കുടിയേറ്റക്കാരെയും കുടിയേറ്റ നയത്തെയും പണ്ട് മുതലെ കണ്ടുകൂടാത്ത ഡോണള്‍ഡ് ട്രംപ് കടുത്ത നിലപാടുകളാണ് കുടിയേറ്റക്കാരോട് ചെയ്തിരുന്നത്. ആദ്യ തവണയും രണ്ടാമതിപ്പോള്‍ അധികാരത്തിലെത്തിയപ്പോഴും ആ അതൃപ്തി പല തവണ കര്‍ശനമായി തന്നെ ട്രംപ് പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നും കുടിയേറ്റക്കാരെ ദക്ഷിണ സുഡാനിലേക്ക് തള്ളുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെ അവരുടെ സമ്മതം പോലുമില്ലാതെയാണ് ട്രംപ് ഭരണകൂടം നാട് കടത്തുന്നത്. വിയറ്റ്നാം, ക്യൂബ തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്താന്‍ ഒരുങ്ങുന്ന ദക്ഷിണ സുഡാനിലേക്ക് നിര്‍ബന്ധിച്ച് അയക്കുകയാണ് അമേരിക്ക.
Also Read: നാറ്റോയ്ക്ക് പണി കൊടുക്കാൻ പുടിൻ, പിന്തുണച്ച് ട്രംപ്, ഭയപ്പാടിൽ യൂറോപ്യൻ രാജ്യങ്ങൾ
നാടുകടത്തപ്പെട്ടവരുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ദക്ഷിണ സുഡാനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഇതാദ്യമായിട്ടല്ല. അടുത്തിടെ, ഭരണകൂടം എല്ലാ ദക്ഷിണ സുഡാനീസ് പൗരന്മാരുടെയും വിസകള്‍ റദ്ധാക്കിയിരുന്നു. 2011-ല്‍ സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം, അടിസ്ഥാന സേവനങ്ങളില്‍ പലതും ദക്ഷിണ സുഡാന് കൃത്യമായി ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അത്തരം സര്‍ക്കാര്‍ സഹായങ്ങളെത്തുന്നതില്‍ തടസ്സം സൃഷ്ടിച്ചു. അവിടെയുള്ള ജനതയ്ക്ക് സ്വന്തം നാട്ടിലെ അരക്ഷിതാവസ്ഥ കാരണം അമേരിക്ക സുഡാന് താല്‍ക്കാലിക സംരക്ഷണ പദവി നല്‍കുന്നുണ്ട്. 2013 ല്‍ ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയില്‍ പ്രസിഡന്റ് സാല്‍വ കിറിന്റെ അനുയായികളും ഡെപ്യൂട്ടി റീക് മച്ചാറിന്റെ അനുയായികളും തുടങ്ങിയ സംഘര്‍ഷം വെടിവെയ്പ്പ് വരെ എത്തിയതോടെയാണ് സ്വാതന്ത്ര്യം കിട്ടി രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണ സുഡാന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറിയത്.
നിര്‍ബന്ധിത കുടിയിറക്കം, വംശീയ കൂട്ടക്കൊലകള്‍, വിവിധ പാര്‍ട്ടികളുടെ പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അന്ന് മുതല്‍ അവിടെ അരങ്ങേറിയത്. അതിനുശേഷം നേതാക്കളായ സാല്‍വ കീര്‍ മയാര്‍ഡിറ്റ് , റീക് മച്ചാര്‍ എന്നിവര്‍ രൂപീകരിച്ച ഒരു സഖ്യം ഭരണം ഏറ്റെടുത്തു. അഞ്ച് വര്‍ഷത്തെ ആഭ്യന്തരയുദ്ധം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. 2018-ല്‍ ഒരു സമാധാന കരാര്‍ വന്നിരുന്നെങ്കിലും അത് ദുര്‍ബലമായിരുന്നു. വംശീയ അക്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും രാജ്യം യുദ്ധത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണ സുഡാനിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും വിവിധ വംശീയ, ഗോത്ര, ഭാഷാ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നിലോട്ടിക് ജനതയാണ്.
ജനസംഖ്യാപരമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണിത്. ഏകദേശം പകുതിയോളം പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. ഭൂരിഭാഗം നിവാസികളും ക്രിസ്തുമതത്തിലോ വിവിധ പരമ്പരാഗത തദ്ദേശീയ വിശ്വാസങ്ങളിലോ ഉറച്ചുനില്‍ക്കുന്നവരാണ്. ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍, കിഴക്കന്‍ ആഫ്രിക്കന്‍ കമ്മ്യൂണിറ്റി, ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്മെന്റ് എന്നിവയിലെ അംഗമാണ് ദക്ഷിണ സുഡാന്‍. അമേരിക്ക സഹായം വെട്ടിക്കുറച്ചതിനാല്‍ ദക്ഷിണ സുഡാനിലെ 11 ദശലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് പിന്തുണ കുറവാണ്. ഇതിനിടയിലാണ് വിദേശികള്‍ ഉള്‍പ്പെടെയുള്ള നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാനില്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ധം ചെലുത്തുന്നത്. തങ്ങളുടെ രാജ്യം ഒരുതരം മാലിന്യക്കൂമ്പാരമായി മാറുമെന്ന ആശങ്കയൊക്കെ അവിടുത്തുകാര്‍ക്കുണ്ട് എന്നതാണ് സത്യം.

അതുമാത്രമല്ല, ദക്ഷിണ സുഡാനില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ ആഘാതങ്ങള്‍ വളരെക്കാലമായി കൂട്ട കുടിയിറക്കത്തിനും സ്‌കൂളുകള്‍ അടച്ചുപൂട്ടലിനും കാരണമായിട്ടുണ്ട്. ദക്ഷിണ സുഡാനിലെ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ദുര്‍ബലമായവയില്‍ ഒന്നാണ്. സഹായ സംഘടനകള്‍ അവശ്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കാര്യമായി പുരോഗതി ഉണ്ടായിട്ടില്ല. ദക്ഷിണ സുഡാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് വളരെക്കാലമായി എണ്ണ ഉല്‍പാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക അഴിമതി കാരണം അതില്‍ നിന്ന് വളരെ കുറച്ച് പണം മാത്രമേ രാജ്യത്തിന് ലഭിക്കുന്നുള്ളൂ. അയല്‍രാജ്യമായ സുഡാനിലെ സംഘര്‍ഷം കരയാല്‍ ചുറ്റപ്പെട്ട ദക്ഷിണ സുഡാനിലെ എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ സിവില്‍ സര്‍വീസുകാര്‍ക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാത്ത സാഹചര്യം വരെയുണ്ടാകും.
Also Read: ഇടക്കാല സര്‍ക്കാരും സൈന്യവും ഉടക്കില്‍, പുകഞ്ഞ് ബംഗ്ലാദേശ്, ഇന്ത്യക്ക് ഗുണമോ?
ഇത്തരം സാമ്പത്തിക വെല്ലുവിളികളും, ആഭ്യന്തര പിരിമുറുക്കങ്ങളും ഉള്ള ഒരു രാജ്യം എങ്ങനെ കുടിയേറ്റക്കാരെ കൂടി രാജ്യത്ത് ഉള്‍ക്കാെള്ളുമെന്നത് സംശയിക്കേണ്ട കാര്യമാണ്. അത് മാത്രമല്ല, ദക്ഷിണ സുഡാനില്‍ നിന്ന് തന്നെ ധാരാളം ആളുകളാണ് പലായനം ചെയ്യുന്നത്. അഭ്യന്തര യുദ്ധത്തിന് ശേഷം സായുധ സംഘര്‍ഷം, സാമ്പത്തിക തകര്‍ച്ച, രോഗം, പട്ടിണി എന്നിവയുടെ സങ്കീര്‍ണ്ണവും അപകടകരവുമായ ഒരു സാഹചര്യത്തിലേക്കാണ് രാജ്യമെത്തിയത്. ഈ സംഘര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ദക്ഷിണ സുഡാനില്‍ നിന്ന് പലായനം ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. മൊത്തം ദക്ഷിണ സുഡാനീസ് അഭയാര്‍ത്ഥി ജനസംഖ്യയുടെ 65 ശതമാനവും കുട്ടികളാണ്.

ദക്ഷിണ സുഡാനിലെ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും അയല്‍രാജ്യങ്ങളായ സുഡാന്‍, ഉഗാണ്ട, എത്യോപ്യ, കെനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. കെനിയയിലെ കകുമ അഭയാര്‍ത്ഥി ക്യാമ്പും അതിന്റെ വിപുലീകരണ സ്ഥലമായ കലോബെയ് സെറ്റില്‍മെന്റും 148,000-ത്തിലധികം ദക്ഷിണ സുഡാനീസ് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണ സുഡാനീസ് അഭയാര്‍ത്ഥി ജനസംഖ്യകളില്‍ ഒന്നാണിത്. അതുകൊണ്ട് തന്നെ, ദക്ഷിണ സുഡാനിലേക്കുള്ള പുതിയ കുടിയേറ്റക്കാരുടെ വരവിനെ ആ രാജ്യം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.