ലോക ജനതയിൽ ബഹുഭൂരിപക്ഷവും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്കയുടെ തോൽവിയാണ്. അതു കൊണ്ടാണ് പശ്ചിമേഷ്യയിൽ പരക്കെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ജനങ്ങൾ ആഘോഷിച്ചത്. ഇപ്പോഴും വിയറ്റ്നാമുമായുള്ള അമേരിക്കയുടെ യുദ്ധം അനവധി പേരാണ് ഗൂഗിളിൽ തിരയുന്നത്. അരലക്ഷത്തോളം അമേരിക്കൻ സൈനികൾ, കമ്യൂണിസ്റ്റ് പോരാളികളാൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക വിയറ്റ്നാമിൽ നിന്നും പലായനം ചെയ്തിരുന്നത്.
അഹങ്കാരവും, ധാർഷ്ട്യവും കൈമുതലായ അമേരിക്കയിൽ താരതമ്യേന മാനുഷിക മുഖമുള്ള ഒരു പ്രസിഡൻ്റ് ഉണ്ടായത് 2009 -2017 കാലഘട്ടത്തിലാണ്. ബരാക് ഒബാമ എന്ന കറുത്ത വംശജനായിരുന്നു അക്കാലത്ത് അമേരിക്ക ഭരിച്ചിരുന്നത്. ഇറാനുമായി ഒരു കരാർ ഉണ്ടാക്കിയതും പരസ്പരം നല്ല ബന്ധത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് പോയതും ഈ കാലഘട്ടത്തിൽ തന്നെയാണ്. ഒബാമ താല്പര്യമെടുത്ത് കൊണ്ടു വന്ന ഈ കരാർ റദ്ദാക്കിയാണ് ഇപ്പോഴത്തെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകത്തിൻ്റെ സമാധാനം കെടുത്തിയിരിക്കുന്നത്. ഇറാനെ ആക്രമിച്ച അമേരിക്കയ്ക്ക് അവർ ലക്ഷ്യമിട്ട ഒന്നും തന്നെ ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ലന്നു മാത്രമല്ല വലിയ വിലയും കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. അത് ഇനിയും തുടരാൻ തന്നെയാണ് സാധ്യത. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായി ഇരിക്കുന്ന കാലത്തോളം അമേരിക്ക പോലും സുരക്ഷിതമാണെന്ന് നമുക്ക് പറയാൻ സാധിക്കുകയില്ല. കാരണം അത്രയ്ക്കും വലിയ ഭീഷണി ആ രാജ്യം ഇപ്പോൾ നേരിടുന്നുണ്ട്.
ഇറാൻ, റഷ്യ , ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ തന്ത്രപ്രധാനമായ ചില ധാരണകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. റഷ്യ-ഉത്തര കൊറിയ പ്രതിരോധ കരാർ തന്നെ നിലവിലുണ്ട്. അതുപോലെ തന്നെ ഇറാനുമായും റഷ്യക്ക് ചില കരാറുകളുണ്ട്. പരസ്യമായി അമേരിക്കയ്ക്ക് എതിരെ റഷ്യ യുദ്ധത്തിന് ഇറങ്ങിയിട്ടില്ലങ്കിലും പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യം തെറ്റാതെ ആക്രമിക്കാൻ ഇറാന് സഹായകരമായത് റഷ്യൻ സാറ്റ്ലൈറ്റ് സഹായങ്ങൾ കൊണ്ടാണ്. ഇക്കാര്യം സിഐഎ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാൻ ഇപ്പോൾ പൂർണ്ണ സജ്ജമായി നിൽക്കുന്നതും ഈ ആത്മവിശ്വാസം കൊണ്ടാണ്. മാത്രമല്ല വൻ നാശം വിതയ്ക്കാവുന്ന പല ആയുധങ്ങളും , ടെക്നോളജിയും റഷ്യ ഇറാന് കൈമാറിയതായ വിവരവും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇത് അമേരിക്കയെ ആശങ്കയിലാഴ്ത്തുന്ന കാര്യങ്ങളാണ്.
അതുപോലെ തന്നെ അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും നിരന്തരം വെല്ലുവിളിക്കുന്ന ഉത്തര കൊറിയക്കും പ്രധാന സഹായി ഇതേ റഷ്യ തന്നെയാണ്. ചൈനയേക്കാൾ ഇപ്പോൾ ഉത്തര കൊറിയ അടുപ്പം പുലർത്തുന്നത് റഷ്യയോടാണ്. കരാർ പ്രകാരം ഉത്തര കൊറിയയെ ഏത് രാജ്യം ആക്രമിച്ചാലും തിരിച്ച് ആക്രമിക്കാൻ റഷ്യ ബാധ്യസ്ഥരാണ്. അതുകൊണ്ടു തന്നെ ഉത്തര കൊറിയക്ക് നേരെ തിരിയുന്നതിന് മുൻപ് 100വട്ടം ശത്രുക്കൾക്ക് ആലോചിക്കേണ്ടതായി വരും. തന്റെ ഒറ്റ വാക്കിന് തുമ്പിൽ അമേരിക്കയെയും സഖ്യകക്ഷികളെയും പലവട്ടം വിറപ്പിച്ചു നിർത്താൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. അണുബോംബുകൾ കയ്യിൽ ഉള്ളത് കൊണ്ടു മാത്രമല്ല അത് പ്രയോഗിക്കാൻ ഒരു മടിയും ഇല്ലാത്ത ഭരണാധികാരിയാണ് കിം എന്നതിനാലാണ് ട്രംപ് ഉൾപ്പെടെ സകലരും ഉത്തര കൊറിയയെ പേടിക്കുന്നത്.
ഒരു മുന്നറിയിപ്പും നൽകാതെ ആണവ പോർമുനയുള്ള മിസൈലുകൾ വരെ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചിട്ടുള്ള ഭരണാധികാരിയാണ് കിം ജോങ് ഉൻ. ഈ കിമ്മിൻ്റെയും കൂട്ടരുടെയും ഇപ്പോഴത്തെ ‘ആയുധ’ങ്ങളിലൊന്നാണ് ഉച്ചഭാഷിണി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചഭാഷിണി കൊണ്ട് എങ്ങനെ യുദ്ധം ചെയ്യുമെന്നാണ് ആലോചിക്കുന്നതെങ്കിൽ കൊറിയക്കാർക്ക് അത് പുതുമയല്ലെന്നു തന്നെ പറയേണ്ടി വരും. ഒരുകാലത്ത് ഇത്തരത്തിൽ ഉച്ചഭാഷിണി കൊണ്ട് തുടങ്ങിയ അയൽപ്പോര് യഥാർഥ യുദ്ധത്തിന്റെ പടിവാതിൽക്കൽ വരെയെത്തിയ ചരിത്രവും ഉണ്ട്. അതുകൊണ്ടുതന്നെ ഇതിനെയൊന്നും ഒരു തമാശക്കളിയായി തള്ളിക്കളയാൻ കഴിയുകയില്ല.
കിമ്മിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകൾ പാശ്ചാത്യ ലോകത്ത് പ്രചരിക്കുന്ന ഈ ഘട്ടത്തിൽ, കിമ്മിൻ്റെ സഹോദരി കിം യോ ജോങ്ങിന്റെ ഒരു മുന്നറിയിപ്പ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇനിയും ഇടപെടാനാണ് ഭാവമെങ്കിൽ വലിയ പ്രത്യാഘാതങ്ങളാകും നിങ്ങളെ കാത്തിരിക്കുന്നത് എന്നാണ്ട് അമേരിക്കൻ സഖ്യകക്ഷിയായ ദക്ഷിണ കൊറിയക്ക് കിമ്മിൻ്റെ സഹോദരി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മുതിർന്ന സൈനിക മേധാവികൾക്കൊപ്പം അതിർത്തി സന്ദർശിച്ച ശേഷമാണ് കിം യോ ജോങ് ഈ നിർണായക പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയയ്ക്കെതിരെ കൂറ്റൻ ഉച്ചഭാഷിണികൾ അതിർത്തിയിൽ ഉടനീളം വീണ്ടും മുഴങ്ങുമെന്ന അന്ത്യശാസനവും അവർ നൽകിയിട്ടുണ്ട്.
തങ്ങൾക്കെതിരെ ദക്ഷിണ കൊറിയൻ സേന അതിർത്തിയിലെ പല ഭാഗങ്ങളിലായി മുന്നറിയിപ്പു വെടിവയ്പുകളും പ്രക്ഷേപണങ്ങളും നടത്തുകയാണെന്നും അതിന് ഉചിതമായ മറുപടിയെന്ന നിലയ്ക്കാണ് ഉച്ചഭാഷിണി പ്രയോഗമെന്നുമാണ് കിം യോ ജോങ്ങ് പറയുന്നത്.
ദക്ഷിണകൊറിയയുടെ ഉച്ചഭാഷിണികളെ ഒതുക്കാനായി ഉത്തരകൊറിയ പീരങ്കികളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതു പിന്നീട് പരസ്പരമുള്ള വെടിവയ്പിലാണ് കലാശിച്ചതെങ്കിലും ആർക്കും ആളപായമുണ്ടായിട്ടില്ല. 2025 ജൂണിൽ അധികാരത്തിലേറിയതിനു പിന്നാലെ ഇരു കൊറിയകളുടെയും സംഘർഷം ഒഴിവാക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് പലവിധത്തിൽ ശ്രമിച്ചു വരുന്നതിനിടെയാണ് ഉച്ചഭാഷിണി ഭീഷണിയുമായി കിമ്മിന്റെ സഹോദരിയുടെ രംഗപ്രവേശം ഉണ്ടായിരിക്കുന്നത്.
1950–1953ലെ കൊറിയൻ യുദ്ധം വെടിനിർത്തൽ കരാറിലൂടെ അവസാനിച്ചതിനെത്തുടർന്ന് രൂപീകരിക്കപ്പെട്ട സൈനികരഹിത മേഖലയാണ് ഇപ്പോൾ സംഘർഷാവസ്ഥ നിലനിൽക്കുന്നത്. പരസ്പരം ആയുധമെടുക്കാത്ത എന്നാൽ കേൾക്കുന്നവരെ ഏറെ അസ്വസ്ഥമാക്കുന്ന മനഃശാസ്ത്രപരമായ ഈ യുദ്ധമുറയെ ‘കൊറിയൻ ലൗഡ്സ്പീക്കർ യുദ്ധം’ എന്നാണ് വിളിക്കുന്നത്. ഇക്കഴിഞ്ഞ മുപ്പതു വർഷത്തിനിടെ മൂന്നു തവണ ഉച്ചഭാഷിണികളുമായി ഇരു കൊറിയൻ സംഘവും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഈ മൂന്നു തവണയും ദക്ഷിണ കൊറിയയായിരുന്നു ഇതിനു തുടക്കമിട്ടത്. എന്നാൽ ഉത്തര കൊറിയ കടുപ്പിച്ചതോടെ ദക്ഷിണ കൊറിയ ആണ് ഇപ്പോൾ ശരിക്കും ഭയന്നിരിക്കുന്നത്.
ഉത്തര കൊറിയ ഉച്ചഭാഷിണികളിലൂടെ പ്രക്ഷേപണം ചെയ്യുന്നത് അസ്വസ്ഥതയുളവാക്കുന്ന ഹൈബീം ശബ്ദങ്ങളാണ്. അതായത് സൈറണുകൾ, ഡ്രമ്മിന്റെ ശബ്ദം, ലോഹം ഉരസുന്നതുപോലെയുള്ള ശബ്ദങ്ങൾ തുടങ്ങിയവയാണിത്. ദക്ഷിണ കൊറിയയാകട്ടെ സർക്കാരിന്റെ അറിയിപ്പുകൾ, ലോകവാർത്തകൾ, കാലാവസ്ഥാ അറിയിപ്പുകൾ, കെ-പോപ് സംഗീതം എന്നിവയാണ് അതിർത്തിയിൽ കേൾപ്പിക്കുന്നത്. ഇതിൽ കെ-പോപ് സംഗീതം ഉത്തര കൊറിയയിൽ നിരോധിച്ചതാണ്. ദക്ഷിണ കൊറിയയുടെ ഉച്ചഭാഷിണികളെ മുൻപ് ഉത്തര കൊറിയ നേരിട്ടത് പീരങ്കികളുമായാണെങ്കിൽ, സമാനമായ സാഹചര്യം തന്നെയാണ്, നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴും അതിർത്തിയിലുള്ളത്. അമേരിക്കയെ സംബന്ധിച്ചും ഇത് വലിയ വെല്ലുവിളിയാണ്. ഇറാനുമായുള്ള അമേരിക്കൻ സംഘർഷം മൂർച്ചിക്കുന്ന ഘട്ടത്തിൽ, ഉത്തര കൊറിയ, തങ്ങളുടെ സഖ്യകക്ഷിയെ ആക്രമിക്കുമോ എന്നതിലാണ് അമേരിക്കയുടെ ആശങ്ക. അമേരിക്കൻ സൈനിക സഹായം പ്രതീക്ഷിച്ച് മാത്രം മുന്നോട്ട് പോകുന്ന രാജ്യമാണ് ദക്ഷീണ കൊറിയ എന്നതിനാൽ പശ്ചിമേഷ്യയിലെ സംഘർഷം അതിർത്തി കടന്ന് കൊറിയകളിലേക്കും വ്യാപിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.
അമേരിക്കൻ സെനറ്റിലും ജനപ്രതിനിധി സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ട്രംപിൻ്റെ പാർട്ടിയായ റിപ്പണ്ണിക്കൻ പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഇനി ട്രംപിന് ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതിന് പരിമിതികൾ ഉണ്ടാകുമെങ്കിലും, ട്രംപ് അതും ലംഘിക്കുമോ എന്നതും കണ്ടു തന്നെ അറിയേണ്ടതുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
EXPRESS VIEW
വീഡിയോ കാണാം;






