കിമ്മുമായി ബന്ധം പുതുക്കണം, ഉത്തരകൊറിയൻ ആയുധങ്ങളെ ഭയപ്പെട്ട് ട്രംപ്

പുതിയ മിസൈൽ പരീക്ഷണങ്ങൾ അമേരിക്കയ്ക്കുള്ളൊരു താക്കീതാണെന്ന് തന്നെയാണ് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഉത്തരകൊറിയയെ കൂടെ നിർത്തുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടം തന്നെയാണ്. അത് ട്രംപിന് നന്നായി അറിയാം. പുറത്തെടുക്കാത്ത ഒരുപാട് ആയുധശേഖരങ്ങളുള്ള വലിയൊരു ആയുദ്ധകലവറയാണ് ഉത്തരകൊറിയയ്ക്കുള്ളത്.

കിമ്മുമായി ബന്ധം പുതുക്കണം, ഉത്തരകൊറിയൻ ആയുധങ്ങളെ ഭയപ്പെട്ട് ട്രംപ്
കിമ്മുമായി ബന്ധം പുതുക്കണം, ഉത്തരകൊറിയൻ ആയുധങ്ങളെ ഭയപ്പെട്ട് ട്രംപ്

ണവായുധ ശേഖരം കുറയ്ക്കുന്നതിനെക്കുറിച്ച് റഷ്യയുമായും ചൈനയുമായും ചര്‍ച്ച നടത്തണമെന്നാെക്കെ ട്രംപ് തീരുമാനങ്ങളെടുക്കുന്നതിനിടയിലാണ് ട്രംപിന് ഭീഷണിയായി കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ പുതിയ തീരുമാനങ്ങളെടുക്കുന്നത്. ആണവായുധങ്ങളുടെ വികസനം തുടരുമെന്ന് തന്നെയാണ് കിമ്മിന്റെ തീരുമാനം. രാജ്യത്തിന്റെ ആണവായുധ ഇന്‍സ്റ്റിറ്റ്യൂട്ടിലും ആയുധ-ഗ്രേഡ് ആണവ സാമഗ്രികള്‍ നിര്‍മ്മിക്കുന്നിടത്തും പ്രത്യേകം സന്ദര്‍ശനം നടത്തികൊണ്ടായിരുന്നു കിമ്മിന്റെ പുതിയ പ്രഖ്യാപനം. അനിവാര്യമാണെങ്കില്‍ ഇവയെല്ലാം പുറത്തിറക്കുമെന്ന ഒരു ഭീഷണി കൂടിയായിരുന്നു കിമ്മിന്റെ ഈ പുതിയ തീരുമാനമെന്നാണ് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 2025 ഉത്തര കൊറിയയുടെ ആണവ ശക്തികളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ‘നിര്‍ണ്ണായക വര്‍ഷമായിരിക്കുമെന്നും കെസിഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ആണവപ്രതിരോധ നിലപാട് അനിശ്ചിതമായി വികസിപ്പിക്കുക എന്നത് ഞങ്ങളുടെ ഉറച്ച രാഷ്ട്രീയവും സൈനികവുമായ നിലപാടെന്നും മാറ്റമില്ലാത്ത മഹത്തായ കടമയുമെന്നാണ് ഈ തീരുമാനത്തെ പറ്റി കിം പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയുമായി വീണ്ടും നയതന്ത്രബന്ധം പുലര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം വന്നത്. പരോക്ഷമായി ട്രംപിനുള്ള ഒരു താക്കീത് കൂടിയാണ് കിമ്മിന്റെ ഈ തീരുമാനം. മാത്രമല്ല, അടുത്തിടെ രാജ്യത്തെ സൈനിക പ്രകടനത്തെ അടയാളപ്പെടുത്തുന്ന ഉത്തര കൊറിയയുടെ സ്ട്രാറ്റജിക് ഗൈഡഡ് ക്രൂയിസ് മിസൈലുകള്‍ രാജ്യം പരീക്ഷിക്കുകയും ചെയ്തിരുന്നു. ഏറ്റവും പൈശാചികമായ ശത്രുരാജ്യങ്ങളുമായുള്ള ദീര്‍ഘകാല ഏറ്റുമുട്ടല്‍ അനിവാര്യമാണെന്നും, ആണവ കവചം സ്ഥിരമായി ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും കിമ്മ് പറയുകയുണ്ടായി.

kim jong un

അമേരിക്ക, ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് ഭീഷണിയാണ് നിലവിലെ ഉത്തരകൊറിയയുടെ തീരുമാനം. ആദ്യ ഭരണകാലത്ത് ട്രംപ് മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കിമ്മുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ട്രംപ് കിമ്മുമായുള്ള തന്റെ ബന്ധത്തെ വളരെ നല്ലതെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എങ്കിലും അമേരിക്കയെ അത്ര കണ്ട് അങ്ങ് ദഹിക്കാത്ത ഒരാളാണ് കിം. മാത്രമല്ല, പുതുതായി നിയമിതനായ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കിമ്മിനെ അടുത്തിടെ ‘സ്വേച്ഛാധിപതി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Also Read: ആഫ്രിക്കയ്ക്കും പ്രിയം പുടിനോട്, നാറ്റോയെ തറപറ്റിക്കാൻ ബ്രിക്സ്

കിമ്മുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യത ട്രംപിന്റെ ഭരണകൂടം പരിഗണിക്കുന്നുണ്ടെങ്കിലും കിമ്മിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും ബന്ധം എങ്ങനെ മുന്നോട്ട് പോകുമെന്നത്. ലോകത്തെ മുഴുവന്‍ വെട്ടിലാക്കാനിറങ്ങുന്ന ട്രംപ് തന്റെ പരിഷ്‌കാരങ്ങളുമായി പോകാന്‍ സാധ്യതില്ലാത്ത ഒരു രാജ്യം കൂടിയാണ് ഉത്തരകൊറിയ. അങ്ങനെ എന്തെങ്കിലും പ്രകോപനം കൊണ്ട് അങ്ങോട്ട് പോയാല്‍ അതിന് തക്ക മറുപടി കിട്ടുമെന്ന് ട്രംപിന് നന്നായി അറിയാം.

Donald Trump

നേരത്തെ കടലില്‍ നിന്ന് ഉപരിതലത്തിലെത്തുന്ന തരത്തിലുള്ള ക്രൂയിസ് മിസൈലുകള്‍ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്ഷേപിച്ച മിസൈലുകള്‍ 1,500 കിലോമീറ്റര്‍ എലിപ്റ്റിക്കല്‍, ഫിഗര്‍-എട്ട് ഭ്രമണപഥങ്ങളിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരുന്നു പരീക്ഷണം. വിക്ഷേപണം എവിടെയാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എതിരാളികള്‍ക്കുള്ള പ്രതിരോധമെന്ന നിലയില്‍ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സായുധ സേനയെ കൂടുതല്‍ സമഗ്രമായി തയ്യാറാക്കുകയാണെന്നായിരുന്നു വിക്ഷേപണത്തിന് ശേഷം കിം പറഞ്ഞത്. കിമ്മിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു പരീക്ഷണം നടന്നിരുന്നത്. ട്രംപ് അധികാരമേറ്റതിന് ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ വിക്ഷേപണമായിരുന്നു അത്.

കിമ്മുമായി കൂടുതല്‍ നയതന്ത്ര ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞതില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ദക്ഷിണകൊറിയക്കാണെന്ന് തന്നെ പറയാം. കിം അമേരിക്കയുമായി ഒരു നല്ല ബന്ധത്തിന് ഇനി മുതിരുമോ എന്നൊന്നും പറഞ്ഞിട്ടില്ലെങ്കിലും അതില്‍ നെഞ്ചിടിപ്പ് കൂടുന്നത് ദക്ഷിണകൊറിയക്കാണ്. പക്ഷെ യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തില്‍ ഉത്തര കൊറിയ തങ്ങളുടെ സൈനികരെ റഷ്യയിലേക്ക് അയക്കുന്നതില്‍ ട്രംപ് വ്യാകുലനാണ്. അതുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് പറയുന്ന ട്രംപ് ഉത്തരകൊറിയയുടെ സൈനികരെ റഷ്യയിലേക്ക് അയയ്ക്കുന്നതും അതിന്റെ ആയുധ പിന്തുണയും തടയാന്‍ ഈ ബന്ധം പുതുക്കല്‍ ഉപയോഗിക്കുമോ എന്നാണ് സംശയമെന്നാണ് ദക്ഷിണകൊറിയയിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. അങ്ങനെയൊരു കുശാഗ്ര ബുദ്ധിയുമായാണ് ട്രംപ് കിമ്മിന്റെ അടുത്തേക്ക് പോകുന്നതെങ്കില്‍ അത് തിരിച്ചടിയാകാനുള്ള സാധ്യതയാണ് കൂടുതലുമെന്നതില്‍ സംശയമാെന്നുമില്ല.

Strategic Guided Cruise Missiles

പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്കക്കുള്ളൊരു താക്കീതാണെന്ന് തന്നെയാണ് ഉത്തര കൊറിയയുടെയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഇത്തരം മുന്നൊരുക്കങ്ങെളൊക്കെ കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ആഗ്രഹം കൊണ്ട് മാത്രം കിമ്മിനെ മേശക്ക് മുന്നില്‍ കൊണ്ട് വരാന്‍ ട്രംപിന് സാധിക്കില്ല. മാത്രമല്ല, ഇക്കാലയളവില്ലൊന്നും തന്നെ കിമ്മുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ ട്രംപിന് സാധിച്ചിട്ടില്ല. 2018 ജൂണില്‍ സിംഗപ്പൂരില്‍ കിമ്മുമായി കൂടിക്കാഴ്ച നടത്തി ട്രംപ് അമേരിക്കയുടെ ചരിത്രം തിരുത്തിയിരുന്നു. ഒരു ഉത്തരകൊറിയന്‍ നേതാവുമായി ഉച്ചകോടി നടത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ട്രംപ്. 2019 ഫെബ്രുവരിയില്‍, അവര്‍ വീണ്ടും വിയറ്റ്‌നാമില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് കൂടിക്കാഴ്ച്ചകളിലും കിമ്മുമായി പ്രത്യേകിച്ച് കരാറോ, നിര്‍ണായക തീരുമാനങ്ങളോ എടുക്കാന്‍ ട്രംപിന് സാധിച്ചിരുന്നില്ല. 2019 ജൂണില്‍, കിമ്മുമായി വീണ്ടും ട്രംപ് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും അതും പുരോഗതിയില്ലാതെ അവസാനിക്കുകയായിരുന്നു.

Also Read: സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ജീവിതങ്ങൾ

ഉത്തരകൊറിയയെ കൂടെ നിര്‍ത്തുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടം തന്നെയാണ്. അത് ട്രംപിന് നന്നായി അറിയാം. പുറത്തെടുക്കാത്ത ഒരുപാട് ആയുധശേഖരങ്ങളടക്കമുള്ള ആയുധകലവറയുള്ളൊരു രാജ്യമാണ് ഉത്തരകൊറിയ. തന്ത്രപ്രധാനമായ പല നീക്കങ്ങളും ഉത്തരകൊറിയയുടെ കൂടെ നിന്നാല്‍ അമേരിക്കയ്ക്ക് നേടിയെടുക്കാനാകും. പക്ഷെ അതിന് കിമ്മിനെ നയത്തിലാക്കിയെടുക്കുകയെന്നതാണ് ട്രംപിന്റെ കടമ്പ. പക്ഷെ അമേരിക്കയോട് കൂറ് വെച്ച് പുലര്‍ത്താന്‍ അത്ര താല്‍പര്യമില്ലാത്ത കിം ട്രംപിന്റെ വഴിയില്‍ കൂടാന്‍ സാധ്യത തീരെയില്ലെന്നതും മറ്റൊരു സത്യമണ്. ഉത്തരകൊറിയയുമായി നടത്താന്‍ ശ്രമിച്ച ട്രംപിന്റെ മുന്‍ ഇടപാടുകളാെക്കെ പരാജയപ്പെട്ടിട്ടെയുള്ളു. അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ ഓവല്‍ ഓഫീസില്‍ ഉത്തരകൊറിയയെ ‘ആണവശക്തി’ എന്ന് ട്രംപ് വിശേഷിപ്പിച്ചതും കിമ്മിനെ വീഴ്ത്താനുള്ളൊരു തന്ത്രം തന്നെയായിരുന്നു.

Yoon Suk Yeol

അതേസമയം, ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോളിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പ്രക്ഷുബ്ധതയില്‍ കുടുങ്ങിക്കിടക്കുന്ന ദക്ഷിണകൊറിയയെ സംബന്ധിച്ചിടത്തോളെ ഇതെല്ലാം ഒരു വെല്ലുവിളിയാണ്. ആണവനിരായുധീകരണത്തില്‍ ഉത്തരകൊറിയയ്ക്ക് അമേരിക്ക നല്‍കുന്ന ഇളവുകള്‍ ദക്ഷിണ കൊറിയയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്നതു കൂടിയാണ്. റഷ്യയടക്കമുള്ള മറ്റ് ആണവശേഖരമുള്ള രാജ്യങ്ങളോട് ആണബലം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് പറഞ്ഞ ട്രംപ് പക്ഷെ ഇക്കൂട്ടത്തിലൊന്നും ഉത്തരകൊറിയയെ ഉള്‍പ്പെടുത്തിയിട്ടുമില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്കൊരു ഭീഷണിയായി വളര്‍ന്ന് വരുന്ന ഉത്തരകൊറിയയെ കൂടെ നിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നിയ ട്രംപ് അതിനായി ചെയ്ത കാര്യങ്ങളൊക്കെ നേരത്തെ പരാജയപ്പെട്ടിരുന്നു. ഇനി എന്തൊക്കെയാണ് ട്രംപ് അതിനായി ചെയ്ത് കൂട്ടുകയെന്നതാണ് കാണേണ്ടത്, പക്ഷെ ഈ നീക്കങ്ങളൊക്കെ നടക്കുന്നതില്‍ കൂടുതല്‍ പൊല്ലാപ്പിലാകുന്നത് ദക്ഷിന്‍കൊറിയയാണെന്നതാണ് മറ്റൊരു സത്യം.

വീഡിയോ കാണാം…

Share Email
Top