ബ്രിട്ടന്റെ തലപ്പത്ത് നിന്ന് സ്റ്റാര്‍മറെ വെട്ടാനൊരുങ്ങി ട്രംപ്: അണിയറയില്‍ നീക്കങ്ങള്‍ ശക്തം

ബ്രിട്ടനിലെ നിഗല്‍ ഫാരേജിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് ട്രംപിന്റെ ടീമുമായി ആഴത്തിലുള്ള ബന്ധമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടന്റെ തലപ്പത്ത് നിന്ന് സ്റ്റാര്‍മറെ വെട്ടാനൊരുങ്ങി ട്രംപ്: അണിയറയില്‍ നീക്കങ്ങള്‍ ശക്തം
ബ്രിട്ടന്റെ തലപ്പത്ത് നിന്ന് സ്റ്റാര്‍മറെ വെട്ടാനൊരുങ്ങി ട്രംപ്: അണിയറയില്‍ നീക്കങ്ങള്‍ ശക്തം

ബ്രിട്ടനിലെ നിഗല്‍ ഫാരേജിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് ട്രംപിന്റെ ടീമുമായി ആഴത്തിലുള്ള ബന്ധമെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഇവര്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വേണ്ടി പ്രചാരണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി തങ്ങളുടെ പ്രവര്‍ത്തകരെ അയച്ചത്, ട്രംപിനും അനുയായികള്‍ക്കും കടുത്ത നീരസത്തിന് വഴിവെച്ചിരുന്നു.

അതേസമയം, 2025 ജനുവരിയിലെ ഒരു വോട്ടെടുപ്പ് കാണിക്കുന്നത് യഥാക്രമം 25- 26 ശതമാനവുമായി സ്റ്റാര്‍മര്‍ ഭരണകൂടം നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും, ഫാരേജിന്റെ റിഫോം യുകെയും ബ്രിട്ടനില്‍ ഒപ്പത്തിനൊപ്പമാണെന്നാണ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് വേണ്ടി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയിരുന്നു. ഇത് ട്രംപിന്റെ വിജയത്തെ തടസപ്പെടുത്താനുള്ള ലേബര്‍ പാര്‍ട്ടി അനുഭാവികളുടെ ഗൂഢോലോചനയാണെന്നാണ് അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച, ട്രംപിന്റെ സഹായികള്‍ റിഫോം യുകെ അംഗങ്ങളുമായി ലണ്ടനിലെ ഒരു സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബില്‍ കൂടിക്കാഴ്ച നടത്തിയതായും, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്തതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Keir Starmer

Also Read: അമേരിക്കയെ ഞെട്ടിച്ച മൂന്ന് പ്രധാന കൊലപാതകങ്ങളുടെ രേഖകള്‍ പുറത്തുവിടും: ട്രംപ്

അതേസമയം, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്നും അടുത്ത പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നും ട്രംപിന്റെ സ്ഥാനാരോഹണത്തിനെത്തിയ ഫാരേജ് പറഞ്ഞു. ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ അത് വേഗത്തില്‍ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാരേജ് വ്യക്തമാക്കി.

ബ്രിട്ടണില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് 2029-ലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലേബര്‍ പാര്‍ട്ടി അധികാരമേറ്റെങ്കിലും അതിനുശേഷം സാമ്പത്തിക സ്തംഭനാവസ്ഥയും വിവിധ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള ആവശ്യങ്ങളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രധാന എതിരാളിയാകാന്‍ സാധ്യതയുള്ള ഫാരേജ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ലേബറിലും അതൃപ്തരായ വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രീതി നേടിയിട്ടുണ്ട്. ഇമിഗ്രേഷന്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും സ്‌കൂളുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യയശാസ്ത്രം നിരോധിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ചെറുകിട ബിസിനസുകള്‍ക്കുള്ള നികുതി കുറയ്ക്കുമെന്നും റിഫോം യുകെ വാഗ്ദാനം ചെയ്യുന്നു.

Share Email
Top