്ങിയവരെയും ചടങ്ങിലേയ്ക്ക് വൈറ്റ് ഹൗസ് ക്ഷണിച്ചിട്ടുണ്ട്.
Also Read: നെതന്യാഹുവിന് തിരിച്ചടി, വംശഹത്യയ്ക്ക് ‘വിലങ്ങിട്ട്’ യുഎന്‍!!
പ്രസിഡന്റ് ട്രംപിനെ കാണാന്‍ ലോക നേതാക്കള്‍ തമ്മില്‍ മത്സരമാണെന്ന് വൈറ്റ്ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം മുതല്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെ ട്രംപിനെ കാണാനുള്ള ലോക നേതാക്കളുടെ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാണാനായത്.
അംബാസഡര്‍മാരെയും മറ്റ് നയതന്ത്രജ്ഞരെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാറുണ്ട്. എന്നാല്‍, തങ്ങളുടെ ശത്രുവായ ചൈനയെ ചടങ്ങിലേയ്ക്ക് ക്ഷണിക്കുന്നത് ആദ്യമാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്പത്തിക-വ്യാപാര-സാങ്കേതിക മേഖലകളിലെല്ലാം തന്നെ ചൈനയും അമേരിക്കയും തമ്മില്‍ പരസ്പരം മത്സരമാണ്. വര്‍ഷങ്ങളായി ഇരുരാഷ്ട്രങ്ങളും തമ്മില്‍ ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ ഒരു വേളയിലാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിന്നിനെ ക്ഷണിച്ചിരിക്കുന്നത്. അതേസമയം, സെനറ്റര്‍ മാര്‍ക്കോ റൂബിയോ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സ് എന്നിവരുള്‍പ്പെടെ ട്രംപിന്റെ അംഗങ്ങള്‍ ഷി സര്‍ക്കാരിന്റെ നിശിത വിമര്‍ശകരുമാണ്.
Also Read:സിറിയന്‍ ജനത ജൊലാനിയേയും കൂട്ടരേയും അംഗീകരിക്കുമോ, എന്താണ് വിമതരുടെ ഭാവി ..?
ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ മാസം ഭീഷണിപ്പെടുത്തിയിരുന്നു. നിലവിലുള്ള ഇറക്കുമതി ചുങ്കത്തിന് പുറമെ ഇനിയും നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ടിക്ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് സോഷ്യല്‍ മീഡിയ ആപ്പ് വില്‍ക്കുന്നതിനോ നിരോധനം നേരിടുന്നതിനോ ഉള്ള സമയപരിധി ജനുവരി 19-ന്, ഉദ്ഘാടനത്തിന്റെ തലേന്ന് അമേരിക്ക ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതിനിടെ ടിക്ടോക്ക് നിരോധനത്തിനെതിരെ കോടതിയില്‍ അമേരിക്കയ്ക്ക് എതിരെ ചൈന നിയമ പോരാട്ടത്തിലുമാണ്. ഇതിനിടയിലാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡന്റിന് ക്ഷണം വന്നിരിക്കുന്നത്.
എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തേക്കാള്‍ ഉപരി രണ്ട് നേതാക്കള്‍ തമ്മിലുള്ള അടുപ്പമാണ് അന്താരാഷ്ട്ര കരാറുണ്ടാക്കുന്നതില്‍ പ്രധാനമെന്ന് ട്രംപ് ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസം പെറുവില്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യാപാരയുദ്ധം തുടങ്ങരുതെന്ന് ഷി അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ട്രംപ് ഷിയോട് അടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
Also Read: ട്രംപ് എത്തിയാല്‍ നാട്ടിലേയ്ക്ക് തിരിക്കേണ്ടി വരുമോ? മലയാളികള്‍ക്ക് ചങ്കിടിപ്പ്
പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന മത്സരവും ശത്രുതാ മനോഭാവവും കണക്കിലെടുക്കുമ്പോള്‍ ഒരു ചൈനീസ് നേതാവ് അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത് അഭൂതപൂര്‍വ സംഭവമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടാം ട്രംപ് ടേം ചൈനയുമായി കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍. കൃത്രിമ മരുന്നായ ഫെന്റനൈലിന്റെ ഉത്പാദനം കുറയ്ക്കണമെന്നും അത് കയറ്റുമതി ചെയ്യരുതെന്നും കഴിഞ്ഞ മാസം ട്രംപ് ചൈനയെ അറിയിച്ചിരുന്നു. ഇല്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതേസമയം, നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടവും ട്രംപ് കൊണ്ടുവന്ന ചില താരിഫുകള്‍ നിലനിര്‍ത്തുകയും, ചൈനയുടെ സാങ്കേതിക മേഖലയെ പിടിച്ചുനിര്‍ത്താനുള്ള ആക്രമണാത്മക നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച, ചൈനയുമായി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്ന കാഴ്ചയാണ് കാണാനായത്. ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം ചൈനയിലെ നാന്‍ജിംഗിലേക്ക് പോകുമെന്ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ട്രംപും ഊഷ്മള ബന്ധത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് സംസാരിച്ച ട്രംപ് തന്റെ വരാനിരിക്കുന്ന ഭരണകൂടം ചൈനയുമായി നല്ല ബന്ധത്തിന് ശ്രമിക്കുമെന്ന് അറിയിച്ചു. അതിനാല്‍ തന്നെ വരാനിരിക്കുന്ന ട്രംപിന്റെ ഭരണകൂടം ചൈനയുമായി നല്ല സഹകരണത്തിനാണ് ശ്രമിക്കുന്നതെന്ന സന്ദേശമാണ് ഉള്ളത്. ഇതിന്റെ മുന്നോടിയായാണ് ഷിയെ ട്രംപിന്റെ സ്ഥാനാരോഹണത്തിന് ക്ഷണിക്കുന്നതെന്ന് നയതന്ത്രജ്ഞരും വിലയിരുത്തുന്നു.
Also Read: കീവിലും വാഷിങ്ടണിലും അണുബോംബ് വീഴും ? ലോകത്തെ ഞെട്ടിക്കുന്ന നീക്കവുമായി റഷ്യ
2017ലെ ആദ്യ സ്ഥാനാരോഹണ വേളയില്‍ ട്രംപിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ട്രംപിന്റെ രണ്ടാം ഘട്ടം ആകുമ്പോഴേയ്ക്കും സ്ഥിതി മാറി. ഇന്ന് ലോക നേതാക്കള്‍ക്കിടയില്‍ ട്രംപിനുള്ള സ്ഥാനം വളരെ വലുതാണ്. മാത്രമല്ല ചൈനയുമായി ട്രംപ് നല്ല ബന്ധത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ ലോകത്തിന്റെ സമവാക്യം തന്നെ മാറിമറിയും.